Saturday, November 11, 2006

ലാസ് വെഗാസിലേക്ക്..

നവംബര്‍ പന്ത്രണ്ട് ഞായറാഴ്ച്ച ഉച്ച മുതല്‍ പതിനാല് ചൊവ്വാഴ്ച്ച വൈകീട്ടു വരെ ലാസ് വെഗാസില്‍ ഉണ്ടാവും.താമസം വെഗാസ് സ്‌ട്രിപ്പിലെ ഈജിപ്‌ഷ്യന്‍ സാന്നിദ്ധ്യമായ ലക്സര്‍ ഹോട്ടലില്‍. പരിസരത്താരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക.


സസ്നേഹം.

Tuesday, October 31, 2006

ബ്ലോഗ്‌സ്വര -2



ബ്ലോഗ്‌സ്വര എന്ന ബ്ലോഗര്‍മാരുടെ സംഗീത കൂട്ടായ്മയിലെ രണ്ടാമത് ആല്‍ബം ഇന്നു പുറത്തിറങ്ങുന്നു.

അണിയറയിലെ താരങ്ങള്‍ക്ക് ആശംസകള്‍..

ബ്ലോഗ്‌സ്വര -2ഇന് എല്ലാ ഭാവുകങ്ങളും!

Wednesday, September 20, 2006

ധന്യ, നീ..

എന്നുമീ വാതില്‍ തുറന്നുവരുന്നൊരാ
നറു പുഞ്ചിരി കാണാന്‍ കൊതിച്ചിരിപ്പൂ
ഞങ്ങളെ സ്നേഹത്തിന്‍ പൂക്കളാല്‍ മൂടിയ
ഹൃദ്യമാം പുഞ്ചിരി, എങ്ങുപോയ് നീ?

അനുദിനമെന്നോണമേറുന്ന വേദന
പുഞ്ചിരിക്കുള്ളില്‍ മറച്ച പൂവേ
ഏവരുടെയും ചിരികള്‍തന്‍ മൂലമാം
നീയേയിതെങ്ങിന്നു പോയ് മറഞ്ഞൂ?

വേദനയേറിലും നിന്റെ ചിരിയാലെ
ഈയാരാമമെങ്ങും നിറഞ്ഞ പൂവേ,
നീയുമിന്നാരാമ ഭംഗിയില്‍നിന്നുയര്‍ന്നാ-
കാശഭംഗിയില്‍ പോയിയെന്നോ?

ധന്യ നീ, യെത്രയും ഓര്‍മ്മകള്‍മാത്രമായ്,
പര ശതം ജന്മങ്ങള്‍ ബാക്കിയായി..
നിന്‍ ചിരിയെന്നാലും മായില്ലൊരുനാളും,
ഞങ്ങള്‍ തന്‍ ഹൃത്തില്‍ നീ മഴയായിടും..

കണ്‍കള്‍ നിറക്കുന്നതിഷ്ടമല്ലെന്നാലും
നിറകണ്‍കളോടതു ചൊല്‍‌വതാമോ?
ഒരുപെരുമഴയങ്ങു പെയ്തിറങ്ങീയിന്നു
കാര്‍മേഘമില്ലാത്ത വിണ്ണില്‍നിന്നും..

നിന്‍ചിരിയെങ്കിലും മായില്ലൊരു നാളും
ഹൃദയത്തില്‍ കൊത്തിയ കവിതപോലെ..

നിന്‍ ചിരിയെന്നാലും മായില്ല.....
ധന്യ നീ.......

ഒരുപിടിയോര്‍മ്മകളും, ഒരുപിടി വേദനകളും മാത്രം ബാക്കിയാക്കി ഞങ്ങളുടെ ലോറ കടന്നു പോയി..

എപ്പോഴും ചിരിക്കാന്‍ മാത്രമറിയുന്ന, കാര്‍ന്നു തിന്നുന്ന ലിവര്‍ കാന്‍സറിന്റെ വേദനയില്‍ നടക്കാന്‍ ബുദ്ധിമുട്ടുമ്പോഴും മായാത്ത ചിരിയുമായി ഞങ്ങളുടെ എല്ലാ ജോലിക്കും എപ്പോഴും സഹായിക്കാന്‍ ഓടിയെത്തുമായിരുന്ന, കീമോതെറാപ്പിക്കായി വരുമ്പോള്‍ കൂടെ വരുന്ന ഭര്‍ത്താവിനോട് വാശിപിടിച്ച് ഞങ്ങളേക്കാണാന്‍ 25-ആം നിലയില്‍ കേറിയെത്തി മെല്ലെ എല്ലാവരേയും കണ്ട്, ചിരി വിതറിയിരുന്ന, പാവക്കുട്ടിയേപ്പോലിരിക്കുന്ന ഒരു പത്തുവയസ്സുകാരന്റെ അമ്മയായ, ഹവായി കടല്‍ത്തീരത്തിനെ അകമഴിഞ്ഞു സ്നേഹിച്ചിരുന്ന, പണിയിലെ ആത്മാര്‍ത്ഥതക്കും, പെര്‍ഫെക്റ്റ് അറ്റന്‍ഡന്‍സിനും കമ്പനിയുടെ അഞ്ചു വര്‍ഷത്തെ ജേതാവായിരുന്ന, ചീത്തപറയാനറിയാത്ത, വഴക്കു കൂടാനറിയാത്ത, ഞങ്ങളുടെ ലോറ പോയി...

ധന്യ നീ.......

ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കുകില്ലൊരിക്കലും നിന്നെയാരും... ആദ്യമായി കാണുന്ന ഒരാളെ ചിരപരിചിതനെന്നു തോന്നിപ്പിക്കുന്ന നിന്റെ ചിരിയും, നീ വിതറിയ സ്നേഹവും മറക്കുവതെങ്ങനെ?

ധന്യ നീ.......

ഇന്നു വൈകീട്ട് ഒരു ചെറിയ കൂട്ടത്തിലെ നിറഞ്ഞ കണ്ണുകളെ നോക്കി, ഞങ്ങളുടെ ഡയറക്ടറ് ഡയാന പറഞ്ഞതു പോലെ “Laura showed us how to smile in pain, and we should keep that smile on..“

നിന്റെ സാന്നിധ്യം മറക്കില്ലൊരിക്കലുമീ ചെറിയ കുടുംബം.. നിന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു ഞങ്ങള്‍, ലോറ..

ധന്യ നീ.......

-ഇന്നു ഞങ്ങളെ വിട്ടു പോയ ലോറ ബിര്‍ക്കിത്ത് എന്ന മായാത്ത പുഞ്ചിരിക്കു വേണ്ടി. ചരമക്കുറിപ്പ് ഇവിടെ

ഈ വരികള്‍ക്ക് അനംഗാരി മാഷ് ഇവിടെ ജീവന്‍ നല്‍കിയിട്ടുണ്ട്. മാഷിനു നന്ദി.

Friday, September 08, 2006

മഴ

അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു, മണ്ണിലും, വിണ്ണിലും, മനസ്സിലും, മുഖത്തും. പൂമുഖത്തു വന്നവര്‍ ഉറക്കെ ചിരിച്ചുകൊണ്ട് പടിയിറങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കാത്തവണ്ണം വാതില്‍ ചേര്‍ത്തടച്ചു. കാണാന്‍ വന്നവര്‍ ചിരിക്കുന്നു, കുശലം പറയുന്നു.. ആര്‍ക്കോ വേണ്ടി ഞാന്‍ മുഖത്തെടുത്തുറപ്പിച്ച ചിരിയില്‍ മയങ്ങി എല്ലാവരും പറഞ്ഞു, ‘കണ്ടില്ലേ, എന്തൊരു ഐശ്വര്യം, സന്തോഷം‘.. ഹാ‍..

തലേന്ന് തീവണ്ടിയിറങ്ങിയപ്പോള്‍ തോളത്തുണ്ടായിരുന്ന ബാഗ് തുറക്കാതെ തന്നെ മൂലക്കിട്ടിരുന്നു. അതിന്റെ വശത്തെ കള്ളറയിലെ മൊബൈല്‍ ഫോണ്‍ അപ്പോഴും നിശ്ശബ്ദമായിരുന്നു. വശത്തിരിക്കുന്ന കവറിലെ വാക്കുകള്‍ ഒരിക്കല്‍ കൂടി മനസിലോര്‍ത്തു. വസ്ത്രം മാറാന്‍ നില്‍ക്കാതെ ആ ബാഗെടുത്തു തോളത്തിട്ടു പകച്ചു നില്‍ക്കുന്ന വീടിനെ സാക്ഷിയാക്കി ഇറങ്ങി നടന്നു.

അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു....

Monday, September 04, 2006

സ്റ്റീവ് ഇര്‍‌വിന്‍ അന്തരിച്ചു

ക്രൊക്കൊഡൈല്‍ ഹണ്ടര്‍ എന്ന ഡോക്യുമെന്ററി സീരീസിലൂടെ പ്രശസ്തനായ, ആസ്ട്രേലിയന്‍ പരിസ്ഥിതി ഗവേഷകനും, വന്യജീവി വിദഗ്ദ്ധനുമായിരുന്ന സ്റ്റീവ് ഇര്‍‌വിന്‍ അന്തരിച്ചു.ക്വീന്‍സ്‌ലാന്‍ഡിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ തിരണ്ടി (സ്റ്റിങ് റേ)വാലുകൊണ്ട് ഹൃദയത്തില്‍ കുത്തേറ്റായിരുന്നു അന്ത്യം. ഭാര്യയും രണ്ടുമക്കളും ഉണ്ട്. നാല്‍പ്പത്തിനാലു വയസായിരുന്നു.

പുതു തലമുറയ്ക്ക് വന്യജീവികളില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വം അവതാരകരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.



ബീബീസി വാര്‍ത്ത ഇവിടെ
ബീബീസി ന്യൂസ് വീഡിയോ ഇവിടെ
വിക്കിപ്പീഡിയ ലേഖനം ഇവിടെ

ആദരാഞ്ജലികള്‍.

Wednesday, August 09, 2006

യാത്രിയാം കൃപയാ ധ്യാന് ദീജിയേ...

ബൂലോകരേ,

നാട്ടില് പോണു, രണ്ടാഴ്ച്ചക്ക്.. ഇവിടെ നിന്ന് 13, ഞായറാഴ്ച്ച അമേരിക്കന് എയര്‌ലൈന്സില്.. ഉച്ചക്ക് ചിക്കാഗോ (ഫ്ലൈറ്റ് 1927, എ.എ.), അവിടെ നിന്ന് വൈകീട്ട് നേരെ ഡെല്ഹി വിമാനം (ഫ്ലൈറ്റ് 292). പതിനാലാം തീയതി വൈകീട്ട് 8:30 ഡെല്‍ഹി, 15 നു ഉച്ചയോടെ കേരളത്തില്, പിന്നെ ഉള്ള വെള്ളി, ശനി, ഞായര്, എന്റെ രണ്ടു സുഹൃത്തുക്കളുടെ കല്യാണം.

25 വെള്ളിയാഴ്ച്ച രാത്രി മടക്കം(ഫ്ലൈറ്റ് 293). പോകുമ്പോള്‍ ചിക്കാഗോയിലും (അതുപോലെ, 26നു റിട്ടേണിലും ബ്രേക്ക് ഉണ്ട്), ഡെല്ഹിയിലും (പോകുമ്പോള്‍ ഒരു രാത്രി മുഴുവനും, വരുമ്പോള്‍ 4 മണിക്കൂറും) ബ്രേക്ക് ഉണ്ട്.

ഇതിനിടയില് ഒരു ദിവസം എറണാകുളം, കുറച്ച് ദിവസം തൃശ്ശൂര്, കുറച്ച് ഒറ്റപ്പാലം.. ഇടക്കു കാണാന്‍ പറ്റുന്നവരെയെല്ലാം കാണാം. ആരെങ്കിലും കാണാന്‍ പാകത്തിനു പരിസരത്തെങ്ങാനും ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ (നമ്പര്‍ മെയില്‍ ആയി അയച്ചാല്‍ ഉപകാരം).

നന്ദി.

ഇതിനിടയില്‍ നമ്മുടെ സര്‍വീസുകള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ദയവായി ഏവൂരാനെയോ ടെക് ഹെല്‍പ്പിലെ ആരെയെങ്കിലുമോ ഒന്നറിയിക്കണേ.

Thursday, August 03, 2006

"ഒരു കുഞ്ഞു സ്വപ്നത്തിന്‍ " വിദ്യുവിന്റെ ശബ്ദത്തില്‍..

ബൂലോകരേ,

ജോ ഈണം നല്‍കി, കിരണ്‍ പാടിയ, ഒരു കുഞ്ഞു സ്വപ്നത്തിന്‍ എന്ന ബ്ലോഗ്‌സ്വരയില്‍ വന്ന പാട്ട് വിദ്യു പാടിയത് ഇവിടെ കേള്‍ക്കാം..

കേട്ട് അവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

നന്ദി!

Tuesday, July 18, 2006

മഴ....

ഞാനൊന്നുറങ്ങട്ടെയെന്നരുള്‍ ചെയ്തിട്ടു
ക്ഷീണിതനായി വിടകൊണ്ടര്‍ക്കന്‍..
ഞാനിന്നെഴുന്നേറ്റു പോയപ്പോള്‍ കണ്ടീല
ചെഞ്ചുണ്ടില്‍ പൂവോലും മന്ദഹാസം..

ചൂടേറ്റു വാടിയ പൂവിതള്‍ കണ്ടെന്റെ
ചിത്തത്തില്‍ തെല്ലൊരു ദുഃഖഭാവം..
എന്തിനോ വേണ്ടിയെന്‍ മനമിന്നു തേങ്ങുന്നു
എന്തെന്നു തോഴീ നീ ചൊല്ലിടാമോ?

അര്‍ക്കരഥമിന്നും യാത്രചൊല്ലീടവേ
ഉള്ളു വിറച്ചുവോ തോഴി നിന്റെ?
മൃദു മന്ദഹാസം മറഞ്ഞതെന്തിങ്ങനെ
ചാരത്തു ഞാനുള്ള നേരത്തിങ്കല്‍?

കണ്ണീരണപൊട്ടി മഴയായിറങ്ങുന്നോ
സ്നേഹിതേ നിന്‍ കവിള്‍ത്തട്ടിലൂടെ?
വേനലിന്‍ ചൂടിനെ മറകെട്ടി വാര്‍ക്കുന്ന
വേനലിന്‍ ചൂടിലും മന്ദഹാസം..

തെല്ലും പരിഭവം ചൊല്ലാതെ ഞാനുമീ
വേനല്‍ മഴക്കിന്നു സാക്ഷിയായി
സ്നേഹാര്‍ദ്ര നേത്രങ്ങള്‍ കൊണ്ടെന്റെ മേലുമീ
സ്നേഹം പടര്‍ത്തി നീ നിന്നു ചെമ്മേ..

പകലോന്റെ ചൂടിനെ പാലാല്‍ കുളിപ്പിച്ച്‌
പാരിനെ കഴുകുന്ന കണ്ണീരിതാ
ജാലകപ്പടിവാതില്‍ ചേര്‍ത്തിയടച്ചിട്ടു
ഞാനും കിടക്കട്ടെ എന്റെ തോഴീ..

എന്നാല്‍, ഞാനും കിടക്കട്ടേ.....

Tuesday, June 13, 2006

കാലൊച്ചകള്‍..

"ഹേയ്‌ യാ! ഗിവ്‌മീ ആള്‍ യോര്‍ മണീ, ഓര്‍ ഐം ഗോണാ ഷൂട്ട്‌ യാ!!"

പറഞ്ഞവനെ നല്ലോണം ഒന്നു നോക്കി.. ഒരു പതിനഞ്ച്‌ പതിനാറ്‌ വയസ്സുള്ള കറുമ്പന്‍ പയ്യന്‍, കുട്ടിത്തം വിടാത്ത ഒരു കുട്ടിയാന രൂപം, ഒരു മുക്കാല്‍ പാന്റ്‌, മുഷിഞ്ഞ ടീഷര്‍ട്ട്‌, കയ്യില്‍ ഒരു കറുത്ത തോക്ക്‌..

"ഓക്കെ, ഗോ എഹെഡ്‌, ഷൂട്ട്‌ മീ.."

"അബേ, പാഗല്‍ ഹോ ഗയാ ക്യാ?!!"

"ഐ വില്‍ ഷൂട്ട്‌, ഇഫ്‌ യു ഡോണ്ട്‌!!"

"ഐ ഹാവ്‌ ആള്‍റെഡി ടോള്‍ഡ്‌ യു, പ്ലീസ്‌ ഗോ എഹെഡ്‌ ആന്‍ഡ്‌ ഷൂട്ട്‌?"

"തൂ ക്യാ..!"

"ഡോണ്ട്‌ വാക്ക്‌ ഓണ്‍ റ്റു മീ?? ഐം ഗോണാ കില്‍ യോ $%% &^ * %$#%&!!"

"വാട്ട്‌ ആര്‍ യു വൈറ്റിംഗ്‌ ഫോര്‍?"

"ഐം കൌണ്ടിംഗ്‌ ടില്‍ ഫൈവ്‌.. വണ്‍, റ്റൂ, ത്രീ.."

അടുത്തു വരുന്ന ഒരു കൂട്ടം കാലൊച്ചകള്‍, പൊട്ടിച്ചിരികള്‍.. ഓടിയകലുന്ന കാലൊച്ചക്കിടയിലൂടെ കാറ്റില്‍ അലയടിക്കുന്ന ശബ്ദം....
"യോ $%%&ങ്‌ &^%$*സ്‌.."

"ഡോണ്ട്‌ വറി മാന്‍, യൂ ഓണ്‍ലി ഡൈ വണ്‍സ്‌.. തൂ ഏക്‌ ഹീ ബാര്‍ മറേഗാ.. ഓരോന്നിറങ്ങിക്കോളും കുറ്റീം പറിച്ചോണ്ട്‌, സമയം മെനക്കെടുത്താന്‍"

Tuesday, June 06, 2006

യാത്രാമൊഴി..

ഓമലേ നിന്‍ കവിള്‍ത്തട്ടിലന്നാദ്യമായ്‌
പുലര്‍കാല രശ്മികള്‍ പൂത്തു നില്‍ക്കേ,
പ്രിയസഖി രാധേ നിന്‍ മായിക ഭാവമെന്‍
മാനസപ്പൊയ്കയില്‍ അലകള്‍ നെയ്തു..

ഹൃദയ കവാടം തുറന്നു നീ വന്നുവെന്‍
സ്വര്‍ലോക വീണയില്‍ നവ രാഗമായി
അവനിയില്‍ പുതുജീവന്‍ നാമ്പിട്ട നാള്‍
മുതല്‍ ഒന്നായി നമ്മള്‍ കഴിഞ്ഞതാണോ?

എത്രയോ നാളുകള്‍, എത്രയോ തീരങ്ങള്‍
ഒന്നായി, നമ്മളൊന്നായ്‌ കടന്നു പോയി?
നാമൊഴുകുന്ന വഴികളില്‍ കാഴ്ച്ചകള്‍
കാഴ്ച്ചകള്‍ കണ്ടങ്ങ്‌ നിന്നു പോയോ?

ഒരു തിരിയാളുന്ന നേരത്തായെന്നോട്‌
കാറ്റിന്റെ കൈ പിടിച്ചോതീയവള്‍,
വഴിപിരിഞ്ഞീടുവാന്‍ നേരമായീ സഖേ,
നമുക്കൊന്നിച്ചു പോയിടാന്‍ വഴികളില്ല..

ഒരുമാത്രയെങ്കിലും വിറകൊണ്ടുവെന്‍ മനം
നിസ്സംഗനായി ഞാന്‍ നിന്നു പോയി..
ഇമവെട്ടിടാതങ്ങു നോക്കി നിന്‍ മിഴികളില്‍
ഞാനെന്റെ ഗദ്ഗദം മൂടി മെല്ലെ..

ഒരുപാടു സ്വപ്നങ്ങള്‍ നെയ്തു നാമൊന്നിച്ച്‌,
ഒരുപാട്‌ നാള്‍ കൊണ്ടു നടന്നതല്ലേ?
കൈകളില്‍ കൈകളാലെഴുതിയ കവിതകള്‍
കണ്ണുകള്‍ ചൊല്ലിയതോര്‍മ്മയില്ലേ?

മറക്കുവതെങ്ങനെ, മരിക്കുവതെങ്ങനെ,
നമ്മുടെ ഓര്‍മ്മകള്‍, പൊന്‍ വീണകള്‍..
മധു പെയ്ത രാവിലീ മാനസതീര്‍ഥത്തില്‍
അരയന്നമായ്‌ നാം തുടിച്ചിരുന്നു..

ഒരു വേള നീ മറന്നേക്കാമതെന്നാലും
എന്‍ മനം നിന്നെ മറക്കുകില്ല..
യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ
മല്‍ പ്രാണനോടിന്നെന്റെ ദേഹം?

യാത്രാമൊഴിയിതു ചൊല്‍ക നാം നമ്മോട്‌
യാത്രചോദിക്കുവാന്‍ വയ്യെങ്കിലും....
ഇനിയെന്നുകാണുമെന്നറിവീലയെങ്കിലും
വിട ചൊല്ലിടാമിന്ന് വാക്കുകളാല്‍

നിനവിന്റെ നിറവുകള്‍ തേടിടാം,പ്രിയസഖീ
നിസ്വാര്‍ത്ഥ പ്രണയത്തിന്‍ സാഫല്യമേ
എനിക്കെന്നോടു തന്നെയും വിടചൊല്ലിടാമിനി
അത്‌ നിന്നോടു ചൊന്നതില്‍ വലുതാകുമോ?

യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ
മല്‍ പ്രാണനോടിന്നെന്റെ ദേഹം?

യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ?

Wednesday, May 24, 2006

ബ്ലോഗ്‌സ്വര - 1 റിലീസ് ആയി..



അങ്ങനെ ബ്ലോഗ്‌സ്വരയിലെ ഇത്തവണത്തെ രണ്ടാല്‍‌ബങ്ങളില്‍ ആദ്യത്തെ ആല്‍‌ബം റിലീസായിട്ടുണ്ട്... മേലെ ഉള്ള പടത്തില്‍ ക്ലിക്കിയാല്‍ അവിടെ പോവാം..

Saturday, May 06, 2006

വനരോദനങ്ങള്‍

ചിന്തയില്‍ നിന്നുണര്‍ന്ന്‌, ഞാന്‍ ചുറ്റും നോക്കി. സന്ധ്യ മയങ്ങിത്തുടങ്ങിയല്ലോ! ദിവസം പോണതെത്ര പെട്ടെന്നാ, പകലന്തിയാവുന്നത്‌ അറിയുന്നു കൂടി ഇല്ല. ഞാന്‍ മനസ്സിലോര്‍ത്തു. മഴ പെയ്ത്‌ തോര്‍ന്നു.. റോഡില്‍ മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്‌.. മെല്ലെ കാലിലേക്കു നോക്കി. കാലില്‍ അപ്പിടി ചെളിവെള്ളം തെറിച്ച പാടുകള്‍.. ആകെ വൃത്തികേടായീലോ.. ഓ, കുനിയാന്‍ വയ്യ.. അതവിടെ തന്നെ കിടക്കട്ടെ.. അല്ലാതെന്താ ചെയ്യാ.. ഇന്ന് ഇത്‌ രണ്ടാമത്തെ മഴയാണ്‌. അടുത്ത മഴക്കു മുന്‍പേ വീട്ടിലെത്താനുള്ള തിടുക്കത്തിലാണ്‌ ബസ്സ്‌ സ്റ്റോപ്പിലെ എല്ലാവരും.. അപ്പുറത്തെ മരച്ചുവട്ടിലിരുന്നു നാട്ടിലെ വയോധിക സംഘം വെടിപറഞ്ഞു പൊട്ടിച്ചിരിക്കുന്നത്‌ കേള്‍ക്കാനുണ്ട്‌.. രാമന്‍ മാഷുടെ ശബ്ദം കവിത ചൊല്ലുന്നത്‌ അവ്യക്തമായി കേള്‍ക്കാം..

"എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ, ചുണ്ണാമ്പു ചോറും,
പുഴുക്കൂട്ടം തത്തിടുമുപ്പിലിട്ടതും,
പച്ചച്ചക്കയില്‍ മോരൊഴിച്ചു വഷളാക്കിത്തീര്‍ത്തൊരാ
കൂട്ടാനുമുണ്ടിന്നെറണാകുളം ഹോട്ടലില്‍!"

മാഷ്‌ ഈണത്തില്‍ ചൊല്ലി നിര്‍ത്തിയപ്പോള്‍ കൂട്ടച്ചിരി മുഴങ്ങി... കൊള്ളാം! നല്ല കവിത.. എന്നും വൈകീട്ട്‌ ഇവരുടെ വെടിവട്ടത്തിന്‌ മൂകസാക്ഷിയായില്ലെങ്കില്‍ ഇപ്പോള്‍ ഉറക്കം വരില്ല എന്നായിരിക്‌ക്‍ണൂ.. അല്ലെങ്കിലും എന്നും അവരുടെ ചര്‍ച്ചകള്‍ കേട്ടാണല്ലോ സൂര്യന്‍ വരെ അസ്തമിക്കുന്നത്‌? വീട്ടിലെ പാവക്കയുടെ വലിപ്പം മുതല്‍ ഇന്‍ഡ്യാ പാകിസ്ഥാന്‍ യുദ്ധം വരെ ഇത്ര ലാഘവത്തോടെ ചര്‍ച്ച ചെയ്യാന്‍ എങ്ങനെ കഴിയുന്നു എന്ന് അദ്ഭുതപ്പെടാറുണ്ട്‌ പലപ്പോഴും.. ബോറടിച്ചിരിക്കുന്ന വൈകുന്നേരങ്ങളില്‍ സമയം കൊല്ലാനാണ്‌ അവരുടെ സംസാരം ശ്രദ്ധിച്ചു തുടങ്ങിയത്‌.. ഇപ്പോ അത്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരിക്കുന്നൂ.. കുടിയന്‍ പാച്ചു വൈകുന്നേരമായാല്‍ ഒരു നൂറ്‌ കിട്ടാന്‍ വെപ്രാളപ്പെടുന്ന പോലെ, അതു കേള്‍ക്കാതിരിക്കുന്നാല്‍ വൈകുന്നേരങ്ങളില്‍ ഒരു സഞ്ചാരമാണ്‌.. ഇന്നു കിച്ചമ്മാനെ കണ്ടില്ലല്ലോ? സാധാരണ ഈ നേരത്ത്‌ കാലിയായ ഉന്തുവണ്ടി നിറവണ്ടിപോലെ വലിച്ച്‌ പോവുന്ന കാണാറുള്ളതാണ്‌.. ഇന്ന് ജാനുവമ്മയേം കണ്ടില്ല. അല്ലെങ്കിലെന്റടുത്ത്‌ വന്നിരുന്നു മുറുക്കീട്ടല്ലേ പോവാറുള്ളൂ? എല്ലാരും എവിടെ പോയോ എന്തോ? മഴയായോണ്ട്‌ എവിടെങ്കിലും കേറി നിന്നു കാണും.. ആളുകളും പാട്ടും അരങ്ങും ശബ്ദങ്ങളും ഒഴിഞ്ഞു തുടങ്ങി.. ഓ, അവസാനത്തെ ബസ്സാണല്ലോ.. ഇനി ഈ ഞാനായിട്ട്‌ ഇവിടെ ഇന്നിട്ടെന്തിനാ? എന്ന് ചോദിക്കണമെന്നുണ്ട്‌.. അല്ലെങ്കില്‍ എന്തിനാ വെറുതെ?

ആരാ ആ ഇരുട്ടത്ത്‌? രൂപം പരിചയം തോന്നുന്നില്ലല്ലോ? കുന്നുമ്പറമ്പിലെ ആശ മോളാണോ? അല്ലല്ലോ? പിന്നെ ആരാ ഈ അസമയത്ത്‌? അവസാന ബസ്സും പോയിട്ട്‌ ഒരു മണിക്കൂറെങ്കിലും ആയിക്കാണും.. അടുത്തെത്തിയപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖം.. പേടിച്ചരണ്ട മുഖത്തെ ആ കണ്ണുകള്‍ അരണ്ട വെളിച്ചത്തില്‍ ആരേയോ തേടുന്നുണ്ടായിരുന്നു.. എപ്പോള്‍, എവിടെയാണ്‌ ഞാനിവളെ കണ്ടിരിക്കുന്നത്‌? ഓര്‍മ്മ കിട്ടുന്നില്ലല്ലോ? ഓ! ഈ കുട്ടിയല്ലേ ഇന്നലെ വൈകീട്ടത്തെ ബസ്സില്‍ ഒരു ചന്ദനക്കുറിയിട്ട നീല ഷര്‍ട്ടുകാരന്റെ കൂടെ വന്നിറങ്ങിയത്‌? വന്നിറങ്ങി, എന്നെ ഒന്നു നോക്കി അയാളുടെ കൂടെ കലാധരന്റെ ഓട്ടോയില്‍ കേറിപ്പോയതല്ലേ? കലാധരന്‍ 'ഇത്തിരി വൈകും, ലോങ്ങാണേ' എന്നു ചിന്നനോട്‌ വിളിച്ച്‌ പറഞ്ഞ്‌ പോയതല്ലേ? അവള്‍ വിമ്മി വിമ്മി കരയുന്നുണ്ട്‌.. എന്റെ അടുത്തേക്ക്‌ വേച്ച്‌ വേച്ചു നടന്നെത്തുമ്പോള്‍ അവളുടെ തലയിലെ ചതഞ്ഞ മുല്ലപ്പൂക്കള്‍ കരിഞ്ഞുതുടങ്ങിയിരിക്കുന്നു.. ഓരോ കരിയില അനങ്ങുമ്പോളും ഞെട്ടി വിറച്ചിരുന്ന അവള്‍ അപ്പോഴും ആരെയോ തേടുകയാണ്‌.. ഇന്നലെ വന്നിറങ്ങിയപ്പോള്‍ ആ കണ്ണുകളില്‍ ഉണ്ടായിരുന്ന തിളക്കം ഇപ്പോഴില്ല.. അവളുടെ മുഖം, കത്തുന്ന നാളത്തെ ഊതിക്കെടുത്തിയ ഓട്ടുവിളക്കിനെ ഓര്‍മ്മിപ്പിക്കുന്നു.. എന്റെ അടുത്തെത്തിയ അവള്‍ എന്നെ ചാരി നിന്നു കരഞ്ഞു കൊണ്ട്‌ എന്തൊക്കെയോ പറയുന്നുണ്ടല്ലോ? നിന്നെ... ചതി.... സ്നേഹം.. ഒന്നും വ്യക്തമാവുന്നില്ല. അല്ലെങ്കിലും എന്റെ അടുത്തിരുന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നതൊന്നും എനിക്കു മനസ്സിലായിട്ടില്ലല്ലോ, ഒരിക്കലും? അവള്‍ പുലമ്പിക്കൊണ്ട്‌ ആ ഇരുട്ടുള്ള കുറ്റിക്കാട്ടിലേക്കു നീങ്ങി..ഇപ്പോഴും അവളുടെ തേങ്ങലുകള്‍ ഒരു ചാറ്റല്‍ മഴയായി പെയ്തിറങ്ങുന്നതു കേള്‍ക്കാമെനിക്ക്‌. അവള്‍ ഇപ്പോഴും വിറക്കുന്ന ശബ്ദത്തില്‍ ആരോടെന്നില്ലാതെ പരിഭവം പറയുന്നു. കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍ ആരെയോ തേടിക്കൊണ്ടിരിക്കുന്നു, ഭയപ്പാടോടെ.. അല്ല. ആളൊഴിഞ്ഞ വീഥിയില്‍ ഇനിയെന്തിനു വഴി വിളക്ക്‌?

ഇനി ഞാനുറങ്ങട്ടെ..

-1997 (വിഷയം: ഇരുളിന്റെ മറവിലെ ഭയവിഹ്വലയായ പെണ്‍കുട്ടി)

Thursday, April 13, 2006

സാന്ദ്രം

മനസിന്നുള്ളില്‍ സ്വപ്നം തീര്‍ത്തൊരു
മായാലോകത്തിന്‍ വാതില്‍ക്കലായ്‌
മാമ്പൂ പൊഴിയുമാ മുറ്റത്തിന്നപ്പുറം
മാരിവില്‍ തോല്‍ക്കുമാ കൊച്ചു ഗേഹം

ഒരു കൊച്ചു വീടുണ്ടെനിക്കോര്‍മ്മയില്‍
ഒരു പൊന്നിളം തെന്നലായിന്നു വീശാന്‍..
ഓമലേ നീയെന്റെ മാനസതീര്‍ത്ഥത്തില്‍
ഓളങ്ങള്‍ തീര്‍ത്തു മറഞ്ഞതെങ്ങോ?

ഇന്നെന്റെ പൂമുഖവാതില്‍ക്കലാരെയോ
ഇരവിന്റെ വരവിലായ്‌ കാത്തുനില്‍ക്കേ,
ഇതള്‍പോയ പൂവിന്റെയാര്‍ദ്രമാം ഭാവം
ഇന്നറിയാതെ എന്‍ മനം കടമെടുത്തു..

എവിടെയെന്നാത്മാവിന്നരുണിമ പോയെന്ന്
എവിടെയോ വെച്ചു സഖി ചോദിച്ച നാള്‍
എവിടേയ്ക്കെന്നറിയാത്തൊരെന്‍ പാതയില്‍
എത്രയോ അരുവികള്‍ ഒന്നു ചേര്‍ന്നു..

അലസ വിദൂരം, ഞാന്‍ തെല്ലു പോകവേ
ആമോദമെന്നുളിലായ്‌ തിരതല്ലി നിന്നു!
ആദ്യമായ്‌ ലോകത്തെക്കാണ്മതിന്‍ ഭാവമോല്‍
ആലസ്യമന്യേ ഞാന്‍ തളിര്‍ത്തു നിന്നു ..

രാവിന്റെ സംഗീതം സന്ധ്യയില്‍ ചാലിച്ച്‌
രാഗാര്‍ദ്രയാമെന്‍ മനസ്സില്‍ നിറച്ച നേരം,
രാത്രിമഴ പെയ്തൊരെന്‍ അങ്കണം തന്നിലായ്‌
രാഗ സുധയായിന്നു നീ വന്നുവെങ്കില്‍...

ഹിന്ദോളരാഗമെന്‍ ഹൃദയമാം വീണയില്‍
ഹര്‍ഷ ബാഷ്പം പെയ്ത നേരമെങ്ങോ?
ഹൃദയ കവാടം തുറന്നിട്ടു ഞാനെന്റെ,
ഹൃദയാഭിലാഷത്തിന്‍ മമ ഭാഷയാലേ..

പ്രാര്‍ത്ഥനാ നിരതമായന്നവിടെ നിന്നപ്പോള്‍
പ്രാണസഖി നീയെങ്ങു പോയ്‌ മറഞ്ഞു?
പ്രണയാശ്രു പോലും മറന്നൊരെന്‍ നേത്രങ്ങള്‍
പ്രതിദിനം നിന്നെയും കാത്തിരുന്നൂ..

പ്രാര്‍ത്ഥനാ നിരതമായന്നവിടെ നിന്നപ്പോള്‍
പ്രാണസഖി, നീയെങ്ങു പോയ്‌ മറഞ്ഞു?
നീയെങ്ങു പോയ്‌ മറഞ്ഞു?
നീയെങ്ങു പോയ്‌ മറഞ്ഞു?



- മടി പിടിച്ചിരുന്ന എന്നെ വീണ്ടും പ്രേരിപ്പിച്ച കുമാര്‍ജീക്ക്..

Wednesday, April 12, 2006

വിഷു ആശംസകള്‍!!!!!

ഭൂലോക മലയാളി മന്നന്മാരേ, മങ്കകളേ,

എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍..

സസ്നേഹം,
ശനിയന്‍.

Monday, April 10, 2006

കുപ്പയിലെ മാണിക്യം..

ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബറില്‍ നിന്ന്...
(ബ്രോഡ്‌ബാന്‍‌ഡുകാര്‍ ഈ പടത്തില്‍ ക്ലീക് ചെയ്യൂ)




ഡയല്‍ അപ് ഉപയോഗിക്കുന്നവര്‍ ഇവിടെ ക്ലിക്കുക

Thursday, April 06, 2006

നിലാവില്‍ ഒരു വിസ അഥവാ പരീക്ഷ(ണം) - 3

ജനുവരിയിലെ ആ തണുത്ത രാത്രിയില്‍ മണി രണ്ടടിച്ചു.. പതിനൊന്നര വരെ ഓഫീസില്‍ കുത്തിയിരുന്ന്, ഈച്ചയേയും കൊതുകിനേയും ടീം മേറ്റിനെയും അടിച്ച്‌ തിരിച്ചെത്തിയതിനു ശേഷം മനസ്സമാധാനമായിട്ടൊന്ന് ഉറക്കം പിടിച്ച ഞാന്‍ ഞെട്ടിയുണര്‍ന്നു.. ഞാനെവിടെയാണ്‌, എന്താണ്‌ ഏതാണ്‌ തുടങ്ങിയ ഒരു പിടി ചോദ്യങ്ങള്‍ മനസ്സിലേക്കോടിയെത്തി.. പെട്ടെന്നതാ നാടകത്തിലെ ദുഃഖത്തിന്റെ സംഗീതം പിന്നണിയില്‍ മുഴങ്ങുന്നു.. സ്വപ്നമാണോ? ഉറങ്ങാന്‍ കിടന്ന ഞാനെപ്പോഴാ നാടകത്തിനു തട്ടേല്‍ കേറിയേ? കോളേജില്‍ പഠിക്കുമ്പോളാണല്ലൊ ആദ്യമായിട്ടും അവസാനമായിട്ടും തട്ടിനെ അപമാനിക്കുക എന്ന തോന്ന്യാസം ചെയ്തത്‌? പിന്നെങ്ങനെ നാടകത്തിലെത്തി? എന്ന വേറെ കുറേ ചോദ്യങ്ങള്‍ സിനിമാ ടിക്കറ്റ്‌ എടുക്കാന്‍ ബ്ലായ്ക്കുകാര്‍ കേറുന്ന പോലെ മനസ്സിലേക്കിടിച്ച്‌ കേറി.. "നിന്റെ ആ ഫോണെടുത്ത്‌ ആ മരണപ്പാട്ട്‌ നിര്‍ത്തടാ!!" എന്ന സഹമുറിയന്റെ സ്നേഹത്തോടെയുള്ള അലര്‍ച്ച എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. ഓ, അപ്പൊ അതാണ്‌ കാര്യം! ഓഫീസില്‍ നിന്നുള്ള ഫോണ്‍ വിളിക്ക്‌ മൊബൈലില്‍ വെച്ച റിംഗ്‌ ടോണാണ്‌ പ്രശ്നം!..

ജീവിത്തിലെ എല്ലാ പ്രശ്നങ്ങളും ഒരു നിമിഷത്തില്‍ തീര്‍ന്നവന്റെ സന്തോഷത്തോടെ (കാര്യമായി ഒന്നും തലയില്‍ കേറിയില്ലെങ്കിലും) ഫോണിന്റെ പച്ച ബട്ടണില്‍ കേറി ഞെക്കി, നീട്ടി വലിച്ച്‌ 'ഹലൌ' (എന്തുവാടേ ഈ പാതി രാത്രിയില്‌? വേറെ തൊഴിലൊന്നുമില്ലേ?) എന്ന് മൊഴിഞ്ഞു കൊടുത്തു. ഞാന്‍ പറഞ്ഞ പാതി പറയാത്ത പാതി, മറുതലക്കു നിന്നു ഒരു ചോദ്യം: "പാസ്‌പോര്‍ട്ട്‌ ഉണ്ടോ?".. പാസ്‌പോര്‍ട്ടോ? എവിടെയോ കേട്ടിട്ടുണ്ടല്ലൊ ആ വാക്ക്‌ (അതു ചോദിച്ച ശബ്ദവും)?.. ഇവനാരടേയ്‌ എന്ന ശബ്ദത്തില്‍ 'എച്ചൂസ്‌ മീ?' എന്നു മറുപടി പറഞ്ഞപ്പോള്‍, "ഞാന്‍ നിന്റെ കാലന്‍ (മാനേജര്‍), നെനക്കു പാസ്‌പോര്‍ട്ട്‌ എന്ന സുന ഭാരത സര്‍ക്കാര്‍ എന്ന പി സി സര്‍ക്കാരിന്റെ അനിയന്‍ തുല്യം ചാര്‍ത്തി തന്നിട്ടുണ്ടോടാ കൂവേ?" എന്ന മറു ചോദ്യമാണ്‌ എന്റെ ഒരു ചെവി തുളഞ്ഞ്‌ മറ്റേചെവി വഴി പുറത്തു പോയത്‌.. ഓ! അമ്മാവനായിരുന്നോ, ഇതൊക്കെ നേരത്തേ പറയണ്ടായോ? ഞാനിപ്പം ഏതാണ്ടൊക്കെ കേറി വിളിച്ചേനേ! എന്ന ഭാവത്തില്‍ 'ഒണ്ടേ, അടിയന്റെ പെട്ടീലെങ്ങാനും കാണും' എന്ന് ഭവ്യമായി മറുപടി കൊടുത്തു.. അപ്പൊ ദാ വരുന്നു അടുത്ത ചോദ്യം, വൈവക്കിരിക്കുന്ന വിദ്യാര്‍ത്ഥി അറിയില്ലാ എന്നു പറയണ വരെ ചോദിക്കാം എന്ന ചോദ്യ കര്‍ത്താവിന്റെ മനഃ‍സ്ഥിതി പോലെ: "നിനക്കു ഈ വിസ എന്നു പറയുന്ന ഇണ്ടാസു പതിച്ചിട്ടുണ്ടോ അതില്‍?".. പെട്ടെന്നു മനസ്സില്‍ "ഊരുതെണ്ടിയുടെ ഓട്ടപ്പാസ്‌പ്പോര്‍ട്ടില്‍ എവിടുന്നുണ്ടാവാനാ വിസ?" എന്ന് ഒരു മോഹന്‍ലാല്‍ ശൈലിയില്‍ ഒരു മറു ചോദ്യം വന്നെങ്കിലും, ഇല്ല എന്ന മറുപടി കൊടുത്തു.. ഇതു കേട്ടതും,"ഛേ, നെന്നെ നാളെ ഇബ്‌ടെ ഡിന്നറിനു കൊണ്ടുരാംന്ന് വിചാരിച്ചതാര്‍ന്നു.. ഇനീപ്പെന്തൂട്ടാ കാട്ട്വാ ശ്ശവീ? എന്ന പോലെ കുറച്ച്‌ ഡയലോഗടിച്ചു, മച്ചാന്‍ അങ്ങേത്തലക്കല്‍ നിന്ന്. " ഒന്നു പോ മാഷെ, ഞാനിവിടെ സമാധാനപരമായിട്ട്‌ ഉണ്ടും ഉറങ്ങീം പോണത്‌ കണ്ടിട്ട്‌ സഹിക്കുന്നില്ലേ?" എന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു. ഇതിന്റെ പിന്നാലെ "ഓ രാത്രി രണ്ടു മണി ആയീല്ലേ! ഒറങ്ങിക്കോട്ടോ" എന്നും പറഞ്ഞ്‌ അങ്ങോരു ഫോണ്‍ വെച്ചു. ഇതേതാണ്ട്‌ അത്താഴപ്പട്ടിണിക്കാരനെ വിളിച്ചുണര്‍ത്തി അത്താഴമില്ലാട്ടോ, ഉറങ്ങിക്കോ എന്ന് പറഞ്ഞപോലെയായല്ലോ എന്ന് മനസ്സില്‍ പറഞ്ഞു ഞാനും കിടന്നു..

എന്തായാലും അങ്ങോര്‍ക്കു 'മൊമെന്ററി ഡിസ്‌ലൊകഷന്‍ ഓഫ്‌ പ്രധാന ബോള്‍ട്ട്‌സ്‌' ഉണ്ടായതല്ല എന്ന് പിറ്റേന്നു കെട്ടിയൊരുങ്ങി ഓഫീസിലെത്തിയപ്പോള്‍ മനസ്സിലായി. എനിക്ക്‌ ആ ഇണ്ടാസടിച്ചു തരാന്‍ ഇതുവരെ ആരും മുനകൈ എടുത്തില്ല എന്ന് പറഞ്ഞ്‌ ഡിവിഷന്റെ തലക്കു വരെ കുറിമാനം അയച്ചു കളഞ്ഞു എന്റെ തല.. അതോടെ, എന്റെ പേരു കമ്പനിയുടെ അകത്തളങ്ങളില്‍ മുഴങ്ങിക്കേളക്കാം എന്നായി. എന്താ ചെയ്യാ.. പിറ്റേന്ന് തന്നെ പാസ്‌പോട്ടുമായി വിസാ ഓഫീസ്‌ ഹൈക്കോടതിയില്‍ നേരിട്ട്‌ ഹാജരായില്ലെങ്കില്‍ ആറുമാസം തടവും 'പഴിയും' ഉണ്ടാവുമെന്നും സമന്‍സില്‍ വ്യക്തമായി എഴുതിയിരുന്നു.. അതെനിക്കിഷ്ടമായി - ഹാജരായാല്‍ നാടു കടത്തും, ഇല്ലെങ്കില്‍ തല വെട്ടും! എന്തായാലും നാടുകടത്തിയാലും ജീവിക്കാം എന്ന കണ്ടെത്തലില്‍ ഞാന്‍ ഭാരത സര്‍ക്കാറിന്റെ തുല്യം ചാര്‍ത്തിക്കിട്ടിയ സുനയുമായി കൃത്യ സമയത്ത്‌ ഹാജരായി. അവിടത്തെ ഉപ കാര്യ നിര്‍വാഹക്‌ ആയ ജോസപ്പേട്ടന്‍ വേറെ ഒരു മലയാളിയെ കിട്ടിയ സന്തോഷത്തില്‍ വേഗം ഓടിച്ചു (എന്നെയല്ല) കാര്യങ്ങള്‍.. അങ്ങനെ അദ്ദേഹം എടുത്ത്‌ തന്ന ജൂണിലെ അപ്പോയിന്മെന്റും കൊണ്ട്‌ ഞാന്‍ എന്റെ വഴിയേ പോയി..

ജൂണിലല്ലേ എന്ന സമാധാനത്തില്‍ രാത്രി പകലാക്കിക്കൊണ്ട്‌ പോകുമ്പോള്‍ അതാ വീണ്ടും നിലാവില്‍ ഒരു വിളി.. എന്തായിഷ്ടാ കാര്യംസ്‌? എന്ന മാനേജരാനന്ദ സ്വാമികളുടെ തിരു മൊഴികള്‍ക്കു മറുപടി കൊടുത്തപ്പോള്‍ പിന്നെ ഉതിര്‍ന്നതു തീയുണ്ടകളായിരുന്നു.. പോനാല്‍ പോകട്ടും പോടാാ എന്ന് പാടി തൂങ്കിയ ഞാന്‍ രാവിലെ കെട്ടിയെടുക്കാനല്‍പ്പം വൈകിപ്പോയി.. ഉരുണ്ടുരുണ്ട്‌ കാര്യലയത്തിലെത്തിയപ്പോള്‍ സഹ ക്യൂബിക്കിളന്റെ വക ജോസപ്പേട്ടന്‍ വാലില്‍ തീപിടിച്ചു അന്വേഷിക്കുന്നുണ്ട്‌ ട്റ്റാ, വേഗം ചെല്ല് എന്ന തീപ്പൊരി.. വീണ്ടും ഹൈക്കോടതിയില്‍ ഹാജരാവന്‍ സമന്‍സും കൂടെ കണ്ടപ്പോള്‍ പിന്നെ നിന്നില്ല, ഇറങ്ങി ഓടി. എന്നെ കണ്ടതും വന്ന, "നെനക്ക്‌ ഏപ്രിലില്‍ ഡേറ്റാണ്‌ ട്ടാ", എന്ന ജോസപ്പേട്ടന്റെ നിറചിരിയോടെ ഉള്ള ഡയലോഗ്‌ കേട്ടപാടെ, 'ഛേ, അതൊക്കെ ഇങ്ങനെ വിളിച്ചു പറയുന്നതു മോശമല്യോ' എന്ന മട്ടില്‍ അടുത്തിരുന്ന മറ്റു മലയാളികള്‍ ചിരിക്കാന്‍ തുടങ്ങി. എന്തായാലും, അങ്ങനെ ഡേറ്റു തീരുമാനമായല്ലോ, സമാധാനം എന്ന് പറഞ്ഞിറങ്ങിയ ഞാന്‍ ആ സന്തോഷം സഹിക്കവയ്യാതെ എന്റെ മാനേജരാനന്ദ സ്വാമികള്‍ക്ക്‌ ദൂരഭാഷി കുത്തി ഒരു വീക്കു കൊടുത്തു.. കാര്യം കേട്ടപ്പോള്‍ ഇവനാരെഡേയ്‌? പാതിരക്ക്‌ ഓരോരുത്തന്‍ ഇറങ്ങിക്കോളും, #*%!@$^*! എന്നും പറഞ്ഞ്‌ അങ്ങോരു ഫോണ്‍ എടുത്തെറിഞ്ഞതെന്തിനാണെന്ന് സത്യമായിട്ടും എനിക്കു മനസ്സിലായിട്ടില്ല, ഇപ്പോഴും..

അങ്ങനെ, അവസാനം ആ സുദിനം വന്നെത്തി.. നാലുമണിയുടെ ശതാബ്ദ്ധിക്ക്‌ പോവാന്‍ രണ്ടുമണിക്കേ ടിക്കറ്റു തന്ന ട്രാവല്‍ ഡെസ്കിനേ ശിരസാ നമിച്ച്‌ ഞാന്‍ ചെന്നൈ എന്ന മദിരാശിപ്പട്ടണത്തിലേക്ക്‌ യാത്രയായി.. എരിതീയില്‍ നിന്നു വറചട്ടിയിലേക്ക്‌ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, അവിടെ എത്തിയപ്പോള്‍ കണ്ടു. ഇട്ടിരുന്ന വെള്ള ഷര്‍ട്ട്‌ പത്തു മിനിട്ടില്‍ "ബ്ലാക്‌ ഓര്‍ വൈറ്റ്‌, ബ്ലാക്‌ ഓര്‍ വൈറ്റ്‌" എന്ന നിലയിലായി. നാറുന്ന സബര്‍ബന്‍ ട്രെയിനിലെ ഗുസ്തിയും കഴിഞ്ഞ്‌, നടന്നു പോകുമ്പോള്‍ ആരോ തലയില്‍ കുടം കമത്തിയ അവസ്ഥയില്‍ ഞാന്‍ മുറിയിലെത്തി. പിറ്റേന്ന് രാവിലേതന്നെ പോണമോ വേണ്ടയോ എന്ന സംശയം, അവസ്ഥ ഒന്നു കണ്ണാടിയില്‍ കണ്ടപ്പോള്‍.. ആ അവസ്ഥയില്‍ എന്നെ കോണ്‍സുലേറ്റില്‍ കണ്ടാല്‍ അപ്പൊ പിടിച്ച്‌ പുറത്താക്കും, തീര്‍ച്ച!. അവസാനം, കോണ്‍സുലേറ്റിന്റെ അടുത്തുള്ള ഓഫീസിന്റെ ബ്രാഞ്ചിനെ അഭയം തേടി, വസ്ത്രം മാറലും, രാവിലത്തേതും, വിയര്‍ത്തതും കൂടാതെ ഒരു കുളിയും കൂടി നടത്തി ചെന്നതു കൊണ്ട്‌, അതൊഴിവായി കിട്ടി.

അവിടെ ഹാജരായി, വരി നിന്ന്, അവിടെ ചെന്നപ്പോള്‍, കിളിവാതിലില്‍ ഇരുന്ന തരുണീ മണി, "നീയെന്തൂട്ടിനാ ഇപ്പൊ അങ്ങ്‌ട്‌ പോണേ ചെക്കാ?", "പോയാ നീ തിരിച്ച്‌ വരുവോ?" തുടങ്ങി കുറേ പൊട്ടന്‍ ചോദ്യങ്ങള്‍ വായില്‍ ബബിള്‍ ഗം ഇട്ടോണ്ട്‌ ചോദിച്ചു. മുപ്പത്തിരണ്ടും കാണിച്ച്‌ ഞാന്‍ പറഞ്ഞതൊന്നും ആ പാവം മദാമ്മക്കു മനസ്സിലായില്ലെന്ന് ആദ്യമായി തൃശ്ശൂര്‍പൂരം വെടിക്കെട്ട്‌ കണ്ട പട്ടിക്കുട്ടിയുടെ ഭാവം അവിടെ കണ്ടപ്പോള്‍ മനസ്സിലായി. എന്തിനേറെ പറയുന്നൂ, എനിക്കു വിസ കിട്ടി. എന്നെ ഏറനേരം നിര്‍ത്തിയാല്‍ പന്തിയാവില്ലെന്ന് തോന്നിയോ ആവോ?

അതും ഒരു പരീക്ഷ(ണം)

Wednesday, April 05, 2006

ബാള്‍ട്ടിമോര്‍...

ഈ വസ്തുവക നിശ്ചല ഛായാഗ്രഹണ വിശേഷം എന്ന പുതിയ സംരംഭത്തിലേക്കു മാറ്റിയിരിക്കുന്നു, ക്ഷമിക്കുക..

Thursday, March 02, 2006

പരീക്ഷ(ണം) - 2

ക്ലാസിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന ആര്‍ക്കോ പെട്ടെന്നൊരു വെളിപാടുണ്ടായി.. മാസത്തിലൊരിക്കലെങ്കിലും പതിവുള്ള 'കൂടല്‍' മഹാമഹം നടത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!!! അതിന്നങ്ങന്നു നടത്തിയാലെന്താ? ഇനിയാണെങ്കില്‍ വര്‍ഷമവസാനിക്കന്‍ അധികം സമയവുമില്ല. ആ വെളിപാട്‌ ബാക്കിയെല്ലാവര്‍ക്കും നിര്‍ല്ലോഭം പകര്‍ന്നു നല്‍കി ആ മാന്യ സുഹൃത്ത്‌ വീണ്ടും നിദ്രാധീനനായി. ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ അതെല്ലാവരും കൂടി സ്വീകരിക്കുന്ന ഒരു മാതൃകാ കുടുംബം പൊലെയായിരുന്നു എന്റെ ക്ലാസ്‌. വിഷയമിതായതുകൊണ്ട്‌ തീരുമാനത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. എല്ലാവരും (വീണ്ടും) ഒറ്റക്കെട്ട്‌!. നിശ്ശബ്ദവോട്ടില്‍ ഇത്ര നന്നായി നിയമ സഭ പോലും ഒരു തീരുമാനം എടുത്തു കാണാന്‍ വഴിയില്ല. എല്ലാം കഴിഞ്ഞപ്പോള്‍, ഒരുത്തന്‍ എന്നെ തോണ്ടി ഇപ്രകാരം അരുളിച്ചെയ്തു "ഡാ, നമ്മ എല്ലാരും ഇന്നു നിന്റെ വീട്ടില്‍ കൂടണയാണ്‌ ട്ടാ.. " എനിക്കു പെട്ടെന്ന് ഒന്നും പിടികിട്ടിയില്ല.. എന്റെ തലയിലൂടെ ഒന്നും ഓടിയില്ലെന്നു മനസ്സിലായ അടുത്ത സുഹൃത്ത്‌ പിന്നില്‍ നിന്നും 'ഇടതുകൈ വലതുകൈമുട്ടില്‍ ചേര്‍ത്ത്‌ ' സിഗ്നല്‍ കാട്ടി.. എല്ലാം മനസ്സിലായി..

ഉച്ചകഴിഞ്ഞുള്ള ക്ലാസില്‍ എല്ലവരും ഉറക്കം തൂങ്ങി ഇരിക്കുന്നതു മാത്രം കണ്ട്‌ ശീലമുള്ള റ്റീച്ചര്‍ക്കു ആകെപ്പാടെ ഒരു സ്ഥലജല വിഭ്രാന്തി.. പതിവില്ലാതെ എല്ലവരും ഭയങ്കര ഊര്‍ജ്ജ്വസ്വലര്‍! ഒരു നിമിഷത്തെങ്കിലും ഞങ്ങള്‍ നന്നായി എന്നു പാവം റ്റീച്ചര്‍ വിചാരിച്ചു കാണും.. മുന്നില്‍ ക്ലാസു പൊടിപൊടിക്കുമ്പോള്‍, പിന്നാമ്പുറത്തു വേറെ ഒരു ചര്‍ച്ച ചൂടു പിടിക്കുന്നുണ്ടായിരുന്നു.. പിറ്റേന്നും ക്ലാസുള്ളതാണ്‌, "വേണമോ വേണ്ടയൊ, വേണമോ വേണ്ടയോൊ, " എന്നു പാടി തുടങ്ങിയ സംശയത്തിനെ, മൃഗീയ ഭൂരിപക്ഷം ചേര്‍ന്ന് അടിച്ചൊതുക്കി. അവസാന തീരുമാനം: ഇന്നു ആകാശം ഇടിഞ്ഞു വീണാലും നമ്മ കൂടിയിരിക്കും.. അടിക്കാത്ത, രാവിലെ തല പൊന്തുന്നവര്‍ രാവിലെ മോഹനേട്ടന്റെ കടയില്‍ നിന്ന് സംഭാരം വാങ്ങി, ബാക്കി എല്ലാവരെയും പൊക്കി, കുളിപ്പിച്ച്‌ പൌഡര്‍ ഇടീച്ച്‌ ക്ലാസ്സില്‍ കൊണ്ടുപോണം.. "അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും" എന്നു പ്രഖ്യാപിച്ച സന്തോഷത്തില്‍, എല്ലാവരും പിരിഞ്ഞു. പകലന്തിയായി, വര്‍ണ്ണാഭമായോന്നറിയന്‍ പാടില്ല, എന്തായാലും ഓരോരുത്തരായി ഹാജര്‍ വെച്ചു. ആണ്‍ഭൂരിപക്ഷമുള്ള ക്ലാസിന്റെ ആണ്‍പടയിലെ മിക്കവരും ഹാജര്‍! ഇത്രേം പേരു ക്ലാസ്സില്‍ കാണാറുണ്ടൊ എന്നതു സംശയമാണ്‌. എത്താനുള്ളവരെല്ലാം എത്തി,എത്താനുളളതെല്ലാം എത്തി. സമയം ഒരു 'പാമ്പിനേപ്പോലെ' ഇഴഞ്ഞു നീങ്ങി..

ഇതു വരെ കാണാത്ത സമയം കണ്ടപ്പോള്‍ പലര്‍ക്കും സമയം നോക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. അവസാനം, കുപ്പികള്‍ ഫൈനല്‍ വിസില്‍ ഊതിയപ്പോള്‍ 'കിടക്കാന്‍ ബാക്കിയുള്ള' എല്ലാവരും കിടക്കാന്‍ തീരുമാനിച്ചു. നേരത്തെ കിടപ്പിലായ ഒരു സുഹൃത്തിനെ ടെറസിലായിരുന്നു എല്ലാവരും ചേര്‍ന്നു സമാധിയാക്കിയത്‌. അവനിങ്ങനെ കുരിശില്‍ നിന്നിറക്കി കിടത്തിയ പോസില്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ ഒരു വലിയ ചോദ്യചിഹ്നം ആരോ എറിഞ്ഞു.. "എടാ, ഇവനിവിടെ മേലെ കിടക്കുമ്പൊ, നമ്മള്‍ താഴെ കിടന്നാ മോശമല്ലെ? നമുക്കിന്നു ഒന്നിച്ചിവിടെ മേലെ കിടന്നാ പോരെ? ഞാന്‍ പോലുമറിയുന്നതിനു മുന്‍പെ ആരോ പോയി കിടക്ക, പായ, തലയിണ തുടങ്ങി തുണിയായ തുണിയൊക്കെ മേലെ എത്തി.. ഇരുപതു പേര്‍ക്കു വിശാലമായി കിടക്കാന്‍ സ്ഥലം പോരായിരുന്നു. ഇതിനിടയില്‍ ഒരു ചെറിയ ഇട കണ്ടപ്പോള്‍ ഒരാള്‍ക്കു സഹിച്ചില്ല "ഹാാാാാാാാാാാായ്‌, സ്ഥലം!!!!!!!!!!!!!!" എന്ന ഒരു അലര്‍ച്ചയോടെ അവന്‍ ആ സ്ഥലത്തേക്കു മാറ്റ്‌ ബിയൊണ്ടി സ്റ്റാര്‍ട്ട്‌ എടുത്ത പോലെ കൂപ്പുകുത്തി. ചാടിയതു സിമന്റു തറയിലേക്കായതു കൊണ്ടും, 'ഉള്ളിലുള്ളതി'ന്റെ ബലം കയ്യിലേക്കാവഹിക്കാന്‍ അവനു സാധിച്ചതുകൊണ്ടും, ഇത്തിരി സ്ഥാനം തെറ്റി തൊടുകുറി ചാര്‍ത്തിക്കിട്ടിയ ബുഷ്‌ സ്റ്റെയിലില്‍ നെറ്റിയില്‍ നിന്നു 'കളര്‍' ഇളക്കി എഴുന്നേറ്റു പോന്നു.

അതിത്തിരി ഡെറ്റോള്‍ വെള്ളത്തില്‍ കഴുകി, അവനെ സൈഡാക്കിയപ്പൊളാണു ആരോ എന്റെ ഷേവിംഗ്‌ സെറ്റ്‌ കണ്ടെത്തിയത്‌.. അതു കണ്ടപ്പോള്‍ വേറെ ഒരു മാഷിനു അതിനു മൂര്‍ച്ചയുണ്ടോ എന്നറിയണം.. ചോദ്യത്തിന്റെ പിന്നാലെ അടുത്തയാള്‍ സംശയനിവാരണത്തിനുള്ള പരിഹാരം നിര്‍ദ്ദേശിച്ചു.. "ആര്‍ടെങ്കിലും മീശയൊന്നു വടിച്ച്‌ നോക്ക്യേടാ..". എല്ലാവരും ഞാനില്ലെ! എന്ന ഭാവം എടുക്കുമ്പോഴേക്കും, രണ്ടുമൂന്നാള്‍ ചേര്‍ന്നു കൂട്ടത്തില്‍ നല്ല കട്ടി മീശയുള്ളവനെ കേറി പിടിച്ചു കഴിഞ്ഞിരുന്നു. അവനവന്റെ ജീവന്റെ ജീവനായി കാത്തിരുന്ന മീശക്കിട്ടാണു ബാക്കിയുള്ളവര്‍ കത്തിയെടുക്കുന്നത്‌! കെട്ടിറങ്ങിയോ എന്തൊ, അവന്‍ മരണവെപ്രാളം കാട്ടി കുതറാന്‍ നോക്കിത്തുടങ്ങി.. പിന്നെ അവിടെ കണ്ടത്‌ ഡിസ്കവറി ചാനലില്‍ പിരാനാക്കൂട്ടത്തിലേക്കു ഇറച്ചിത്തുണ്ട്‌ ഇട്ടപോലെ ഒരു രംഗമായിരുന്നു.. ഇതിനിടയില്‍ റേസര്‍ കയ്യില്‍ വെച്ചിരുന്ന മഹാന്‍ അതെടുത്തു ബലമായി പിടിച്ച്‌ വെച്ചിരുന്ന 'ഇര'യുടെ മുഖത്തേക്ക്‌ 'മന്തന്‍ മന്തന്‍' അടുപ്പിച്ചു.. ഒരു അവസാന ശ്രമമെന്ന നിലയില്‍ ഒന്നു കുതറിയ ആ പാവത്തിന്റെ മീശയുടെ ഒരു വശം ദാ കിടക്കുന്നു താഴെ!

"മമ്മീ എന്റെ മീശാാാാാാാാാാാാാാാാാാാാ" എന്നൊരു അലര്‍ച്ച രാത്രിയെ കീറി മുറിച്ചു കടന്നു പോയി.. അതിന്റെ പിന്നോടിയായി അലര്‍ച്ച കരച്ചിലായി, അതു കൂട്ടക്കരച്ചിലായി.. ഒരുവിധം അതൊന്നടങ്ങിയപ്പോള്‍ ഇനി ഇവനെ രക്ഷിക്കാന്‍ എന്തു ചെയ്യും എന്ന ചോദ്യമായി.. അവന്റെ ഗ്ലാമര്‍, ഇമേജ്‌ എന്നു തുടങ്ങി പിടിച്ചാല്‍ കിട്ടാത്ത കാര്യങ്ങളിലല്ലേ, എല്ലാവരും ചേര്‍ന്നു കത്തി വെച്ചത്‌? അവസാനം എല്ലാവരും വീണ്ടുമൊരു തീരുമാനമെടുത്തു. പരിഹാരമായി എല്ലാവരും മീശയെടുക്കണം!! അതു പറഞ്ഞു തീര്‍ന്നില്ല, എല്ലാവരും റെഡി! ഒന്നൊന്നായി ഇരുപതാളും 'ക്ലീനായി'!!

ഞങ്ങള്‍ നാലഞ്ചുപേര്‍ നേരത്തെ എഴുന്നേറ്റു മോഹനേട്ടന്റെ കടയിലെത്തി. ചോദിക്കുന്നതിനു മുന്‍പെ മോഹനേട്ടന്‍ വെളുക്കനെ ചിരിച്ച്‌ ചോദിച്ചു - "എത്ര എണ്ണം വേണം?".. എല്ലാത്തിനേയും 'കുളിപ്പിച്ചു, പൌഡര്‍ ഇടീച്ചു' കോളേജിലേക്കു പുറപ്പെട്ടപ്പോള്‍ സമയം പത്ത്‌.. ഒോടി ചെല്ലുമ്പോള്‍ ഇത്തിരി നാടകീയതകൂടി ചേര്‍ക്കാന്‍, ഞങ്ങള്‍ ഈരണ്ടു പേര്‍ വീതമുള്ള സെറ്റ്‌ ആയി തിരിഞ്ഞു.. ആദ്യം, വലിയ വ്യത്യാസം കണ്ടാല്‍ തോന്നാത്ത (അതായതു ഏറ്റവും കുറച്ചു മീശ ഉണ്ടായിരുന്ന)ഞാനും വേറൊരാളും.. പിന്നെ കുറച്ചുകൂടി പ്രശ്നം തോന്നിക്കുന്ന രണ്ടാള്‍, അങ്ങിനെയങ്ങിനെ.. പതിനഞ്ചു മിനിറ്റിന്റെ ഇടവേളയില്‍, ക്ലാസിലെ ആണ്‍പട മുഴുവനും 'മീശരഹിതരായി' ഹാജര്‍! ഓരോരുത്തരുടെയും ഇന്ത്യന്‍ ക്രിക്കറ്റു പിച്ചു പോലുള്ള മുഖം പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ സ്ത്രീജനങ്ങള്‍ക്കു അപകടം മണത്തു. ചിരികള്‍ അടക്കിപ്പിടിച്ച കമന്റുകള്‍ക്കു വഴിമാറി, അതു കൂട്ടച്ചിരിയായി. ക്ലാസ്‌ എടുത്തിരുന്നതു ആ വര്‍ഷത്തെ ബാച്ചില്‍ ബിടെക്‌ കഴിഞ്ഞിറങ്ങിയ മീശമുളച്ചു തുടങ്ങിയ മാഷായിരുന്നു.മഴവില്ലിന്റെ ഏഴുനിറങ്ങളും, നവ രസങ്ങളും അദ്ദേഹത്തിന്റെ മുഖത്തു മിന്നിമറയുന്നതു ഞങ്ങള്‍ കണ്ടുനില്‍ക്കെ, ഒരു ഇടിവെട്ടും പോലെ അദ്ദെഹം അലറി.. "നിങ്ങളെന്തുവാ, എന്നെ കളിയാക്കുവാണോ??" അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ദേഷ്യത്തിനേക്കാളും സ്ഫുരിച്ചിരുന്ന ഭാവം ദയനീയതയായിരുന്നു...

വീണ്ടുമൊരു പരീക്ഷ(ണം)...


വിഭാഗം: ഓര്‍മ്മകള്‍

Saturday, February 25, 2006






ഇതു മഞ്ഞുകാലം..

പകലന്തിയായി, വര്‍ണ്ണാഭമായി മാനം,
പകലോനുറങ്ങി, രാത്രിമഴ പെയ്തുറങ്ങി,
വീഥികളൊഴിഞ്ഞു, വഴി ബാക്കിയായി,
മൂടുപടം വീണു, ഇന്നവനുറക്കമായി..

നിലാവുറങ്ങുന്നൊരീ നഗര വീഥിയില്‍-
തൂവെള്ള തൂവും നിലാവോ, പാലാഴിയോ?
ആയിരം ശലഭങ്ങളൊന്നിച്ചിറങ്ങിയോ?
അതോ മേഘം പൊടിഞ്ഞിങ്ങു പോന്നതാണോ?

കതിരവനുണര്‍ന്നു കണികാണുവാനായ്‌,
മഞ്ഞില്‍ക്കുളിച്ചവള്‍ നിന്നു ചാരെ..
കതിരവനുണര്‍ന്നു, കണ്‍പാര്‍ത്ത നേരം,
നോക്കി നിന്നുപോയ്‌, നിര്‍ന്നിമേഷനായി..

ശുഭ്രവസ്ത്രാംഗിതയാം തോഴിയോടായ്‌
കതിരോന്‍ മൊഴിഞ്ഞു, മലര്‍ മേനി നോക്കി
ഞാനുറങ്ങീടവേയെന്തിനെന്‍ തോഴി നീ
തുമ്പപ്പൂ മൂടിയതീവണ്ണം നിന്‍ മേനിയെ?

ഒരു നിറകണ്‍ചിരിയുമായ്‌, മൂകയായ്‌,
അവളൊരു നിമിഷനേരം തല കുനിച്ചു..
തെല്ലൊന്നു വെമ്പി, പുല്‍കിയാളവനെ,
കാതില്‍ മന്ത്രിച്ചു, "ഇതു മഞ്ഞുകാലം"..










Monday, January 30, 2006



എന്റെ നാട്‌..


ഒരു കുഞ്ഞു സ്വപ്നത്തിന്‍ ജാലക വാതിലിന്‍
പടിവാതില്‍ നീ മെല്ലെ കടന്നു പോകെ,
എത്ത്ര ദൂരത്തെന്നോര്‍മ്മയില്ലാതെയെന്‍
ഹൃദയമാം നിറകുടം തുളുമ്പി നിന്നു..
തെളിനീരിലൊരു തുള്ളി നീര്‍മുത്തതില്‍ നിന്നു
ഞാനറിയാതെയെന്‍ കണ്‍ നിറച്ചു..
അമ്മയുമച്ഛനും കൂടിയെന്‍ കൈപിടിച്ചീ
വഴിയെത്ത്ര പോയതെങ്ങിനെ ഞാന്‍ മറക്കും?
ആ പാടത്തിറക്കിന്റെ വക്കത്ത്‌
ഒരു നാളല്ല, പലനാള്‍ കളിച്ചതല്ലെ?
പലപല സ്വപ്നങ്ങള്‍, പലപല ദുഃഖങ്ങള്‍,
ഇനിയെന്നു നെയ്യും ഞാനാ പുല്‍പ്പറമ്പില്‍?
ഇനിയെന്നു കാണുമാ വയലിന്റെ ഭംഗിയും
സ്നേഹം വിളമ്പുമാ നിറചിരികളും?

ഇനിയെന്നു കാണും ഞാന്‍?........

(ഗൃഹാതുരനായ ഒരു പ്രവാസിയുടെ ജല്‍പ്പനങ്ങള്‍ -
ഭാഗം തീരുമനിക്കുമ്പൊ അറിയിക്കാം :-))

ജോയുടെ സംഗീതാവിഷ്കരണം ഇവിടെ കേള്‍ക്കാം.. സൂഫി, തുളസി, ജോ- നന്ദി!..

Thursday, January 19, 2006

Baltimore in the night
വെറുതേയിരുന്നു ചിരിക്കുന്ന രാത്രി..
ഉറക്കമൊഴിക്കുന്ന വഴിവിളക്കുകള്‍..
ഞാനിവിടെ എന്താണു ചെയ്യുന്നത്‌?
ഞാന്‍ എവിടേക്കാണു പോവുന്നത്‌?
ലക്ഷ്യമില്ലാത്ത എന്റെ മനോരഥത്തിന്റെ
ചക്രമുരുളുന്ന വഴിനോക്കി നില്‍ക്കുന്നതാരാണ്‌?
എന്തിനാണു ഞാനിവിടെ വന്നത്‌?

ഇതൊക്കെ അറിയുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ ഹേ! ഇതൊക്കെ ചോദിക്കുന്നത്‌?