Thursday, April 13, 2006

സാന്ദ്രം

മനസിന്നുള്ളില്‍ സ്വപ്നം തീര്‍ത്തൊരു
മായാലോകത്തിന്‍ വാതില്‍ക്കലായ്‌
മാമ്പൂ പൊഴിയുമാ മുറ്റത്തിന്നപ്പുറം
മാരിവില്‍ തോല്‍ക്കുമാ കൊച്ചു ഗേഹം

ഒരു കൊച്ചു വീടുണ്ടെനിക്കോര്‍മ്മയില്‍
ഒരു പൊന്നിളം തെന്നലായിന്നു വീശാന്‍..
ഓമലേ നീയെന്റെ മാനസതീര്‍ത്ഥത്തില്‍
ഓളങ്ങള്‍ തീര്‍ത്തു മറഞ്ഞതെങ്ങോ?

ഇന്നെന്റെ പൂമുഖവാതില്‍ക്കലാരെയോ
ഇരവിന്റെ വരവിലായ്‌ കാത്തുനില്‍ക്കേ,
ഇതള്‍പോയ പൂവിന്റെയാര്‍ദ്രമാം ഭാവം
ഇന്നറിയാതെ എന്‍ മനം കടമെടുത്തു..

എവിടെയെന്നാത്മാവിന്നരുണിമ പോയെന്ന്
എവിടെയോ വെച്ചു സഖി ചോദിച്ച നാള്‍
എവിടേയ്ക്കെന്നറിയാത്തൊരെന്‍ പാതയില്‍
എത്രയോ അരുവികള്‍ ഒന്നു ചേര്‍ന്നു..

അലസ വിദൂരം, ഞാന്‍ തെല്ലു പോകവേ
ആമോദമെന്നുളിലായ്‌ തിരതല്ലി നിന്നു!
ആദ്യമായ്‌ ലോകത്തെക്കാണ്മതിന്‍ ഭാവമോല്‍
ആലസ്യമന്യേ ഞാന്‍ തളിര്‍ത്തു നിന്നു ..

രാവിന്റെ സംഗീതം സന്ധ്യയില്‍ ചാലിച്ച്‌
രാഗാര്‍ദ്രയാമെന്‍ മനസ്സില്‍ നിറച്ച നേരം,
രാത്രിമഴ പെയ്തൊരെന്‍ അങ്കണം തന്നിലായ്‌
രാഗ സുധയായിന്നു നീ വന്നുവെങ്കില്‍...

ഹിന്ദോളരാഗമെന്‍ ഹൃദയമാം വീണയില്‍
ഹര്‍ഷ ബാഷ്പം പെയ്ത നേരമെങ്ങോ?
ഹൃദയ കവാടം തുറന്നിട്ടു ഞാനെന്റെ,
ഹൃദയാഭിലാഷത്തിന്‍ മമ ഭാഷയാലേ..

പ്രാര്‍ത്ഥനാ നിരതമായന്നവിടെ നിന്നപ്പോള്‍
പ്രാണസഖി നീയെങ്ങു പോയ്‌ മറഞ്ഞു?
പ്രണയാശ്രു പോലും മറന്നൊരെന്‍ നേത്രങ്ങള്‍
പ്രതിദിനം നിന്നെയും കാത്തിരുന്നൂ..

പ്രാര്‍ത്ഥനാ നിരതമായന്നവിടെ നിന്നപ്പോള്‍
പ്രാണസഖി, നീയെങ്ങു പോയ്‌ മറഞ്ഞു?
നീയെങ്ങു പോയ്‌ മറഞ്ഞു?
നീയെങ്ങു പോയ്‌ മറഞ്ഞു?- മടി പിടിച്ചിരുന്ന എന്നെ വീണ്ടും പ്രേരിപ്പിച്ച കുമാര്‍ജീക്ക്..

17 comments:

kumar © said...

നന്നായി. സാന്ദ്രം. ഞാന്‍ തന്നെ ആദ്യം കമന്റും എഴുതണമല്ലൊ!

വിശാല മനസ്കന്‍ said...

അപ്പോള്‍ ചുള്ളന്‍ ഒരു കവിയാണല്ലേ..!

നാറാണത്തുഭ്രാന്തനും ഗോതുമ്പുമണികളുമൊക്കെ കാണാതെ പഠിച്ച് അവരിരുവരും പാടിയ ട്യൂണൊപ്പിച്ച് ചൊല്ലിയുള്ള അടുപ്പമേ കവിതയുമായുള്ളൂ. അതുകൊണ്ട് അധികമൊന്നും പറയാന്‍ ഞാനാളല്ല.

ശനിയന്‍ \OvO/ Shaniyan said...

കുമാര്‍ജീ, നന്ദി!

വിശാല്‍ജീ, അധികം പറയാന്‍ ഞാനും ഒന്നുമല്ലാ, ട്ടോ!

ശനിയന്‍ \OvO/ Shaniyan said...

testing..

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം..... ആ പോരട്ടേ..

Jo said...

nannaayi Kumaretta!! Shaniyaa, kalakkeenduttaa!!!

PS: Nammade Blogswara paattu ethaandu sheryaayittundu.

ശനിയന്‍ \OvO/ Shaniyan said...

Jo,

നന്ദി! എപ്പോഴാ ഒന്നു കേള്‍ക്കാന്‍ പറ്റുക?

സൂഫി said...

ശനിയാ വീണ്ടും... ആ സാന്ദ്രമായ വരികള്‍

ഉമേഷ്::Umesh said...

എല്ലാവരും നല്ലതു പറയുന്നു. പക്ഷേ, എനിക്കെന്തോ ഇതങ്ങോട്ടു പിടിച്ചില്ല. ആ ആദ്യാക്ഷരപ്രാസം കൃത്രിമവും വിരസവുമാണു്. പഴയ ചില വിരസമായ സിനിമാഗാനങ്ങള്‍ പോലെ. ശബ്ദഭംഗിയ്ക്കു പുറകേ പോയതുകൊണ്ടാണെന്നു തോന്നുന്നു അര്‍ത്ഥത്തിലും വലിയ ഭംഗിയൊന്നും തോന്നുന്നില്ല. ശനിയനു് ഇതിനെക്കാള്‍ നന്നായി എഴുതാന്‍ കഴിയും എന്നാണു് എനിക്കു തോന്നുന്നതു്.

ഈ അഭിപ്രായത്തില്‍ ഞാന്‍ ഒറ്റയ്ക്കാണോ? എല്ലാവരും കൂടി എന്നെ ഓടിച്ചിട്ടു തല്ലുമോ? അതോ ഞാന്‍ രാജാവിനു തുണിയില്ലെന്നു പറഞ്ഞ വെറുമൊരു കുട്ടി മാത്രമോ?

സന്തോഷ് said...

കവിത നന്നായി ശനിയാ. ആദ്യാക്ഷര പ്രാസം അരോചകമാണെന്ന ഉമേഷിന്‍റെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ. (ശ്രീകുമാരന്‍ തമ്പിയുടെ സൂക്കേടുപോലെ. ആ കാരണത്താല്‍ എനിക്ക് തമ്പിയങ്ങുന്നിനെ കണ്ടൂടാ.)

സസ്നേഹം,
സന്തോഷ്

.::Anil അനില്‍::. said...

ശനിയന്‍ നന്നായി കവിതയെഴുതും, ഇതിലും നന്നായിത്തന്നെ.
പ്രാസത്തിനുവേണ്ടി പ്രാസം ആയതാവും കൃത്രിമമായി തോന്നുന്നത്.
:)

ശനിയന്‍ \OvO/ Shaniyan said...

സൂഫീ, നന്ദി.. ഇത്തിരി കൂടിപ്പോയി (സാന്ദ്രത) എന്നു മനസ്സിലായി ;)

ഉമേഷ്ജീ, സന്തോഷ്ജീ, അനില്‍ജീ, ഈ വക കമന്റുകളാണ് ‘കിട്ടുന്നില്ലാ, കിട്ടുന്നില്ലാ‍ാ’ എന്നു പറഞ്ഞ് ഞാന്‍ കരയാറുള്ളത്.. ഒന്നു പരീക്ഷിച്ച് നോക്കിയതാ, ഇങ്ങനെ എഴുതിയാല്‍ എന്ത് സംഭവിക്കും എന്ന്. ഇത് ഒരു മണിക്കൂറില്‍ എഴുതി പോസ്റ്റിയതാ.. രണ്ടാമതു വായിച്ചു നോക്കിയതും ഇല്ല.. നിങ്ങളെല്ലാവരുടേം കമന്റ് കണ്ടപ്പോ ഒന്നൂടെ വായിച്ചു. അപ്പൊ തന്നെ മനസ് ‘പണിപാളും നേരം കമലന്‍ ചേട്ടന്റെ, നാവതില്‍ വാണി വിളയാടി..’ (കണികാണും നേരത്തിന്റെ പഴയ ഏതോ പാരഡി ;-) ) എന്ന് പാടി.. രാജാവ് നഗ്നനാണെന്ന് ആരും പറഞ്ഞില്ലെങ്കില്‍, അത് ഈ പ്രജക്കു മനസ്സിലാവില്ല ഗുരുക്കന്മാരെ.

ഇനി ശ്രദ്ധിക്കാം.

(അപ്പൊ ഇത് വെക്കണോ കളയണോ?)

സ്വാര്‍ത്ഥന്‍ said...

എനിക്കിഷ്ടമായി :)

ഉമേഷ്::Umesh said...

കളയണ്ടാഡോ. നല്ല രണ്ടു തല്ലു കൊടുത്തു നന്നാക്കാന്‍ നോക്കു്. പ്രമേയം നല്ലതു തന്നെ. ആ പ്രാസം കുറേ എടുത്തു കളഞ്ഞാല്‍ പകരം വെയ്ക്കാന്‍ നല്ല വാക്കുകള്‍ കിട്ടും.

ഇതിവിടെത്തന്നെ കിടക്കട്ടേ. നന്നാക്കിയതു് വേറേ പോസ്റ്റാക്കു്. ജീവന്മാള്‍ട്ടു കഴിക്കുന്നതിനു മുമ്പും പിമ്പുമുള്ള പടങ്ങള്‍ പോലെ രണ്ടും അവിടെ കിടക്കട്ടേ.

വക്കാരിമഷ്‌ടാ said...

........നിക്കൂഷ്ടായീ

കവിത അല്ലേത്തന്നേ പണ്ടേ എനിക്കൊരു വീക്ക്‍നെസ്സാ.. ത്ര വീക്കാ കിട്ടീര്‍ക്കണേ

കണ്ണൂസ്‌ said...

ശനിയാ, ഇപ്പോഴ കണ്ടേ.

നന്നാക്കാം എന്നു ഗുരുക്കള്‍ പറയുന്നതു കേട്ട്‌ ഡിലീറ്റല്ലേ. ഈണത്തില്‍ 36 വരി കവിതയെഴുതുന്നത്‌ ചെറിയ കാര്യമല്ല. അഭിപ്രായങ്ങള്‍ തൂക്കി നോക്കി തള്ളേണ്ടത്‌ തള്ളി, കൊള്ളേണ്ടത്‌ കൊണ്ട്‌ കൂടുതല്‍ കരുത്ത്‌ ആര്‍ജ്ജിച്ച്‌ ഇനിയും എഴുതൂ.

ശനിയന്‍ \OvO/ Shaniyan said...

സ്വാര്‍ത്ഥ ഗുരോ, നന്ദി!

ഉമേഷ്ജീ, ശ്രമിക്കാം..

വക്കാരി മസ്താനെ (മസ്തകമുള്ളവനെ ;)), വീക്കു കൊണ്ട് കവിത പഠിച്ചാല്‍ നല്ലതാണെന്ന് പറയണ കേട്ടിട്ടുണ്ട്.. ;-)

കണ്ണൂസ് മാഷെ, നന്ദി. അങ്ങനെ ചെയ്യാം..

:-0)