ജനുവരിയിലെ ആ തണുത്ത രാത്രിയില്‍ മണി രണ്ടടിച്ചു.. പതിനൊന്നര വരെ ഓഫീസില്‍ കുത്തിയിരുന്ന്, ഈച്ചയേയും കൊതുകിനേയും ടീം മേറ്റിനെയും അടിച്ച് തിരിച്ചെത്തിയതിനു ശേഷം മനസ്സമാധാനമായിട്ടൊന്ന് ഉറക്കം പിടിച്ച ഞാന്‍ ഞെട്ടിയുണര്‍ന്നു.. ഞാനെവിടെയാണ്, എന്താണ് ഏതാണ് തുടങ്ങിയ ഒരു പിടി ചോദ്യങ്ങള്‍ മനസ്സിലേക്കോടിയെത്തി.. പെട്ടെന്നതാ നാടകത്തിലെ ദുഃഖത്തിന്റെ സംഗീതം പിന്നണിയില്‍ മുഴങ്ങുന്നു.. സ്വപ്നമാണോ? ഉറങ്ങാന്‍ കിടന്ന ഞാനെപ്പോഴാ നാടകത്തിനു തട്ടേല്‍ കേറിയേ? കോളേജില്‍ പഠിക്കുമ്പോളാണല്ലൊ ആദ്യമായിട്ടും അവസാനമായിട്ടും തട്ടിനെ അപമാനിക്കുക എന്ന തോന്ന്യാസം ചെയ്തത്? പിന്നെങ്ങനെ നാടകത്തിലെത്തി? എന്ന വേറെ കുറേ ചോദ്യങ്ങള്‍ സിനിമാ ടിക്കറ്റ് എടുക്കാന്‍ ബ്ലായ്ക്കുകാര് കേറുന്ന പോലെ മനസ്സിലേക്കിടിച്ച് കേറി.. "നിന്റെ ആ ഫോണെടുത്ത് ആ മരണപ്പാട്ട് നിര്‍ത്തടാ!!" എന്ന സഹമുറിയന്റെ സ്നേഹത്തോടെയുള്ള അലര്‍ച്ച എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. ഓ, അപ്പൊ അതാണ് കാര്യം! ഓഫീസില്‍ നിന്നുള്ള ഫോണ്‍ വിളിക്ക് മൊബൈലില്‍ വെച്ച റിംഗ് ടോണാണ് പ്രശ്നം!..
ജീവിത്തിലെ എല്ലാ പ്രശ്നങ്ങളും ഒരു നിമിഷത്തില്‍ തീര്ന്നവന്റെ സന്തോഷത്തോടെ (കാര്യമായി ഒന്നും തലയില്‍ കേറിയില്ലെങ്കിലും) ഫോണിന്റെ പച്ച ബട്ടണില്‍ കേറി ഞെക്കി, നീട്ടി വലിച്ച് 'ഹലൌ' (എന്തുവാടേ ഈ പാതി രാത്രിയില്‍? വേറെ തൊഴിലൊന്നുമില്ലേ?) എന്ന് മൊഴിഞ്ഞു കൊടുത്തു. ഞാന്‍ പറഞ്ഞ പാതി പറയാത്ത പാതി, മറുതലക്കു നിന്നു ഒരു ചോദ്യം: "പാസ്പോര്‍ട്ട് ഉണ്ടോ?".. പാസ്പോര്‍ട്ടോ? എവിടെയോ കേട്ടിട്ടുണ്ടല്ലൊ ആ വാക്ക് (അതു ചോദിച്ച ശബ്ദവും)?.. ഇവനാരടേയ് എന്ന ശബ്ദത്തില്‍ 'എച്ചൂസ് മീ?' എന്നു മറുപടി പറഞ്ഞപ്പോള്‍, "ഞാന്‍ നിന്റെ കാലന് (മാനേജര്‍), നെനക്കു പാസ്പോര്‍ട്ട് എന്ന സുന ഭാരത സര്‍ക്കാര്‍ എന്ന പി സി സര്‍ക്കാരിന്റെ അനിയന് തുല്യം ചാര്‍ത്തി തന്നിട്ടുണ്ടോടാ കൂവേ?" എന്ന മറു ചോദ്യമാണ് എന്റെ ഒരു ചെവി തുളഞ്ഞ് മറ്റേചെവി വഴി പുറത്തു പോയത്.. ഓ! അമ്മാവനായിരുന്നോ, ഇതൊക്കെ നേരത്തേ പറയണ്ടായോ? ഞാനിപ്പം ഏതാണ്ടൊക്കെ കേറി വിളിച്ചേനേ! എന്ന ഭാവത്തില്‍ 'ഒണ്ടേ, അടിയന്റെ പെട്ടീലെങ്ങാനും കാണും' എന്ന് ഭവ്യമായി മറുപടി കൊടുത്തു.. അപ്പൊ ദാ വരുന്നു അടുത്ത ചോദ്യം, വൈവക്കിരിക്കുന്ന വിദ്യാര്‍ത്ഥി അറിയില്ലാ എന്നു പറയണ വരെ ചോദിക്കാം എന്ന ചോദ്യ കര്‍ത്താവിന്റെ മനഃസ്ഥിതി പോലെ: "നിനക്കു ഈ വിസ എന്നു പറയുന്ന ഇണ്ടാസു പതിച്ചിട്ടുണ്ടോ അതില്‍?".. പെട്ടെന്നു മനസ്സില്‍ "ഊരുതെണ്ടിയുടെ ഓട്ടപ്പാസ്പ്പോര്ട്ടില് എവിടുന്നുണ്ടാവാനാ വിസ?" എന്ന് ഒരു മോഹന്‍ലാല്‍ ശൈലിയില്‍ ഒരു മറു ചോദ്യം വന്നെങ്കിലും, ഇല്ല എന്ന മറുപടി കൊടുത്തു.. ഇതു കേട്ടതും,"ഛേ, നെന്നെ നാളെ ഇബ്ടെ ഡിന്നറിനു കൊണ്ടുരാംന്ന് വിചാരിച്ചതാര്‍ന്നു.. ഇനീപ്പെന്തൂട്ടാ കാട്ട്വാ ശ്ശവീ? എന്ന പോലെ കുറച്ച് ഡയലോഗടിച്ചു, മച്ചാന് അങ്ങേത്തലക്കല്‍ നിന്ന്. " ഒന്നു പോ മാഷെ, ഞാനിവിടെ സമാധാനപരമായിട്ട് ഉണ്ടും ഉറങ്ങീം പോണത് കണ്ടിട്ട് സഹിക്കുന്നില്ലേ?" എന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു. ഇതിന്റെ പിന്നാലെ "ഓ രാത്രി രണ്ടു മണി ആയീല്ലേ! ഒറങ്ങിക്കോട്ടോ" എന്നും പറഞ്ഞ് അങ്ങോരു ഫോണ്‍ വെച്ചു. ഇതേതാണ്ട് അത്താഴപ്പട്ടിണിക്കാരനെ വിളിച്ചുണര്‍ത്തി അത്താഴമില്ലാട്ടോ, ഉറങ്ങിക്കോ എന്ന് പറഞ്ഞപോലെയായല്ലോ എന്ന് മനസ്സില്‍ പറഞ്ഞു ഞാനും കിടന്നു..
എന്തായാലും അങ്ങോര്‍ക്കു 'മൊമെന്ററി ഡിസ്ലൊകഷന് ഓഫ് പ്രധാന ബോള്‍ട്ട്സ്' ഉണ്ടായതല്ല എന്ന് പിറ്റേന്നു കെട്ടിയൊരുങ്ങി ഓഫീസിലെത്തിയപ്പോള്‍ മനസ്സിലായി. എനിക്ക് ആ ഇണ്ടാസടിച്ചു തരാന്‍ ഇതുവരെ ആരും മുനകൈ എടുത്തില്ല എന്ന് പറഞ്ഞ് ഡിവിഷന്റെ തലക്കു വരെ കുറിമാനം അയച്ചു കളഞ്ഞു എന്റെ തല.. അതോടെ, എന്റെ പേരു കമ്പനിയുടെ അകത്തളങ്ങളില്‍ മുഴങ്ങിക്കേളക്കാം എന്നായി. എന്താ ചെയ്യാ.. പിറ്റേന്ന് തന്നെ പാസ്പോട്ടുമായി വിസാ ഓഫീസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ആറുമാസം തടവും 'പഴിയും' ഉണ്ടാവുമെന്നും സമന്‍സില്‍ വ്യക്തമായി എഴുതിയിരുന്നു.. അതെനിക്കിഷ്ടമായി - ഹാജരായാല്‍ നാടു കടത്തും, ഇല്ലെങ്കില്‍ തല വെട്ടും! എന്തായാലും നാടുകടത്തിയാലും ജീവിക്കാം എന്ന കണ്ടെത്തലില്‍ ഞാന്‍ ഭാരത സര്‍ക്കാറിന്റെ തുല്യം ചാര്‍ത്തിക്കിട്ടിയ സുനയുമായി കൃത്യ സമയത്ത് ഹാജരായി. അവിടത്തെ ഉപ കാര്യ നിര്‍വാഹക് ആയ ജോസപ്പേട്ടന് വേറെ ഒരു മലയാളിയെ കിട്ടിയ സന്തോഷത്തില്‍ വേഗം ഓടിച്ചു (എന്നെയല്ല) കാര്യങ്ങള്‍.. അങ്ങനെ അദ്ദേഹം എടുത്ത് തന്ന ജൂണിലെ അപ്പോയിന്മെന്റും കൊണ്ട് ഞാന്‍ എന്റെ വഴിയേ പോയി..
ജൂണിലല്ലേ എന്ന സമാധാനത്തില്‍ രാത്രി പകലാക്കിക്കൊണ്ട് പോകുമ്പോള്‍ അതാ വീണ്ടും നിലാവില് ഒരു വിളി.. എന്തായിഷ്ടാ കാര്യംസ്? എന്ന മാനേജരാനന്ദ സ്വാമികളുടെ തിരു മൊഴികള്‍ക്കു മറുപടി കൊടുത്തപ്പോള്‍ പിന്നെ ഉതിര്ന്നതു തീയുണ്ടകളായിരുന്നു.. പോനാല്‍ പോകട്ടും പോടാാ എന്ന് പാടി തൂങ്കിയ ഞാന്‍ രാവിലെ കെട്ടിയെടുക്കാനല്പ്പം വൈകിപ്പോയി.. ഉരുണ്ടുരുണ്ട് കാര്യലയത്തിലെത്തിയപ്പോള് സഹ ക്യൂബിക്കിളന്റെ വക ജോസപ്പേട്ടന് വാലില്‍ തീപിടിച്ചു അന്വേഷിക്കുന്നുണ്ട് ട്റ്റാ, വേഗം ചെല്ല് എന്ന തീപ്പൊരി.. വീണ്ടും ഹൈക്കോടതിയില്‍ ഹാജരാവന്‍ സമന്‍സും കൂടെ കണ്ടപ്പോള്‍ പിന്നെ നിന്നില്ല, ഇറങ്ങി ഓടി. എന്നെ കണ്ടതും വന്ന, "നെനക്ക് ഏപ്രിലില്‍ ഡേറ്റാണ് ട്ടാ", എന്ന ജോസപ്പേട്ടന്റെ നിറചിരിയോടെ ഉള്ള ഡയലോഗ് കേട്ടപാടെ, 'ഛേ, അതൊക്കെ ഇങ്ങനെ വിളിച്ചു പറയുന്നതു മോശമല്യോ' എന്ന മട്ടില്‍ അടുത്തിരുന്ന മറ്റു മലയാളികള്‍ ചിരിക്കാന്‍ തുടങ്ങി. എന്തായാലും, അങ്ങനെ ഡേറ്റു തീരുമാനമായല്ലോ, സമാധാനം എന്ന് പറഞ്ഞിറങ്ങിയ ഞാന്‍ ആ സന്തോഷം സഹിക്കവയ്യാതെ എന്റെ മാനേജരാനന്ദ സ്വാമികള്‍ക്ക് ദൂരഭാഷി കുത്തി ഒരു വീക്കു കൊടുത്തു.. കാര്യം കേട്ടപ്പോള്‍ ഇവനാരെഡേയ്? പാതിരക്ക് ഓരോരുത്തന് ഇറങ്ങിക്കോളും, #*%!@$^*! എന്നും പറഞ്ഞ് അങ്ങോരു ഫോണ്‍ എടുത്തെറിഞ്ഞതെന്തിനാണെന്ന് സത്യമായിട്ടും എനിക്കു മനസ്സിലായിട്ടില്ല, ഇപ്പോഴും..
അങ്ങനെ, അവസാനം ആ സുദിനം വന്നെത്തി.. നാലുമണിയുടെ ശതാബ്ദ്ധിക്ക് പോവാന്‍ രണ്ടുമണിക്കേ ടിക്കറ്റു തന്ന ട്രാവല്‍ ഡെസ്കിനേ ശിരസാ നമിച്ച് ഞാന്‍ ചെന്നൈ എന്ന മദിരാശിപ്പട്ടണത്തിലേക്ക് യാത്രയായി.. എരിതീയില്‍ നിന്നു വറചട്ടിയിലേക്ക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, അവിടെ എത്തിയപ്പോള്‍ കണ്ടു. ഇട്ടിരുന്ന വെള്ള ഷര്‍ട്ട് പത്തു മിനിട്ടില്‍ "ബ്ലാക് ഓര് വൈറ്റ്, ബ്ലാക് ഓര് വൈറ്റ്" എന്ന നിലയിലായി. നാറുന്ന സബര്‍ബന്‍ ട്രെയിനിലെ ഗുസ്തിയും കഴിഞ്ഞ്, നടന്നു പോകുമ്പോള്‍ ആരോ തലയില്‍ കുടം കമത്തിയ അവസ്ഥയില്‍ ഞാന്‍ മുറിയിലെത്തി. പിറ്റേന്ന് രാവിലേതന്നെ പോണമോ വേണ്ടയോ എന്ന സംശയം, അവസ്ഥ ഒന്നു കണ്ണാടിയില്‍ കണ്ടപ്പോള്‍.. ആ അവസ്ഥയില്‍ എന്നെ കോണ്‍സുലേറ്റില്‍ കണ്ടാല്‍ അപ്പൊ പിടിച്ച് പുറത്താക്കും, തീര്‍ച്ച!. അവസാനം, കോണ്‍സുലേറ്റിന്റെ അടുത്തുള്ള ഓഫീസിന്റെ ബ്രാഞ്ചിനെ അഭയം തേടി, വസ്ത്രം മാറലും, രാവിലത്തേതും, വിയര്‍ത്തതും കൂടാതെ ഒരു കുളിയും കൂടി നടത്തി ചെന്നതു കൊണ്ട്, അതൊഴിവായി കിട്ടി.
അവിടെ ഹാജരായി, വരി നിന്ന്, അവിടെ ചെന്നപ്പോള്‍, കിളിവാതിലില്‍ ഇരുന്ന തരുണീ മണി, "നീയെന്തൂട്ടിനാ ഇപ്പൊ അങ്ങ്ട് പോണേ ചെക്കാ?", "പോയാ നീ തിരിച്ച് വരുവോ?" തുടങ്ങി കുറേ പൊട്ടന് ചോദ്യങ്ങള്‍ വായില്‍ ബബിള്‍ ഗം ഇട്ടോണ്ട് ചോദിച്ചു. മുപ്പത്തിരണ്ടും കാണിച്ച് ഞാന്‍ പറഞ്ഞതൊന്നും ആ പാവം മദാമ്മക്കു മനസ്സിലായില്ലെന്ന് ആദ്യമായി തൃശ്ശൂര്‍പൂരം വെടിക്കെട്ട് കണ്ട പട്ടിക്കുട്ടിയുടെ ഭാവം അവിടെ കണ്ടപ്പോള്‍ മനസ്സിലായി. എന്തിനേറെ പറയുന്നൂ, എനിക്കു വിസ കിട്ടി. എന്നെ ഏറനേരം നിര്‍ത്തിയാല്‍ പന്തിയാവില്ലെന്ന് തോന്നിയോ ആവോ?
അതും ഒരു പരീക്ഷ(ണം)
Thursday, April 06, 2006
Subscribe to:
Post Comments (Atom)
9 comments:
ഇവിടെയുള്ളവരൊക്കെ “ഇവനെയൊന്ന് നാടുകടത്താന്‍ സഹായിക്കണേ”ന്ന് ദൈവത്തെ വിളിച്ച് കരഞ്ഞതിന്റെ ഫലമായിട്ടാണ് വിസ ഇത്രേം വേഗം കിട്ടിയത്. ;)
ശനിയാ,
രസകരം, ഈ വിവരണം :)
ഓഫിസില്‍ നിന്നുള്ള ഫോണ്‍വിളികള്‍ക്ക് ഇതൊക്കെത്തന്നെയാണ് പരക്കെയുള്ള റിങ്ങ്റ്റോണ്‍, അല്ലേ?
ആര്‍ഭാടം പോസ്റ്റ് , രസികന്‍ പ്രയോഗങ്ങള്‍. :)
സൂ, കൊള്ളാം.. ആ ആരോപണം ഞാന്‍ നിഷേധിക്കുന്നില്ല :)
മഴനൂലുകള്‍, നന്ദി! അതേ എന്നാണ് എന്റെ അറിവും അനുഭവവും.. ഭാവം മുഴുവന്‍ ആവാഹിച്ചെടുക്കുന്ന ശബ്ദം...
വിശാലാ, ഹാസ്യത്തിന്റെ ബ്ലോഗിലെ കുലപതിക്ക് അടിയന്റെ പ്രയോഗങ്ങള്‍ ഇഷ്ടമായി എന്നറിഞ്ഞിട്ട് ഞാന്‍ നിലത്തൂന്ന് ഒരടി പൊന്തി ട്ടാ.. :) നന്ദി!
എഴുതുന്നതിലെ തെറ്റു കുറ്റങള്‍ ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു
ശനിയണ്ണോ, അപ്പോ പുലിമടേന്ന് തലവരെ പുറത്തിട്ടൂല്ലേ... ഷ്ടായീ കേട്ടോ, പ്രത്യേകിച്ചും കോണ്‍സുലേറ്റിലെ കളമൊഴീടെ ചോദ്യങ്ങള്‍ “...പോയ്യാ നീയിങ്ങ്ട് തിരിച്ച് വര്വോടാ”
നേരത്തേ വായിച്ചിരുന്നു, പക്ഷേ മനോരമ വായിക്കുന്നപോലെയായിപ്പോയി, മോളിലത്തെ ലൈനും നടുക്കത്തെ ലൈനും അവിടുത്തെ ലൈനും പിന്നെ ഇവിടുത്തെ ലൈനും. പിന്നെ ഒന്നുകൂടി വിശാലനായി വായിച്ചതിപ്പോഴാ. ഈമെയില്‍ വന്നേപ്പിന്നെ ശത്രുക്കള്‍ കൂടീന്ന് പറഞ്ഞപോലെ, അപ്പൊത്തന്നെ കമന്റിയില്ലേ പിന്നെ ചിലപ്പോ എങ്ങാനും മറന്നാലോ...
"Hearty Welcome to you, the wonderful person from
Riyadh, Saudi Arabia!!!
"ഇപ്പോഴാ കണ്ടത്. ഞങളൊക്കെ റിയാദുകാരാണേ.. കൂടുതല്‍ വിവരങള് തരാമോ?
എംബിസുനില്കുമര് യഹൂ.കൊം
സ്നേഹപൂര്‍വ്വം, -സു-
എന്തു വിവരമാണ് മാഷേ വേണ്ടത്?
സുനില്‍ ശനിയനെ വല്ലാണ്ട് തെറ്റിദ്ധരിച്ചിരിക്കുന്നു ;)
ശനിയന്‍ സുനിലിനെയും.
ലൊക്കേഷന്‍ അനുസരിച്ച് ശനിയന്‍ ഗ്രീറ്റ് ചെയ്യുന്നതിനെ ശനിയന്‍ താനല്ലയോ റിയാദുകാരനെന്ന്...
അനില്‍ മാഷെ, എനിക്ക് തെറ്റിദ്ധാരണയൊന്നുമില്ല.. ധാരണ വല്ലതുമുണ്ടെങ്കിലല്ലേ അതു തെറ്റാന്‍ വഴിയുള്ളൂ? ;-)
എന്തു വിവരമാണ് വേണ്ടത് എന്നു ചോദിച്ചത് സുനില്ജീയുടെ ചോദ്യം മനസ്സിലാവാത്തതുകൊണ്ടാണേ..
(എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കീട്ടുണ്ടേ!)
Post a Comment