Thursday, March 02, 2006

പരീക്ഷ(ണം) - 2

ക്ലാസിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന ആര്‍ക്കോ പെട്ടെന്നൊരു വെളിപാടുണ്ടായി.. മാസത്തിലൊരിക്കലെങ്കിലും പതിവുള്ള 'കൂടല്‍' മഹാമഹം നടത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!!! അതിന്നങ്ങന്നു നടത്തിയാലെന്താ? ഇനിയാണെങ്കില്‍ വര്‍ഷമവസാനിക്കന്‍ അധികം സമയവുമില്ല. ആ വെളിപാട്‌ ബാക്കിയെല്ലാവര്‍ക്കും നിര്‍ല്ലോഭം പകര്‍ന്നു നല്‍കി ആ മാന്യ സുഹൃത്ത്‌ വീണ്ടും നിദ്രാധീനനായി. ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ അതെല്ലാവരും കൂടി സ്വീകരിക്കുന്ന ഒരു മാതൃകാ കുടുംബം പൊലെയായിരുന്നു എന്റെ ക്ലാസ്‌. വിഷയമിതായതുകൊണ്ട്‌ തീരുമാനത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. എല്ലാവരും (വീണ്ടും) ഒറ്റക്കെട്ട്‌!. നിശ്ശബ്ദവോട്ടില്‍ ഇത്ര നന്നായി നിയമ സഭ പോലും ഒരു തീരുമാനം എടുത്തു കാണാന്‍ വഴിയില്ല. എല്ലാം കഴിഞ്ഞപ്പോള്‍, ഒരുത്തന്‍ എന്നെ തോണ്ടി ഇപ്രകാരം അരുളിച്ചെയ്തു "ഡാ, നമ്മ എല്ലാരും ഇന്നു നിന്റെ വീട്ടില്‍ കൂടണയാണ്‌ ട്ടാ.. " എനിക്കു പെട്ടെന്ന് ഒന്നും പിടികിട്ടിയില്ല.. എന്റെ തലയിലൂടെ ഒന്നും ഓടിയില്ലെന്നു മനസ്സിലായ അടുത്ത സുഹൃത്ത്‌ പിന്നില്‍ നിന്നും 'ഇടതുകൈ വലതുകൈമുട്ടില്‍ ചേര്‍ത്ത്‌ ' സിഗ്നല്‍ കാട്ടി.. എല്ലാം മനസ്സിലായി..

ഉച്ചകഴിഞ്ഞുള്ള ക്ലാസില്‍ എല്ലവരും ഉറക്കം തൂങ്ങി ഇരിക്കുന്നതു മാത്രം കണ്ട്‌ ശീലമുള്ള റ്റീച്ചര്‍ക്കു ആകെപ്പാടെ ഒരു സ്ഥലജല വിഭ്രാന്തി.. പതിവില്ലാതെ എല്ലവരും ഭയങ്കര ഊര്‍ജ്ജ്വസ്വലര്‍! ഒരു നിമിഷത്തെങ്കിലും ഞങ്ങള്‍ നന്നായി എന്നു പാവം റ്റീച്ചര്‍ വിചാരിച്ചു കാണും.. മുന്നില്‍ ക്ലാസു പൊടിപൊടിക്കുമ്പോള്‍, പിന്നാമ്പുറത്തു വേറെ ഒരു ചര്‍ച്ച ചൂടു പിടിക്കുന്നുണ്ടായിരുന്നു.. പിറ്റേന്നും ക്ലാസുള്ളതാണ്‌, "വേണമോ വേണ്ടയൊ, വേണമോ വേണ്ടയോൊ, " എന്നു പാടി തുടങ്ങിയ സംശയത്തിനെ, മൃഗീയ ഭൂരിപക്ഷം ചേര്‍ന്ന് അടിച്ചൊതുക്കി. അവസാന തീരുമാനം: ഇന്നു ആകാശം ഇടിഞ്ഞു വീണാലും നമ്മ കൂടിയിരിക്കും.. അടിക്കാത്ത, രാവിലെ തല പൊന്തുന്നവര്‍ രാവിലെ മോഹനേട്ടന്റെ കടയില്‍ നിന്ന് സംഭാരം വാങ്ങി, ബാക്കി എല്ലാവരെയും പൊക്കി, കുളിപ്പിച്ച്‌ പൌഡര്‍ ഇടീച്ച്‌ ക്ലാസ്സില്‍ കൊണ്ടുപോണം.. "അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും" എന്നു പ്രഖ്യാപിച്ച സന്തോഷത്തില്‍, എല്ലാവരും പിരിഞ്ഞു. പകലന്തിയായി, വര്‍ണ്ണാഭമായോന്നറിയന്‍ പാടില്ല, എന്തായാലും ഓരോരുത്തരായി ഹാജര്‍ വെച്ചു. ആണ്‍ഭൂരിപക്ഷമുള്ള ക്ലാസിന്റെ ആണ്‍പടയിലെ മിക്കവരും ഹാജര്‍! ഇത്രേം പേരു ക്ലാസ്സില്‍ കാണാറുണ്ടൊ എന്നതു സംശയമാണ്‌. എത്താനുള്ളവരെല്ലാം എത്തി,എത്താനുളളതെല്ലാം എത്തി. സമയം ഒരു 'പാമ്പിനേപ്പോലെ' ഇഴഞ്ഞു നീങ്ങി..

ഇതു വരെ കാണാത്ത സമയം കണ്ടപ്പോള്‍ പലര്‍ക്കും സമയം നോക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. അവസാനം, കുപ്പികള്‍ ഫൈനല്‍ വിസില്‍ ഊതിയപ്പോള്‍ 'കിടക്കാന്‍ ബാക്കിയുള്ള' എല്ലാവരും കിടക്കാന്‍ തീരുമാനിച്ചു. നേരത്തെ കിടപ്പിലായ ഒരു സുഹൃത്തിനെ ടെറസിലായിരുന്നു എല്ലാവരും ചേര്‍ന്നു സമാധിയാക്കിയത്‌. അവനിങ്ങനെ കുരിശില്‍ നിന്നിറക്കി കിടത്തിയ പോസില്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ ഒരു വലിയ ചോദ്യചിഹ്നം ആരോ എറിഞ്ഞു.. "എടാ, ഇവനിവിടെ മേലെ കിടക്കുമ്പൊ, നമ്മള്‍ താഴെ കിടന്നാ മോശമല്ലെ? നമുക്കിന്നു ഒന്നിച്ചിവിടെ മേലെ കിടന്നാ പോരെ? ഞാന്‍ പോലുമറിയുന്നതിനു മുന്‍പെ ആരോ പോയി കിടക്ക, പായ, തലയിണ തുടങ്ങി തുണിയായ തുണിയൊക്കെ മേലെ എത്തി.. ഇരുപതു പേര്‍ക്കു വിശാലമായി കിടക്കാന്‍ സ്ഥലം പോരായിരുന്നു. ഇതിനിടയില്‍ ഒരു ചെറിയ ഇട കണ്ടപ്പോള്‍ ഒരാള്‍ക്കു സഹിച്ചില്ല "ഹാാാാാാാാാാാായ്‌, സ്ഥലം!!!!!!!!!!!!!!" എന്ന ഒരു അലര്‍ച്ചയോടെ അവന്‍ ആ സ്ഥലത്തേക്കു മാറ്റ്‌ ബിയൊണ്ടി സ്റ്റാര്‍ട്ട്‌ എടുത്ത പോലെ കൂപ്പുകുത്തി. ചാടിയതു സിമന്റു തറയിലേക്കായതു കൊണ്ടും, 'ഉള്ളിലുള്ളതി'ന്റെ ബലം കയ്യിലേക്കാവഹിക്കാന്‍ അവനു സാധിച്ചതുകൊണ്ടും, ഇത്തിരി സ്ഥാനം തെറ്റി തൊടുകുറി ചാര്‍ത്തിക്കിട്ടിയ ബുഷ്‌ സ്റ്റെയിലില്‍ നെറ്റിയില്‍ നിന്നു 'കളര്‍' ഇളക്കി എഴുന്നേറ്റു പോന്നു.

അതിത്തിരി ഡെറ്റോള്‍ വെള്ളത്തില്‍ കഴുകി, അവനെ സൈഡാക്കിയപ്പൊളാണു ആരോ എന്റെ ഷേവിംഗ്‌ സെറ്റ്‌ കണ്ടെത്തിയത്‌.. അതു കണ്ടപ്പോള്‍ വേറെ ഒരു മാഷിനു അതിനു മൂര്‍ച്ചയുണ്ടോ എന്നറിയണം.. ചോദ്യത്തിന്റെ പിന്നാലെ അടുത്തയാള്‍ സംശയനിവാരണത്തിനുള്ള പരിഹാരം നിര്‍ദ്ദേശിച്ചു.. "ആര്‍ടെങ്കിലും മീശയൊന്നു വടിച്ച്‌ നോക്ക്യേടാ..". എല്ലാവരും ഞാനില്ലെ! എന്ന ഭാവം എടുക്കുമ്പോഴേക്കും, രണ്ടുമൂന്നാള്‍ ചേര്‍ന്നു കൂട്ടത്തില്‍ നല്ല കട്ടി മീശയുള്ളവനെ കേറി പിടിച്ചു കഴിഞ്ഞിരുന്നു. അവനവന്റെ ജീവന്റെ ജീവനായി കാത്തിരുന്ന മീശക്കിട്ടാണു ബാക്കിയുള്ളവര്‍ കത്തിയെടുക്കുന്നത്‌! കെട്ടിറങ്ങിയോ എന്തൊ, അവന്‍ മരണവെപ്രാളം കാട്ടി കുതറാന്‍ നോക്കിത്തുടങ്ങി.. പിന്നെ അവിടെ കണ്ടത്‌ ഡിസ്കവറി ചാനലില്‍ പിരാനാക്കൂട്ടത്തിലേക്കു ഇറച്ചിത്തുണ്ട്‌ ഇട്ടപോലെ ഒരു രംഗമായിരുന്നു.. ഇതിനിടയില്‍ റേസര്‍ കയ്യില്‍ വെച്ചിരുന്ന മഹാന്‍ അതെടുത്തു ബലമായി പിടിച്ച്‌ വെച്ചിരുന്ന 'ഇര'യുടെ മുഖത്തേക്ക്‌ 'മന്തന്‍ മന്തന്‍' അടുപ്പിച്ചു.. ഒരു അവസാന ശ്രമമെന്ന നിലയില്‍ ഒന്നു കുതറിയ ആ പാവത്തിന്റെ മീശയുടെ ഒരു വശം ദാ കിടക്കുന്നു താഴെ!

"മമ്മീ എന്റെ മീശാാാാാാാാാാാാാാാാാാാാ" എന്നൊരു അലര്‍ച്ച രാത്രിയെ കീറി മുറിച്ചു കടന്നു പോയി.. അതിന്റെ പിന്നോടിയായി അലര്‍ച്ച കരച്ചിലായി, അതു കൂട്ടക്കരച്ചിലായി.. ഒരുവിധം അതൊന്നടങ്ങിയപ്പോള്‍ ഇനി ഇവനെ രക്ഷിക്കാന്‍ എന്തു ചെയ്യും എന്ന ചോദ്യമായി.. അവന്റെ ഗ്ലാമര്‍, ഇമേജ്‌ എന്നു തുടങ്ങി പിടിച്ചാല്‍ കിട്ടാത്ത കാര്യങ്ങളിലല്ലേ, എല്ലാവരും ചേര്‍ന്നു കത്തി വെച്ചത്‌? അവസാനം എല്ലാവരും വീണ്ടുമൊരു തീരുമാനമെടുത്തു. പരിഹാരമായി എല്ലാവരും മീശയെടുക്കണം!! അതു പറഞ്ഞു തീര്‍ന്നില്ല, എല്ലാവരും റെഡി! ഒന്നൊന്നായി ഇരുപതാളും 'ക്ലീനായി'!!

ഞങ്ങള്‍ നാലഞ്ചുപേര്‍ നേരത്തെ എഴുന്നേറ്റു മോഹനേട്ടന്റെ കടയിലെത്തി. ചോദിക്കുന്നതിനു മുന്‍പെ മോഹനേട്ടന്‍ വെളുക്കനെ ചിരിച്ച്‌ ചോദിച്ചു - "എത്ര എണ്ണം വേണം?".. എല്ലാത്തിനേയും 'കുളിപ്പിച്ചു, പൌഡര്‍ ഇടീച്ചു' കോളേജിലേക്കു പുറപ്പെട്ടപ്പോള്‍ സമയം പത്ത്‌.. ഒോടി ചെല്ലുമ്പോള്‍ ഇത്തിരി നാടകീയതകൂടി ചേര്‍ക്കാന്‍, ഞങ്ങള്‍ ഈരണ്ടു പേര്‍ വീതമുള്ള സെറ്റ്‌ ആയി തിരിഞ്ഞു.. ആദ്യം, വലിയ വ്യത്യാസം കണ്ടാല്‍ തോന്നാത്ത (അതായതു ഏറ്റവും കുറച്ചു മീശ ഉണ്ടായിരുന്ന)ഞാനും വേറൊരാളും.. പിന്നെ കുറച്ചുകൂടി പ്രശ്നം തോന്നിക്കുന്ന രണ്ടാള്‍, അങ്ങിനെയങ്ങിനെ.. പതിനഞ്ചു മിനിറ്റിന്റെ ഇടവേളയില്‍, ക്ലാസിലെ ആണ്‍പട മുഴുവനും 'മീശരഹിതരായി' ഹാജര്‍! ഓരോരുത്തരുടെയും ഇന്ത്യന്‍ ക്രിക്കറ്റു പിച്ചു പോലുള്ള മുഖം പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ സ്ത്രീജനങ്ങള്‍ക്കു അപകടം മണത്തു. ചിരികള്‍ അടക്കിപ്പിടിച്ച കമന്റുകള്‍ക്കു വഴിമാറി, അതു കൂട്ടച്ചിരിയായി. ക്ലാസ്‌ എടുത്തിരുന്നതു ആ വര്‍ഷത്തെ ബാച്ചില്‍ ബിടെക്‌ കഴിഞ്ഞിറങ്ങിയ മീശമുളച്ചു തുടങ്ങിയ മാഷായിരുന്നു.മഴവില്ലിന്റെ ഏഴുനിറങ്ങളും, നവ രസങ്ങളും അദ്ദേഹത്തിന്റെ മുഖത്തു മിന്നിമറയുന്നതു ഞങ്ങള്‍ കണ്ടുനില്‍ക്കെ, ഒരു ഇടിവെട്ടും പോലെ അദ്ദെഹം അലറി.. "നിങ്ങളെന്തുവാ, എന്നെ കളിയാക്കുവാണോ??" അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ദേഷ്യത്തിനേക്കാളും സ്ഫുരിച്ചിരുന്ന ഭാവം ദയനീയതയായിരുന്നു...

വീണ്ടുമൊരു പരീക്ഷ(ണം)...


വിഭാഗം: ഓര്‍മ്മകള്‍