Wednesday, September 20, 2006

ധന്യ, നീ..

എന്നുമീ വാതില്‍ തുറന്നുവരുന്നൊരാ
നറു പുഞ്ചിരി കാണാന്‍ കൊതിച്ചിരിപ്പൂ
ഞങ്ങളെ സ്നേഹത്തിന്‍ പൂക്കളാല്‍ മൂടിയ
ഹൃദ്യമാം പുഞ്ചിരി, എങ്ങുപോയ് നീ?

അനുദിനമെന്നോണമേറുന്ന വേദന
പുഞ്ചിരിക്കുള്ളില്‍ മറച്ച പൂവേ
ഏവരുടെയും ചിരികള്‍തന്‍ മൂലമാം
നീയേയിതെങ്ങിന്നു പോയ് മറഞ്ഞൂ?

വേദനയേറിലും നിന്റെ ചിരിയാലെ
ഈയാരാമമെങ്ങും നിറഞ്ഞ പൂവേ,
നീയുമിന്നാരാമ ഭംഗിയില്‍നിന്നുയര്‍ന്നാ-
കാശഭംഗിയില്‍ പോയിയെന്നോ?

ധന്യ നീ, യെത്രയും ഓര്‍മ്മകള്‍മാത്രമായ്,
പര ശതം ജന്മങ്ങള്‍ ബാക്കിയായി..
നിന്‍ ചിരിയെന്നാലും മായില്ലൊരുനാളും,
ഞങ്ങള്‍ തന്‍ ഹൃത്തില്‍ നീ മഴയായിടും..

കണ്‍കള്‍ നിറക്കുന്നതിഷ്ടമല്ലെന്നാലും
നിറകണ്‍കളോടതു ചൊല്‍‌വതാമോ?
ഒരുപെരുമഴയങ്ങു പെയ്തിറങ്ങീയിന്നു
കാര്‍മേഘമില്ലാത്ത വിണ്ണില്‍നിന്നും..

നിന്‍ചിരിയെങ്കിലും മായില്ലൊരു നാളും
ഹൃദയത്തില്‍ കൊത്തിയ കവിതപോലെ..

നിന്‍ ചിരിയെന്നാലും മായില്ല.....
ധന്യ നീ.......

ഒരുപിടിയോര്‍മ്മകളും, ഒരുപിടി വേദനകളും മാത്രം ബാക്കിയാക്കി ഞങ്ങളുടെ ലോറ കടന്നു പോയി..

എപ്പോഴും ചിരിക്കാന്‍ മാത്രമറിയുന്ന, കാര്‍ന്നു തിന്നുന്ന ലിവര്‍ കാന്‍സറിന്റെ വേദനയില്‍ നടക്കാന്‍ ബുദ്ധിമുട്ടുമ്പോഴും മായാത്ത ചിരിയുമായി ഞങ്ങളുടെ എല്ലാ ജോലിക്കും എപ്പോഴും സഹായിക്കാന്‍ ഓടിയെത്തുമായിരുന്ന, കീമോതെറാപ്പിക്കായി വരുമ്പോള്‍ കൂടെ വരുന്ന ഭര്‍ത്താവിനോട് വാശിപിടിച്ച് ഞങ്ങളേക്കാണാന്‍ 25-ആം നിലയില്‍ കേറിയെത്തി മെല്ലെ എല്ലാവരേയും കണ്ട്, ചിരി വിതറിയിരുന്ന, പാവക്കുട്ടിയേപ്പോലിരിക്കുന്ന ഒരു പത്തുവയസ്സുകാരന്റെ അമ്മയായ, ഹവായി കടല്‍ത്തീരത്തിനെ അകമഴിഞ്ഞു സ്നേഹിച്ചിരുന്ന, പണിയിലെ ആത്മാര്‍ത്ഥതക്കും, പെര്‍ഫെക്റ്റ് അറ്റന്‍ഡന്‍സിനും കമ്പനിയുടെ അഞ്ചു വര്‍ഷത്തെ ജേതാവായിരുന്ന, ചീത്തപറയാനറിയാത്ത, വഴക്കു കൂടാനറിയാത്ത, ഞങ്ങളുടെ ലോറ പോയി...

ധന്യ നീ.......

ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കുകില്ലൊരിക്കലും നിന്നെയാരും... ആദ്യമായി കാണുന്ന ഒരാളെ ചിരപരിചിതനെന്നു തോന്നിപ്പിക്കുന്ന നിന്റെ ചിരിയും, നീ വിതറിയ സ്നേഹവും മറക്കുവതെങ്ങനെ?

ധന്യ നീ.......

ഇന്നു വൈകീട്ട് ഒരു ചെറിയ കൂട്ടത്തിലെ നിറഞ്ഞ കണ്ണുകളെ നോക്കി, ഞങ്ങളുടെ ഡയറക്ടറ് ഡയാന പറഞ്ഞതു പോലെ “Laura showed us how to smile in pain, and we should keep that smile on..“

നിന്റെ സാന്നിധ്യം മറക്കില്ലൊരിക്കലുമീ ചെറിയ കുടുംബം.. നിന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു ഞങ്ങള്‍, ലോറ..

ധന്യ നീ.......

-ഇന്നു ഞങ്ങളെ വിട്ടു പോയ ലോറ ബിര്‍ക്കിത്ത് എന്ന മായാത്ത പുഞ്ചിരിക്കു വേണ്ടി. ചരമക്കുറിപ്പ് ഇവിടെ

ഈ വരികള്‍ക്ക് അനംഗാരി മാഷ് ഇവിടെ ജീവന്‍ നല്‍കിയിട്ടുണ്ട്. മാഷിനു നന്ദി.

Friday, September 08, 2006

മഴ

അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു, മണ്ണിലും, വിണ്ണിലും, മനസ്സിലും, മുഖത്തും. പൂമുഖത്തു വന്നവര്‍ ഉറക്കെ ചിരിച്ചുകൊണ്ട് പടിയിറങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കാത്തവണ്ണം വാതില്‍ ചേര്‍ത്തടച്ചു. കാണാന്‍ വന്നവര്‍ ചിരിക്കുന്നു, കുശലം പറയുന്നു.. ആര്‍ക്കോ വേണ്ടി ഞാന്‍ മുഖത്തെടുത്തുറപ്പിച്ച ചിരിയില്‍ മയങ്ങി എല്ലാവരും പറഞ്ഞു, ‘കണ്ടില്ലേ, എന്തൊരു ഐശ്വര്യം, സന്തോഷം‘.. ഹാ‍..

തലേന്ന് തീവണ്ടിയിറങ്ങിയപ്പോള്‍ തോളത്തുണ്ടായിരുന്ന ബാഗ് തുറക്കാതെ തന്നെ മൂലക്കിട്ടിരുന്നു. അതിന്റെ വശത്തെ കള്ളറയിലെ മൊബൈല്‍ ഫോണ്‍ അപ്പോഴും നിശ്ശബ്ദമായിരുന്നു. വശത്തിരിക്കുന്ന കവറിലെ വാക്കുകള്‍ ഒരിക്കല്‍ കൂടി മനസിലോര്‍ത്തു. വസ്ത്രം മാറാന്‍ നില്‍ക്കാതെ ആ ബാഗെടുത്തു തോളത്തിട്ടു പകച്ചു നില്‍ക്കുന്ന വീടിനെ സാക്ഷിയാക്കി ഇറങ്ങി നടന്നു.

അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു....

Monday, September 04, 2006

സ്റ്റീവ് ഇര്‍‌വിന്‍ അന്തരിച്ചു

ക്രൊക്കൊഡൈല്‍ ഹണ്ടര്‍ എന്ന ഡോക്യുമെന്ററി സീരീസിലൂടെ പ്രശസ്തനായ, ആസ്ട്രേലിയന്‍ പരിസ്ഥിതി ഗവേഷകനും, വന്യജീവി വിദഗ്ദ്ധനുമായിരുന്ന സ്റ്റീവ് ഇര്‍‌വിന്‍ അന്തരിച്ചു.ക്വീന്‍സ്‌ലാന്‍ഡിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ തിരണ്ടി (സ്റ്റിങ് റേ)വാലുകൊണ്ട് ഹൃദയത്തില്‍ കുത്തേറ്റായിരുന്നു അന്ത്യം. ഭാര്യയും രണ്ടുമക്കളും ഉണ്ട്. നാല്‍പ്പത്തിനാലു വയസായിരുന്നു.

പുതു തലമുറയ്ക്ക് വന്യജീവികളില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വം അവതാരകരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.ബീബീസി വാര്‍ത്ത ഇവിടെ
ബീബീസി ന്യൂസ് വീഡിയോ ഇവിടെ
വിക്കിപ്പീഡിയ ലേഖനം ഇവിടെ

ആദരാഞ്ജലികള്‍.