Tuesday, June 13, 2006

കാലൊച്ചകള്‍..

"ഹേയ്‌ യാ! ഗിവ്‌മീ ആള്‍ യോര്‍ മണീ, ഓര്‍ ഐം ഗോണാ ഷൂട്ട്‌ യാ!!"

പറഞ്ഞവനെ നല്ലോണം ഒന്നു നോക്കി.. ഒരു പതിനഞ്ച്‌ പതിനാറ്‌ വയസ്സുള്ള കറുമ്പന്‍ പയ്യന്‍, കുട്ടിത്തം വിടാത്ത ഒരു കുട്ടിയാന രൂപം, ഒരു മുക്കാല്‍ പാന്റ്‌, മുഷിഞ്ഞ ടീഷര്‍ട്ട്‌, കയ്യില്‍ ഒരു കറുത്ത തോക്ക്‌..

"ഓക്കെ, ഗോ എഹെഡ്‌, ഷൂട്ട്‌ മീ.."

"അബേ, പാഗല്‍ ഹോ ഗയാ ക്യാ?!!"

"ഐ വില്‍ ഷൂട്ട്‌, ഇഫ്‌ യു ഡോണ്ട്‌!!"

"ഐ ഹാവ്‌ ആള്‍റെഡി ടോള്‍ഡ്‌ യു, പ്ലീസ്‌ ഗോ എഹെഡ്‌ ആന്‍ഡ്‌ ഷൂട്ട്‌?"

"തൂ ക്യാ..!"

"ഡോണ്ട്‌ വാക്ക്‌ ഓണ്‍ റ്റു മീ?? ഐം ഗോണാ കില്‍ യോ $%% &^ * %$#%&!!"

"വാട്ട്‌ ആര്‍ യു വൈറ്റിംഗ്‌ ഫോര്‍?"

"ഐം കൌണ്ടിംഗ്‌ ടില്‍ ഫൈവ്‌.. വണ്‍, റ്റൂ, ത്രീ.."

അടുത്തു വരുന്ന ഒരു കൂട്ടം കാലൊച്ചകള്‍, പൊട്ടിച്ചിരികള്‍.. ഓടിയകലുന്ന കാലൊച്ചക്കിടയിലൂടെ കാറ്റില്‍ അലയടിക്കുന്ന ശബ്ദം....
"യോ $%%&ങ്‌ &^%$*സ്‌.."

"ഡോണ്ട്‌ വറി മാന്‍, യൂ ഓണ്‍ലി ഡൈ വണ്‍സ്‌.. തൂ ഏക്‌ ഹീ ബാര്‍ മറേഗാ.. ഓരോന്നിറങ്ങിക്കോളും കുറ്റീം പറിച്ചോണ്ട്‌, സമയം മെനക്കെടുത്താന്‍"

Tuesday, June 06, 2006

യാത്രാമൊഴി..

ഓമലേ നിന്‍ കവിള്‍ത്തട്ടിലന്നാദ്യമായ്‌
പുലര്‍കാല രശ്മികള്‍ പൂത്തു നില്‍ക്കേ,
പ്രിയസഖി രാധേ നിന്‍ മായിക ഭാവമെന്‍
മാനസപ്പൊയ്കയില്‍ അലകള്‍ നെയ്തു..

ഹൃദയ കവാടം തുറന്നു നീ വന്നുവെന്‍
സ്വര്‍ലോക വീണയില്‍ നവ രാഗമായി
അവനിയില്‍ പുതുജീവന്‍ നാമ്പിട്ട നാള്‍
മുതല്‍ ഒന്നായി നമ്മള്‍ കഴിഞ്ഞതാണോ?

എത്രയോ നാളുകള്‍, എത്രയോ തീരങ്ങള്‍
ഒന്നായി, നമ്മളൊന്നായ്‌ കടന്നു പോയി?
നാമൊഴുകുന്ന വഴികളില്‍ കാഴ്ച്ചകള്‍
കാഴ്ച്ചകള്‍ കണ്ടങ്ങ്‌ നിന്നു പോയോ?

ഒരു തിരിയാളുന്ന നേരത്തായെന്നോട്‌
കാറ്റിന്റെ കൈ പിടിച്ചോതീയവള്‍,
വഴിപിരിഞ്ഞീടുവാന്‍ നേരമായീ സഖേ,
നമുക്കൊന്നിച്ചു പോയിടാന്‍ വഴികളില്ല..

ഒരുമാത്രയെങ്കിലും വിറകൊണ്ടുവെന്‍ മനം
നിസ്സംഗനായി ഞാന്‍ നിന്നു പോയി..
ഇമവെട്ടിടാതങ്ങു നോക്കി നിന്‍ മിഴികളില്‍
ഞാനെന്റെ ഗദ്ഗദം മൂടി മെല്ലെ..

ഒരുപാടു സ്വപ്നങ്ങള്‍ നെയ്തു നാമൊന്നിച്ച്‌,
ഒരുപാട്‌ നാള്‍ കൊണ്ടു നടന്നതല്ലേ?
കൈകളില്‍ കൈകളാലെഴുതിയ കവിതകള്‍
കണ്ണുകള്‍ ചൊല്ലിയതോര്‍മ്മയില്ലേ?

മറക്കുവതെങ്ങനെ, മരിക്കുവതെങ്ങനെ,
നമ്മുടെ ഓര്‍മ്മകള്‍, പൊന്‍ വീണകള്‍..
മധു പെയ്ത രാവിലീ മാനസതീര്‍ഥത്തില്‍
അരയന്നമായ്‌ നാം തുടിച്ചിരുന്നു..

ഒരു വേള നീ മറന്നേക്കാമതെന്നാലും
എന്‍ മനം നിന്നെ മറക്കുകില്ല..
യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ
മല്‍ പ്രാണനോടിന്നെന്റെ ദേഹം?

യാത്രാമൊഴിയിതു ചൊല്‍ക നാം നമ്മോട്‌
യാത്രചോദിക്കുവാന്‍ വയ്യെങ്കിലും....
ഇനിയെന്നുകാണുമെന്നറിവീലയെങ്കിലും
വിട ചൊല്ലിടാമിന്ന് വാക്കുകളാല്‍

നിനവിന്റെ നിറവുകള്‍ തേടിടാം,പ്രിയസഖീ
നിസ്വാര്‍ത്ഥ പ്രണയത്തിന്‍ സാഫല്യമേ
എനിക്കെന്നോടു തന്നെയും വിടചൊല്ലിടാമിനി
അത്‌ നിന്നോടു ചൊന്നതില്‍ വലുതാകുമോ?

യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ
മല്‍ പ്രാണനോടിന്നെന്റെ ദേഹം?

യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ?