Saturday, May 06, 2006

വനരോദനങ്ങള്‍

ചിന്തയില്‍ നിന്നുണര്‍ന്ന്‌, ഞാന്‍ ചുറ്റും നോക്കി. സന്ധ്യ മയങ്ങിത്തുടങ്ങിയല്ലോ! ദിവസം പോണതെത്ര പെട്ടെന്നാ, പകലന്തിയാവുന്നത്‌ അറിയുന്നു കൂടി ഇല്ല. ഞാന്‍ മനസ്സിലോര്‍ത്തു. മഴ പെയ്ത്‌ തോര്‍ന്നു.. റോഡില്‍ മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്‌.. മെല്ലെ കാലിലേക്കു നോക്കി. കാലില്‍ അപ്പിടി ചെളിവെള്ളം തെറിച്ച പാടുകള്‍.. ആകെ വൃത്തികേടായീലോ.. ഓ, കുനിയാന്‍ വയ്യ.. അതവിടെ തന്നെ കിടക്കട്ടെ.. അല്ലാതെന്താ ചെയ്യാ.. ഇന്ന് ഇത്‌ രണ്ടാമത്തെ മഴയാണ്‌. അടുത്ത മഴക്കു മുന്‍പേ വീട്ടിലെത്താനുള്ള തിടുക്കത്തിലാണ്‌ ബസ്സ്‌ സ്റ്റോപ്പിലെ എല്ലാവരും.. അപ്പുറത്തെ മരച്ചുവട്ടിലിരുന്നു നാട്ടിലെ വയോധിക സംഘം വെടിപറഞ്ഞു പൊട്ടിച്ചിരിക്കുന്നത്‌ കേള്‍ക്കാനുണ്ട്‌.. രാമന്‍ മാഷുടെ ശബ്ദം കവിത ചൊല്ലുന്നത്‌ അവ്യക്തമായി കേള്‍ക്കാം..

"എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ, ചുണ്ണാമ്പു ചോറും,
പുഴുക്കൂട്ടം തത്തിടുമുപ്പിലിട്ടതും,
പച്ചച്ചക്കയില്‍ മോരൊഴിച്ചു വഷളാക്കിത്തീര്‍ത്തൊരാ
കൂട്ടാനുമുണ്ടിന്നെറണാകുളം ഹോട്ടലില്‍!"

മാഷ്‌ ഈണത്തില്‍ ചൊല്ലി നിര്‍ത്തിയപ്പോള്‍ കൂട്ടച്ചിരി മുഴങ്ങി... കൊള്ളാം! നല്ല കവിത.. എന്നും വൈകീട്ട്‌ ഇവരുടെ വെടിവട്ടത്തിന്‌ മൂകസാക്ഷിയായില്ലെങ്കില്‍ ഇപ്പോള്‍ ഉറക്കം വരില്ല എന്നായിരിക്‌ക്‍ണൂ.. അല്ലെങ്കിലും എന്നും അവരുടെ ചര്‍ച്ചകള്‍ കേട്ടാണല്ലോ സൂര്യന്‍ വരെ അസ്തമിക്കുന്നത്‌? വീട്ടിലെ പാവക്കയുടെ വലിപ്പം മുതല്‍ ഇന്‍ഡ്യാ പാകിസ്ഥാന്‍ യുദ്ധം വരെ ഇത്ര ലാഘവത്തോടെ ചര്‍ച്ച ചെയ്യാന്‍ എങ്ങനെ കഴിയുന്നു എന്ന് അദ്ഭുതപ്പെടാറുണ്ട്‌ പലപ്പോഴും.. ബോറടിച്ചിരിക്കുന്ന വൈകുന്നേരങ്ങളില്‍ സമയം കൊല്ലാനാണ്‌ അവരുടെ സംസാരം ശ്രദ്ധിച്ചു തുടങ്ങിയത്‌.. ഇപ്പോ അത്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരിക്കുന്നൂ.. കുടിയന്‍ പാച്ചു വൈകുന്നേരമായാല്‍ ഒരു നൂറ്‌ കിട്ടാന്‍ വെപ്രാളപ്പെടുന്ന പോലെ, അതു കേള്‍ക്കാതിരിക്കുന്നാല്‍ വൈകുന്നേരങ്ങളില്‍ ഒരു സഞ്ചാരമാണ്‌.. ഇന്നു കിച്ചമ്മാനെ കണ്ടില്ലല്ലോ? സാധാരണ ഈ നേരത്ത്‌ കാലിയായ ഉന്തുവണ്ടി നിറവണ്ടിപോലെ വലിച്ച്‌ പോവുന്ന കാണാറുള്ളതാണ്‌.. ഇന്ന് ജാനുവമ്മയേം കണ്ടില്ല. അല്ലെങ്കിലെന്റടുത്ത്‌ വന്നിരുന്നു മുറുക്കീട്ടല്ലേ പോവാറുള്ളൂ? എല്ലാരും എവിടെ പോയോ എന്തോ? മഴയായോണ്ട്‌ എവിടെങ്കിലും കേറി നിന്നു കാണും.. ആളുകളും പാട്ടും അരങ്ങും ശബ്ദങ്ങളും ഒഴിഞ്ഞു തുടങ്ങി.. ഓ, അവസാനത്തെ ബസ്സാണല്ലോ.. ഇനി ഈ ഞാനായിട്ട്‌ ഇവിടെ ഇന്നിട്ടെന്തിനാ? എന്ന് ചോദിക്കണമെന്നുണ്ട്‌.. അല്ലെങ്കില്‍ എന്തിനാ വെറുതെ?

ആരാ ആ ഇരുട്ടത്ത്‌? രൂപം പരിചയം തോന്നുന്നില്ലല്ലോ? കുന്നുമ്പറമ്പിലെ ആശ മോളാണോ? അല്ലല്ലോ? പിന്നെ ആരാ ഈ അസമയത്ത്‌? അവസാന ബസ്സും പോയിട്ട്‌ ഒരു മണിക്കൂറെങ്കിലും ആയിക്കാണും.. അടുത്തെത്തിയപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖം.. പേടിച്ചരണ്ട മുഖത്തെ ആ കണ്ണുകള്‍ അരണ്ട വെളിച്ചത്തില്‍ ആരേയോ തേടുന്നുണ്ടായിരുന്നു.. എപ്പോള്‍, എവിടെയാണ്‌ ഞാനിവളെ കണ്ടിരിക്കുന്നത്‌? ഓര്‍മ്മ കിട്ടുന്നില്ലല്ലോ? ഓ! ഈ കുട്ടിയല്ലേ ഇന്നലെ വൈകീട്ടത്തെ ബസ്സില്‍ ഒരു ചന്ദനക്കുറിയിട്ട നീല ഷര്‍ട്ടുകാരന്റെ കൂടെ വന്നിറങ്ങിയത്‌? വന്നിറങ്ങി, എന്നെ ഒന്നു നോക്കി അയാളുടെ കൂടെ കലാധരന്റെ ഓട്ടോയില്‍ കേറിപ്പോയതല്ലേ? കലാധരന്‍ 'ഇത്തിരി വൈകും, ലോങ്ങാണേ' എന്നു ചിന്നനോട്‌ വിളിച്ച്‌ പറഞ്ഞ്‌ പോയതല്ലേ? അവള്‍ വിമ്മി വിമ്മി കരയുന്നുണ്ട്‌.. എന്റെ അടുത്തേക്ക്‌ വേച്ച്‌ വേച്ചു നടന്നെത്തുമ്പോള്‍ അവളുടെ തലയിലെ ചതഞ്ഞ മുല്ലപ്പൂക്കള്‍ കരിഞ്ഞുതുടങ്ങിയിരിക്കുന്നു.. ഓരോ കരിയില അനങ്ങുമ്പോളും ഞെട്ടി വിറച്ചിരുന്ന അവള്‍ അപ്പോഴും ആരെയോ തേടുകയാണ്‌.. ഇന്നലെ വന്നിറങ്ങിയപ്പോള്‍ ആ കണ്ണുകളില്‍ ഉണ്ടായിരുന്ന തിളക്കം ഇപ്പോഴില്ല.. അവളുടെ മുഖം, കത്തുന്ന നാളത്തെ ഊതിക്കെടുത്തിയ ഓട്ടുവിളക്കിനെ ഓര്‍മ്മിപ്പിക്കുന്നു.. എന്റെ അടുത്തെത്തിയ അവള്‍ എന്നെ ചാരി നിന്നു കരഞ്ഞു കൊണ്ട്‌ എന്തൊക്കെയോ പറയുന്നുണ്ടല്ലോ? നിന്നെ... ചതി.... സ്നേഹം.. ഒന്നും വ്യക്തമാവുന്നില്ല. അല്ലെങ്കിലും എന്റെ അടുത്തിരുന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നതൊന്നും എനിക്കു മനസ്സിലായിട്ടില്ലല്ലോ, ഒരിക്കലും? അവള്‍ പുലമ്പിക്കൊണ്ട്‌ ആ ഇരുട്ടുള്ള കുറ്റിക്കാട്ടിലേക്കു നീങ്ങി..ഇപ്പോഴും അവളുടെ തേങ്ങലുകള്‍ ഒരു ചാറ്റല്‍ മഴയായി പെയ്തിറങ്ങുന്നതു കേള്‍ക്കാമെനിക്ക്‌. അവള്‍ ഇപ്പോഴും വിറക്കുന്ന ശബ്ദത്തില്‍ ആരോടെന്നില്ലാതെ പരിഭവം പറയുന്നു. കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍ ആരെയോ തേടിക്കൊണ്ടിരിക്കുന്നു, ഭയപ്പാടോടെ.. അല്ല. ആളൊഴിഞ്ഞ വീഥിയില്‍ ഇനിയെന്തിനു വഴി വിളക്ക്‌?

ഇനി ഞാനുറങ്ങട്ടെ..

-1997 (വിഷയം: ഇരുളിന്റെ മറവിലെ ഭയവിഹ്വലയായ പെണ്‍കുട്ടി)

14 comments:

കണ്ണൂസ്‌ said...

ശനിയാ,

അവസാനം ആ വര്‍ഷവും വിഷയവും ഇട്ടിരിക്കുന്നതെന്താ? ഏതെങ്കിലും മത്സരത്തിനു എഴുതിയ കഥയാണോ? എന്തായിരുന്നു ഫലം എന്നിട്ട്‌?

കുറച്ചു കൂടി മൂര്‍ച്ച കൂട്ടാമായിരുന്നു.

ശനിയന്‍ \OvO/ Shaniyan said...
This comment has been removed by a blog administrator.
സ്നേഹിതന്‍ said...

വെറും വനരോദനമല്ല, മനസ്സിന്റെ വ്യത്യസ്ത അവസ്ഥകളുടെ ഹ്രസ്വമായ ചിത്രീകരണമെന്ന് തോന്നി. നന്നായിരിയ്ക്കുന്നു.

ശനിയന്‍ \OvO/ Shaniyan said...

സ്നേഹിതാ, നന്ദി.. അത് തീരെ ഹ്രസ്വം തന്നെയാണ്.

സ്വാര്‍ത്ഥന്‍ said...

ഇഷ്ടമായി

ശനിയന്‍ \OvO/ Shaniyan said...

ആ! പരീക്ഷണം.... പോട്ടെ, വിട്ടേക്കൂ.. അവന്‍ ആരാ?

Sarah said...

I have no choice but to comment in English.. I can read Malayalam very well..but written part, like you guys do..it is so hard to do..the prose, the way to describe in Malayalam is sooooo beautiful..
I wanted to send a letter to my grandmother in Malayalam. It would start like priyapetta ammachi ariyunnathinu..Then It will end with the paper crumpled and thrown in the bin. The thoughts in English never gets converted to malayalam..I am ashamed of myself

ശനിയന്‍ \OvO/ Shaniyan said...

സ്വാര്‍ത്ഥഗുരോ, നന്ദി!
ഇമിഗ്രന്റേ, നന്ദി!!

Anonymous said...

ആ കഥ മൊത്തം എപ്പോഴാ പബ്ലിഷു് ചെയ്യുന്നെ? ഇങ്ങിനെ ഇച്ചിരെകോളം തന്ന് കൊതിപ്പിക്കുന്നതു എന്തിനാ?

മഴനൂലുകള്‍ .:|:. Mazhanoolukal said...

ശനിയാ,

ഭയവിഹ്വലയായ പെണ്‍കുട്ടി എന്റെ മനസ്സിലും വിഹ്വലതകള്‍ തന്നെയാണുണര്‍ത്തുന്നത്‌. പക്ഷേ എത്ര നേരം???

ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറഞ്ഞ "കഥ"...
അവനും ഭാര്യയും connection train കാത്ത്‌ പാതിരാവില്‍ ഏതോ സ്റ്റേഷനിലെ വിജനമായ പ്ലാറ്റ്‌ഫോമിലിരിയ്ക്കുന്നേരം ഇരുളില്‍ നിന്നൊരു പെണ്‍കുട്ടി നിലവിളിച്ചുകൊണ്ടോടി വന്നു. എന്താണു സംഭവിയ്ക്കുന്നതെന്നു തിരിച്ചറിയും മുന്‍പുതന്നെ അവളെ ആരൊക്കെയോ ചേര്‍ന്നു തിരികെ വലിച്ചിഴച്ച്‌ കൊണ്ടു പോകുന്നതും ആ നിലവിളി അമര്‍ന്നില്ലാതാവുന്നതും അവിശ്വസനീയതയോടെ നോക്കിനില്‍ക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളു.

നമുക്കിതെല്ലാം ആര്‍ക്കൊയ്ക്കയോ സംഭവിക്കുന്ന കഥകള്‍ മാത്രം അല്ലേ? അതോ നമ്മള്‍ ദൈവത്തിനോടു നന്ദി കൂടി പറയുന്നുണ്ടോ, നമുക്കിതൊന്നും സംഭവിച്ചില്ലല്ലോ എന്ന്‌?

എളുപ്പം, ഇതുപോലുള്ള കാഴ്ച്ചകള്‍ കാണാതിരിയ്ക്കയാണ്‌, അറിയാതിരിയ്ക്കയാണ്‌ എന്ന് കരുതുന്നത്‌ നിസ്സഹായതമൂലമോ അതോ ഒളിച്ചോട്ടമോ എന്റെ മനസ്സിന്റെ?

Pradip Somasundaran said...
This comment has been removed by a blog administrator.
Pradip Somasundaran said...
This comment has been removed by a blog administrator.
Pradip Somasundaran said...

Liked your orumanju...song very much....Would like to have malayalam lyrics for another song composed for Blogswara..
can you.....?

http://www.pradipsomasundaran.com/shikwe-effect.mp3

Meaning of the song could be same as Ajay has penned in hindi...
(Broken heart.....moving away....far....)
Pradip

ശനിയന്‍ \OvO/ Shaniyan said...

യെല്‍‌ജീ, ബാക്കി ഓര്‍മ്മ ഉണ്ടായിരുന്നെങ്കില്‍ ഇത്രേം ഇടില്ലായിരുന്നു.. നന്ദി!

മഴനൂലുകള്‍, നന്ദി! ആ ഒളിച്ചോട്ടമല്ലേ, നമ്മെ ഇവിടെ വരെ ഓടിക്കുന്നത്? എത്രകാലം? ആര്‍ക്കറിയാം?

പ്രദീപ് മാഷെ, സന്ദര്‍ശിച്ചതിനു നന്ദി! ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം!