Wednesday, November 30, 2005

പരീക്ഷ(ണം)...



ഏറണാകുളം ഇടപ്പള്ളിയിലെ മഹത്മാഗാന്ധി സര്‍വ്വകലാശാലയുടെ സെന്റെറില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലം. പതിവുപോലെ പരീക്ഷയുടെ ഡേറ്റുകള്‍ നോട്ടീസു ബോര്‍ഡില്‍ ഇട്ടു.. ഞങ്ങള്‍ എല്ലാവരും എല്ലായ്പ്പോഴും പഠിക്കുന്ന നല്ല്ല കുട്ടികള്‍ ആയിരുന്നതിനാല്‍ സിലബസ്സ്‌ പുസ്തകം തപ്പി ഓട്ടം തുടങ്ങി. വിഷയങ്ങള്‍ ഏതെല്ലാമാണെന്നു കണ്ടുപിടിച്ചാലല്ലെ ഏതു പുസ്തകം ആണു വേണ്ടതെന്നു നോക്കാന്‍ പറ്റൂ? അതു ആദ്യം കിട്ടിയ ഞങ്ങള്‍ കുറച്ചു പേര്‍ ബെന്‍ ജോണ്‍സണ്‍ സ്റ്റെയിലില്‍ ലൈബ്രേറിയുടെ ഫിനിഷിംഗ്‌ പോയിന്റ്‌ കടന്നു. വരവു കണ്ടപ്പോഴെ ഇന്‍ ചാര്‍ജ്ജായ ശോഭ ചേച്ചിക്കു കാര്യം പിടികിട്ടി. "ഡേറ്റ്‌ വന്നു, ല്ലെ?" എന്ന ചോദ്യത്തിനു ഒരു ചിരിയും മൂളലും മറുപടിയായി സമ്മാനിച്ച്‌ ഞങ്ങള്‍ ഷെല്ഫുകള്‍ക്കിടയിലേക്കു മുങ്ങി. സാധാരണയായി ആറു മാസത്തില്‍ ഒരിക്കലെ ഞങ്ങള്‍ മിക്കവരും ചേച്ചിയെ ബുദ്ധിമുട്ടിക്കാരുള്ളൂ. കയ്യില്‍ തടഞ്ഞ രണ്ട്‌-മൂന്ന് കിലോ തൂക്കം വരുന്ന 'ചെറിയ' മൂന്നു നാലു പുസ്തകങ്ങളുമായി ഞാന്‍ പതിയെ ചേച്ചിയുടെ അടുത്തേക്കു നടന്നു. കൂട്ടത്തില്‍ ഏറ്റവും 'ചെറിയ' തെരെജ ആന്‍ഡ്‌ തെരെജയുടെ ഇലക്ട്രിക്കലിന്റെ പുസ്തകം (ഒരിക്കലെങ്കിലും അതിന്റെ കമ്പ്ലീറ്റ്‌ വെര്‍ഷന്‍ കണ്ടവരാരും അതിനെ മറക്കില്ല എന്ന് കാര്യം ഉറപ്പ്‌!!) ഏറ്റവും മുകളിലുരുന്നു എന്നെ പല്ലിളിച്ച്‌ കാട്ടി.. "ഇത്‌ ഒത്തിരിയുണ്ടല്ലാ? ഇതും കൊണ്ടെങ്ങിനാ വീട്ടീ പോണെ?" എന്ന ചേച്ചിുടെ ചോദ്യം ഒരു വലിയ ചോദ്യ ചിഹ്നമായി എന്റെ മുന്നില്‍ നിവര്‍ന്നു. ചേച്ചി കളിയാക്കിയതല്ലാ, കാര്യം സീരിയസാണ്‌.. പോരത്തതിനു വെള്ളിയാഴ്ചയാണ്‌, ട്രെയിന്‍ പിടിക്കാനുള്ളതാണു വൈകീട്ട്‌. നല്ലൊരു ചിരി വീണ്ടും ചേച്ചിക്ക്‌ സമ്മാനിച്ചു തിരക്കിനിടയിലൂടെ ഞാന്‍ പുറത്തേക്കു നീങ്ങി, ഓവര്‍ ലോഡ്‌ കയറ്റിയ കാളവണ്ടി പോലെ.



ഒരു വിധം ക്ലാസ്സില്‍ എത്തിയ ഞാന്‍ അവസാനം ആ കടുത്ത തീരുമാനമെടുത്തു. എല്ലാം ജീന്‍സ്‌ കൊണ്ട്‌ ഡബിള്‍ സ്റ്റിച്ച്‌ ചെയ്ത എന്റെ സന്തത സഹചാരിയെക്കൊണ്ട്‌ ചുമപ്പിക്കാന്‍.. പതിവായി കൊണ്ട്‌ നടക്കാറുള്ള എസ്മ(എസ്സന്‍ഷിയല്‍ സര്‍വ്വീസസ്‌ മെയിന്റെന്‍സ്‌ ആക്സസ്സറീെസ്‌ - ആക്റ്റ്‌ അല്ല) മുഴുവന്‍ സെക്യൂരിറ്റി ഭായിയുടെ റൂമില്‍ വെച്ച്‌ എന്റെ അന്നത്തെ സമ്പാദ്യം എല്ലാം ബാഗിലേക്കു നിറച്ചു. നടന്നെത്താന്‍ പതിവിലും വൈകിയതിനാല്‍ കിട്ടിയ കലൂര്‍ ബസ്സില്‍ ഞാന്‍ ചാടിക്കയറി. അട്ടിമറിക്കാരെക്കൊണ്ട്‌ എടുപ്പിക്കേണ്ട ഭാരം മുഴുവന്‍ ഒറ്റക്കു ചുമെക്കേണ്ടി വന്നതിലുള്ള പ്രതിഷേധം മൌനമായി പ്രകടിപ്പിച്ചിരുന്ന എന്റെ സഹചാരി 'പ്രക്‌' എന്നൊരു ശബ്ദത്തോടെ തന്റെ മൌനം വെടിഞ്ഞുകൊണ്ട്‌ എന്നെ കൈവിട്ടു. പിന്നില്‍ നിന്നു ഒരു ഞരക്കം നല്ല പുളിച്ച ഒരു തെറിയില്‍ അവസാനിക്കുന്നത്‌ കേട്ടു. തിരിഞ്ഞു നോക്കി നല്ലൊരു ഇളിയും സോറിയും പാസ്സാക്കിയിട്ടു ഞാന്‍ എന്റെ സഹചാരിയെ നീക്കി എന്റെ അടുത്തേക്കു വെച്ചു.



കലൂരില്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഒരു ചെരുപ്പ്‌ നന്നാക്കുന്ന ഒരു അപ്പൂപ്പന്‍ ഉണ്ടായിരുന്നു ആ സമയത്ത്‌. ഭാരമിറക്കിവെച്ച്‌ എന്റെ സഹചാരിയെ ഞാന്‍ അദ്ദേഹതിന്റെ കയ്യിലേല്‍പ്പിച്ചു. എന്റെ അടുത്ത്‌ ഒരു അമ്പത്‌ വയസ്സുള്ള ഒരു അമ്മാവന്‍ ബസ്‌ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. കുറച്ച്‌ നേരം സ്ഥിതി ഗതികള്‍ വീക്ഷിച്ച അദ്ദേഹം, എനിക്കെതിരെ ഒരു ചോദ്യമെറിഞ്ഞു.. "മൊനെ, ഇപ്പൊ ഈ ഡിക്ഷ്ണറിക്കൊക്കെ എന്തുട്ടാ വെല?".. ചോദ്യതില്‍ നിന്നു ആള്‍ ത്രിശ്ശൂരാണെന്നു മനസ്സിലായി. പക്ഷെ ചോദ്യതിന്റെ സാംഗത്യം മനസ്സിലായില്ല. 'ഒരു നൂറു നൂറ്റമ്പത്‌ വരുമായിരിക്കും' ഞാന്‍ മറുപടി കൊടുത്തു. ഒരു നിമിഷം ആലോചിച്ച അദ്ദേഹം അടുത്ത ചോദ്യശരം എന്റെ നെഞ്ചിലേക്കെയ്തു. "ഓര്‍ഡര്‍ ചെയ്താല്‍ മോന്‍ എത്ര നാള്‍ക്കുള്ളില്‍ വീട്ടിലെക്കു ഡെലിവര്‍ ചെയ്യും?"

Tuesday, November 29, 2005

കാത്തിരിപ്പ്‌....

ഭയാശങ്കയേതുമില്ലാതെ സര്‍വ്വദാ
ജീവിച്ചിരുന്നു പല മാനവര്‍ ഭൂമിയില്‍
എത്രയോ പുനര്‍ജ്ജന്മത്തിലാണത്രെ
ഈ മര്‍ത്യ ജന്മം ഭൂവില്‍ ജനിച്ചത്‌

എന്തിനെന്നറിയാത്തൊരീ പാച്ചിലില്‍
എന്തിനീ ത്വര, കത്തിജ്വലിക്കുവാന്‍?
ഒരു രുദ്ര വീണയും മീട്ടിയെന്‍ ഹൃത്തിന്റെ
ജാലകവാതിലില്‍ വന്നു മുട്ടിയതെന്തിനോ?

നിദ്ര പൊയ്‌ മിഴി പാതിത്തുറന്നു ഞാന്‍
എത്ര മോഹിച്ചിരുന്നൊരുനോക്കു കാണുവാന്‍
എങ്കിലും നീ വന്നില്ലൊരിക്കലും, പൂമുഖ -
വാതില്‍പ്പടി കടന്നെന്‍ മനം പുല്‍കുവാന്‍.

ഈ ജാലകപ്പടിവാതിലില്‍ ഏകനായ്‌
നിദ്രാ വിഹീനനായ്‌ ഞാനിരിപ്പൂ
സ്വപ്ന ലോകത്തിന്റെ ഈ പടിവാതിലില്‍
ഒരു വേഴാമ്പലായ്‌ ഞാനിരുപ്പൂ.

ഒരുപാടു സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കും
ഒരു ഭൂതവേഷമായ്‌ ഞാന്‍ മാറിയെക്കാം
എങ്കിലും നീ വന്നില്ലൊരിക്കലും, പൂമുഖ -
വാതില്‍പ്പടി കടന്നെന്‍ മനം പുല്‍കുവാന്‍.

എന്റെ നാട്‌...


പ്രിയപ്പെട്ടവരെ,
ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ എന്റെ ഈ ഏകാന്ത പഥനം ഞാനിവിടെത്തുടങ്ങട്ടെ.. എന്റെ മാതാപിതാക്കളുടെ സ്നേഹം എന്റെ പാഥേയമായിടട്ടെ..

എത്ത്ര ചിന്തിച്ചില്ല ഞാനെന്റെയീ
കൊച്ചു നാടെത്ത്ര സുന്ദരം, സുഖപ്രദം,
അന്യമാവുന്നുവോ സുസ്മേര വദനനായ്‌
പാലൊളി തൂകും എന്‍ സുന്ദര ദിവാകരന്‍?

എത്രയോ സന്ധ്യകള്‍ ചായങ്ങള്‍ ചാലിച്ച
എന്റെ നാടിന്റെ പാടത്തിറക്കും,
വയലേല തന്നിലെ താമരക്കുളവും,
പവിഴമണി പേറുമാ ചെത്തിച്ചെടിയും,

എനിക്കന്യമാവുന്നുവോ ഞാന്‍ ആദ്യമായ്‌
പിച്ച നടന്നൊരാ മുറ്റം?
എത്ത്ര ചിന്തിച്ചില്ല ഞാനെന്റെയീ
കൊച്ചു നാടെത്ത്ര സുന്ദരം, സുഖപ്രദം.....