
ഇതു മഞ്ഞുകാലം..
പകലന്തിയായി, വര്‍ണ്ണാഭമായി മാനം,
പകലോനുറങ്ങി, രാത്രിമഴ പെയ്തുറങ്ങി,
വീഥികളൊഴിഞ്ഞു, വഴി ബാക്കിയായി,
മൂടുപടം വീണു, ഇന്നവനുറക്കമായി..
നിലാവുറങ്ങുന്നൊരീ നഗര വീഥിയില്‍-
തൂവെള്ള തൂവും നിലാവോ, പാലാഴിയോ?
ആയിരം ശലഭങ്ങളൊന്നിച്ചിറങ്ങിയോ?
അതോ മേഘം പൊടിഞ്ഞിങ്ങു പോന്നതാണോ?
കതിരവനുണര്‍ന്നു കണികാണുവാനായ്,
മഞ്ഞില്ക്കുളിച്ചവള് നിന്നു ചാരെ..
കതിരവനുണര്‍ന്നു, കണ്‍പാര്‍ത്ത നേരം,
നോക്കി നിന്നുപോയ്, നിര്‍ന്നിമേഷനായി..
ശുഭ്രവസ്ത്രാംഗിതയാം തോഴിയോടായ്
കതിരോന്‍ മൊഴിഞ്ഞു, മലര് മേനി നോക്കി
ഞാനുറങ്ങീടവേയെന്തിനെന് തോഴി നീ
തുമ്പപ്പൂ മൂടിയതീവണ്ണം നിന് മേനിയെ?
ഒരു നിറകണ്‍ചിരിയുമായ്, മൂകയായ്,
അവളൊരു നിമിഷനേരം തല കുനിച്ചു..
തെല്ലൊന്നു വെമ്പി, പുല്കിയാളവനെ,
കാതില്‍ മന്ത്രിച്ചു, "ഇതു മഞ്ഞുകാലം"..




