Monday, January 30, 2006



എന്റെ നാട്‌..


ഒരു കുഞ്ഞു സ്വപ്നത്തിന്‍ ജാലക വാതിലിന്‍
പടിവാതില്‍ നീ മെല്ലെ കടന്നു പോകെ,
എത്ത്ര ദൂരത്തെന്നോര്‍മ്മയില്ലാതെയെന്‍
ഹൃദയമാം നിറകുടം തുളുമ്പി നിന്നു..
തെളിനീരിലൊരു തുള്ളി നീര്‍മുത്തതില്‍ നിന്നു
ഞാനറിയാതെയെന്‍ കണ്‍ നിറച്ചു..
അമ്മയുമച്ഛനും കൂടിയെന്‍ കൈപിടിച്ചീ
വഴിയെത്ത്ര പോയതെങ്ങിനെ ഞാന്‍ മറക്കും?
ആ പാടത്തിറക്കിന്റെ വക്കത്ത്‌
ഒരു നാളല്ല, പലനാള്‍ കളിച്ചതല്ലെ?
പലപല സ്വപ്നങ്ങള്‍, പലപല ദുഃഖങ്ങള്‍,
ഇനിയെന്നു നെയ്യും ഞാനാ പുല്‍പ്പറമ്പില്‍?
ഇനിയെന്നു കാണുമാ വയലിന്റെ ഭംഗിയും
സ്നേഹം വിളമ്പുമാ നിറചിരികളും?

ഇനിയെന്നു കാണും ഞാന്‍?........

(ഗൃഹാതുരനായ ഒരു പ്രവാസിയുടെ ജല്‍പ്പനങ്ങള്‍ -
ഭാഗം തീരുമനിക്കുമ്പൊ അറിയിക്കാം :-))

ജോയുടെ സംഗീതാവിഷ്കരണം ഇവിടെ കേള്‍ക്കാം.. സൂഫി, തുളസി, ജോ- നന്ദി!..

77 comments:

SunilKumar Elamkulam Muthukurussi said...

ഇനിയും ജല്‍പ്പനങ്ങള്‍ കേള്‍ക്കട്ടെ.-സു-

സൂഫി said...

ശനിയാ....
എനിക്കീ കവിതയൊന്നു പാടികേൽക്കണം
നല്ലൊരു ഗാനഭംഗിയുണ്ട് ഈ വരികൾക്ക്
ഈ കവിതക്ക് ഈണം പകരാൻ ഇവിടെ ആരെങ്കിലുമുണ്ടോ?

Anonymous said...

ജോയോടു പറഞ്ഞു നോക്കാം.

മലയാളം ബ്ലോഗുകള്‍ said...

ഹൊ..!! എത്ര മനോഹരമായ ചിത്രം..!! അതിന്റെ കൂര്‍മ്മത... (കൂര്‍മ്മതയുടെ അര്‍ത്ഥത്തെ ചൊല്ലി ഇപ്പോഴും കശപിശ ഉണ്ട്‌.).

ചില നേരത്ത്.. said...

മനോഹരം, അവാച്യം.

Jo said...

ഇതിഹാസമേ,

ഈ വരികള്‍ (എന്റെ പരിമിതമായ അറിവു വച്ച്‌) ഞാനീണം നല്‍കി പാടിക്കോട്ടെ? താങ്കളുടെ അനുവാദത്തിനായി കാത്തിരിക്കുന്നു

ശനിയന്‍ \OvO/ Shaniyan said...

സുനില്‍, ഒഴിവുപൊലെ ഇനിയു കേള്‍പ്പിക്കാം :-)
സൂഫി, തുളസി, ജോ, അത്രക്കു നിലവാരം ഉണ്ടൊ? ഉണ്ടെന്ന് തൊന്നുണ്ടെങ്കി ആയിക്കോളൂ.. എനിക്കും കേള്‍ക്കാലൊ? മെലഡി ആയാല്‍ സന്തോഷം ;-)

മലയാളം, എന്റെ അറിവില്‍ കൂര്‍മ്മത എന്നതിനു ഷാര്‍പ്നെസ്സ്‌ എന്ന് ഒരു അര്‍ഥം ഉണ്ട്‌.

ചില നേരത്ത്‌, :-)

ഉമേഷ്::Umesh said...

ശനിയാ, (വിളിക്കാനെന്തൊരു സുഖം!)

“കൂർ‍മ്മത” എന്നതിനു “ആമയുടെ അവസ്ഥ” എന്നേ അർ‍ത്ഥമുള്ളൂ. “കൂർ‍ത്തതിന്റെ അവസ്ഥ”യ്ക്കു് “കൂർ‍മ്മ” എന്നു മതി. നന്മ, വെണ്മ എന്നൊക്കെപ്പോലെ. ആവശ്യമില്ലാതെ സം‍സ്കൃതപ്രത്യയങ്ങൾ തനിമലയാളവാക്കുകളോടു ചേർ‍ക്കുമ്പോൾ ഉണ്ടാവുന്ന വികലസൃഷ്ടികളിലൊന്നാണു് ഇതും.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വികലപ്രയോഗമാണു “കൂർ‍മ്മബുദ്ധി”. ഇതിന്റെ അർ‍ത്ഥം “ആമയുടെ ബുദ്ധിയുള്ളവൻ“ എന്നാണു് - sharp ആയ ബുദ്ധിയുള്ളവൻ എന്നല്ല.

- ഉമേഷ്

Jo said...

Hey, I just posted my tune in my blog. Please check http://jocalling.blogspot.com

ശനിയന്‍ \OvO/ Shaniyan said...

സൂഫി, തുളസി, ജോ- നന്ദി!..

nalan::നളന്‍ said...

പാടിയും കൂടി കേട്ടപ്പോള്‍ ഒരു ഭൂതകാലക്കുളിര്.
നല്ല പടമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

രാജ് said...

സംഗീതം വരികളെ എന്തു മനോഹരമാക്കുന്നു!

Adithyan said...

ഇതെങ്ങനെ ശരിയാവും :-?

നിങ്ങളെന്റെ നാട്ടിൽ വാ... ഇതേ പോലെ ഒരു ഷോട്ട്‌ ഞാൻ എടുത്തു തരാം...

എന്റെ നാടു കോപ്പിയടിച്ചാണോ നിങ്ങടെ നാടുണ്ടാക്കിയത്‌ :-?

viswaprabha വിശ്വപ്രഭ said...

അസാദ്ധ്യം! അവിശ്വസനീയം!


സുന്ദരമായ ഒരു കവിത സുന്ദരമായ ഈണത്തില്‍ സുന്ദരമായ ശബ്ദത്തില്‍.....


അത്യുദാത്തം!



ശനിയാ, ജോ,


ഒടുവില്‍ ബ്ലോഗുകളിലൂടെ ഉത്കൃഷ്ടമായ സംഗീതവും ഒഴുകിയെത്തിത്തുടങ്ങിയിരിക്കുന്നു.


ഇതു നമ്മുടെ ബൂലോഗരുടെയൊക്കെ theme song ആയി തെരഞ്ഞെടുത്തുകൂടേ?



***

സ്നേഹം വിളമ്പും നിറചിരികള്‍ എന്നു മതിയായിരുന്നു. ഇടയ്ക്കുള്ള ‘ആ’ വേണോ?

സൂഫി said...

ശനിയന്റെ വരികൾക്കു ജോ ഈണം പകർന്നത്…. അതു തകർത്തു…

പാടിക്കേൽക്കണം എന്നു കൊതിച്ചപ്പോൾ, ഇത്ര വേഗം നിങ്ങളതു സാധിപ്പിച്ചു തരും എന്നു തീരെ വിചാരിച്ചില്ല.

ശനിയാ എനിക്കു ഇതിന്റെ MP3 എടുത്തു മെയിൽ(anaz.kabeer@wipro.com) ചെയ്യുമോ?

മലയാളം ബ്ലോഗുകള്‍ said...

fantastic dear... congrats and all the best...

SunilKumar Elamkulam Muthukurussi said...

"അമ്മയുമച്ഛനും കൂടിയെന്‍ കൈപിടിച്ചീ" ee varikaL paaTiyath~ alppam thetiyillE Jo?

Sreejith K. said...

സഹ്രദയരേ. എല്ലാവര്‍ക്കും വേണ്ടി ഈ കവിത ഞാന്‍ കൂള്‍ഗൂസ് ഇല്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ശനിയാ, ജോ, മുന്‍‌കൂര്‍ അനുവാദം ചോദിക്കാന്‍ പറ്റിയില്ല, തെറ്റായിപ്പൊയില്ല എന്നു കരുതട്ടേ?

Kumar Neelakandan © (Kumar NM) said...

ഒടുവിൽ കേട്ടു ഗാനം.
ഈ ഒരു മികച്ച സൃഷ്ടിക്കടിവരയിടാൻ വാക്കുകളില്ല.
വളരെ നന്നായി ശനിയാ, ജോ അനിയാ..

രാജ് said...

ജോയും ശനിയനും ഒരുമിച്ചൊന്നുകൂടി ശ്രമിച്ചാല്‍ മികച്ചൊരു ഗാനമാവും (ഇപ്പോള്‍ അല്ലെന്നല്ല, പലരും പറഞ്ഞതുപോലെ ചില വരികള്‍ ഒന്നുമാറ്റിയെഴുതേണ്ടതുണ്ടെന്നുമാത്രം)

ജോ,
ഈ പാട്ടിന്റെ (ജോയുടെ ബ്ലോഗില്‍ കാണുന്നുന്ന മറ്റു ചിലവയുടെയും) യെം‌പീത്രീ കിട്ടാനെന്താവഴി?

സു | Su said...

കവിത പാടിക്കേട്ടു.(എനിക്ക് വേറൊരു ജോലീം ഇല്ലാത്തതുകൊണ്ടുമാത്രമല്ല).

നന്നായിട്ടുണ്ട്.

ഇളംതെന്നല്‍.... said...

സുന്ദരം..മനോഹരം...

Jo said...

Sunil -- ippOL athoru kavitha paadiyenneyuLLu. athoru paattaakki maatiyeTukkumpOL ii nyoonathakaLokke pariharikkaan SRamikkaam.

Sreejith -- athoru nalla kaaryamallE? maathRavumallaa, commercial aavaSyangaLkku upayogikkaatthiTatthOLam ente blog-il post cheyyunna paattukaLokke aaRkum upayOgikkaam. Linux pole oru movement nammuTe sangeetha ramgatthum uNTaavattEnnaaN~ ente aagraham. :-)

Peringodan -- MP3 kittaan, dayavaayi aavaSyamuLLa paattukaLuTe oru list ayacchu thannaal njaan email-il ayacchu tharaam. ente mail address: jocalling(at)gmail(dot)com

ശനിയന്‍ \OvO/ Shaniyan said...

ഉമേഷ്‌, തിരുത്തി തന്നതിന്‌ നന്ദി :-)

ആദിത്യാ, കൊടകര - മനകുളങ്ങരക്കാരനാണോ? അല്ലെങ്കില്‍, ഇതിന്റെ ഫിലിമും എടുത്ത്‌ ക്യാമറയും എന്റെ.. ആ പാടത്തിറക്കും, ഫിലിമും ഉണ്ട്‌ തെളിവായി ;-)

സൂഫി, മറ്റുള്ളവരുടെ ആഗ്രഹം സാധിച്ച്‌ കൊടുക്കുക എന്നതു ബ്ലോഗുലോകവാസികളുടെ ശീലമായിപ്പോയി.. (അല്ലേ തുളസി, ജോ?) ;-)

നളന്‍, മലയാളം, കുമാര്‍, സു, ചില നേരത്ത്‌, ഇളം തെന്നല്‍ - നന്ദി :-)!

സുനില്‍, പാടുമ്പോള്‍ ചിലപ്പൊ അല്‍പ്പസ്വല്‍പ്പം മാറ്റം വരുത്തേണ്ടി വരും.. പ്രത്യേകിച്ച്‌ എന്നെപ്പൊലെ ഉള്ളവര്‍ എഴുതിയാല്‍ ;-) അല്ലെ, പെരിങ്ങോടരെ, വിശ്വം, ജൊ?

ശ്രീജിത്തെ/ജോ, ഇതു ജി.എന്‍.യു പബ്ലിക്‌ ലൈസെന്‍സ്‌ അനുസരിച്ചു വിതരണത്തിനു കൊടുത്തലോ? ;-) മലയാള ബ്ലോഗുലോകത്തിലേക്ക്‌ ലിങ്ക്‌ ഇടുന്നിടത്തോളം ഫ്രീ ആക്കാം, എന്തു പറയുന്നു? മലയാളം ബ്ലോഗിങ്ങിനും മലയാളം യൂണികോഡിനും, വരമൊഴിക്കും നമുക്കിതു സമര്‍പ്പിക്കാം.. :-)

വിശ്വം, പെരിങ്ങോടരെ - അഞ്ചു മണിക്കു ഓഫീസില്‍ നിന്നു ചാടാന്‍ നിക്കുമ്പോള്‍ മനസ്സില്‍ തൊന്നിയതു നേരെ ബ്ലോഗിലിട്ടതാ.. ഇതിത്ര പെട്ടെന്നു ഇവിടെ വരെ എത്തുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല (സമയം! അല്ലതെന്താ പറയാ?).. ആകെ 15 മിനിറ്റ്‌ തികച്ചെടുത്തില്ല അടിച്ചുണ്ടാക്കാന്‍. രണ്ടാമതു വായിച്ചു പോലും നൊക്കാതെയാണ്‌ പോസ്റ്റ്‌ ചെയ്തത്‌. അതിന്റെ കുഴപ്പം എന്തായാലും കാണും.. എന്റെ അച്ഛന്‍ ഒരുപാടെഴുതി വെച്ചിട്ടുണ്ട്‌( ദശാവതാരം വടക്കന്‍ പാട്ടു ശെയിലിയില്‍ അടക്കം വളരെയേറെയുണ്ട്‌. ഒന്നും വെളിച്ചം കണ്ടിട്ടില്ല. പ്രസിദ്ധീകരിക്കണമെന്നാഗ്രഹമുണ്ട്‌, ഇതുവരെ നടന്നിട്ടില്ല). ഞാനും സാഹിത്യവും തമ്മില്‍ അതല്ലാതെ അങ്ങനെ വലിയ ബന്ധങ്ങള്‍ ഒന്നും ഇല്ല. സൂക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ്‌ സത്യം. പണ്ടെ കമ്പ്യൂട്ടറില്‍ കേറി പിരി ഇളകിയതുകൊണ്ട്‌ അധികം അങ്ങോട്ടു നോക്കിയതുമില്ല.. ഇനിയെഴുതുമ്പോള്‍ ശ്രദ്ധിക്കാം.. വളരെ നന്ദിയുണ്ട്‌, അടിതെറ്റുമ്പൊള്‍ കൈ പിടിക്കുന്നതിന്‌.. :-)=)

സു, ഒന്നു കമന്റിയതിന്റെ ദേഷ്യം ഇതുവരെ തീര്‍ന്നില്ല, ല്ലെ? ക്ഷമിക്കണം, ഇങ്ങനെയാണെങ്കി, ഇനി കമന്റുന്നില്ല :-(

ശനിയന്‍ \OvO/ Shaniyan said...

ജോ, എല്ലാ മാസവും ബ്ലോഗുകളില്‍ നിന്നു തിരഞ്ഞെടുത്ത കവിതകളെ ഇതുപോലെ ഈണം നല്‍കി അവതരിപ്പിക്കുന്ന ഒരു പരിപാടി തുടങ്ങിയാലൊ?

Cibu C J (സിബു) said...

ഉമേഷ്‌ പറഞ്ഞത്‌ സംസ്കൃതത്തിന്റെ കാര്യമല്ലേ.. ഇത്‌ ഭാഷ വേറെ അല്ലേ. മലയാളമല്ലേ. സംസ്കൃതത്തിന്റെ സൂപര്‍സെറ്റ് ഒന്നുമല്ല മലയാളം. സംസ്കൃതത്തില്‍ നിന്നും ഒട്ടനവധി വാക്കുകള്‍ മലയാളം കടമെടുത്തിട്ടുണ്ടെന്നു കരുതി മലയാളം സംസ്കൃതവ്യാകരണമനുസരിക്കണം എന്നു ശഠിച്ചാലോ.. ബസ്സ്‌ എന്ന വാക്ക്‌ മലയാളത്തിലും ഇംഗ്ലീഷിലും ആറ്‌ ചക്രമുള്ള പത്തുനൂറാളെ കയറ്റുന്ന വണ്ടിയെ വിളിക്കുന്നതാണെന്ന്‌ കരുതി, ‘ബസ്സുകള്‍’ എന്നത്‌ ശരിയല്ല; ‘ബസ്സസ്‘ ആണ് പറയേണ്ടത്‌ എന്ന് സായിപ്പ്‌ പറഞ്ഞാല്‍, പോയി പണി നോക്കാന്‍ പറയും. ഞാന്‍ മലയാളി; എന്റെ ഭാഷ മലയാളം; മലയാളത്തില്‍ എനിക്കും ബാക്കി മലയാളികള്‍ക്കും ഇഷ്ടമുള്ള വാക്കുകളുണ്ടാക്കും, തോന്നുമ്പോലെ ഉപയോഗിക്കും. ആരാടാ ചോദിക്കാന്‍ ;)

viswaprabha വിശ്വപ്രഭ said...

പ്രിയ സിബു,

അക്ഷരത്തെറ്റുകളുടെ കാര്യത്തില്‍ ഉമേഷ് സ്വതവേ സ്വല്പം കൂടുതല്‍ പിടിവാശിക്കാരനാണെങ്കിലും (അങ്ങനെയും വേണ്ടേ കുറെപ്പേര്‍?), ഇപ്പറഞ്ഞതില്‍ വളരെ വാസ്തവമുണ്ട്. കൂര്‍മ്മബുദ്ധി എന്ന വാക്ക് മലയാളത്തില്‍ തെറ്റായിത്തന്നെ വ്യാപകമായി പ്രയോഗിച്ചു പഴകി ഇപ്പോള്‍ സ്വയം അര്‍ത്ഥമുള്ള ഒരു വാക്കായി മാറിയിട്ടുണ്ട്. പല നിഘണ്ടുക്കളിലും ഇത് പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്.

പക്ഷേ sharp Intelligence എന്ന അര്‍ത്ഥം വരണമെങ്കില്‍ കൂര്‍മ്മയുള്ള ബുദ്ധി എന്നുതന്നെ വേണം. അല്ലെങ്കില്‍ ആമയുടെ ബുദ്ധി എന്നേ അര്‍ത്ഥം വരൂ എന്ന് പല ഭാഷാപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

(മലയാളത്തില്‍ sharpness എന്ന അര്‍ത്ഥത്തില്‍ ‘കൂര്‍മ്മ‘(നാമം), പിന്നെ അതിനോടുകൂടി സംസ്കൃതത്തിലുള്ള ‘ബുദ്ധി‘ എന്നായാല്‍ വിശേഷണം + നാമം എന്നതിനു പകരം നാമം + നാമം എന്നാവും. പകരം ‘കൂര്‍ത്ത’ + ‘ബുദ്ധി’ ആവാം. അല്ലെങ്കില്‍ ‘കൂര്‍മ്മയുള്ള‘ + ‘ബുദ്ധി’ എന്നുമാവാം.കര്‍മ്മധാരയന്‍ തത്പുരുഷന്‍ ആയിവേണം സമാസം. ബഹുവ്രീഹി പറ്റില്ല.)

അതല്ലെങ്കില്‍ ഒന്നില്‍നിന്നും വിഗ്രഹിക്കാതെ സ്വതന്ത്രമായി നില്‍ക്കുന്നതും പ്രചാരം കൊണ്ട് സാധുതയുള്ളതുമായ ഒരു വാക്കാണതെന്ന് തീരുമാനിക്കേണ്ടി വരും.

എന്തായാലും ഇത്തരം ചര്‍ച്ചകള്‍ക്കും ബ്ലോഗുകള്‍ കാരണമാവുന്നത് നല്ല കാര്യം!

Unknown said...

വരികളും...ഈണവും...ആലാപനവും..എല്ലാം നന്നായിട്ടുണ്ട്.

ഉമേഷ്::Umesh said...

സിബുവിനോടു ഞാനും യോജിക്കുന്നു. പക്ഷേ ഞാൻ ഇവിടെ പറഞ്ഞതു മലയാളവാക്കിനെപ്പറ്റിയാണു്. “കൂർ‍മ്മ” എന്ന മലയാളവാക്കിനെപ്പറ്റി. “കൂർ“ എന്ന ക്രിയയോടു് “മ” എന്ന തനിമലയാളപ്രത്യയം ചേർത്താൽ കിട്ടുന്ന “കൂർ‍മ്മ”. വെണ്മ, നന്മ, നേർ‍മ്മ എന്നിവയെപ്പോലുള്ള ഒരു വാക്കു്. ഈ വാക്കിനു സംസ്കൃത്തത്തിൽ വേറെയൊരു അർ‍ത്ഥം ഉണ്ടെങ്കിൽ സിബു പറയുന്നതുപോലെ സംസ്കൃതത്തിനോടു പോയി വേറെ പണി നോക്കാൻ പറ.

ഞാൻ പറഞ്ഞതു്, ഇത്ര നല്ല ഒരു മലയാളവാക്കിനോടു് “ത” എന്ന സം‍സ്കൃതപ്രത്യയം ചേർ‍ക്കുന്നതിന്റെ വൈകല്യത്തെപ്പറ്റിയാണു്. ഒരു വിശേഷണത്തെ നാമമാക്കാൻ സം‍സ്കൃതത്തിൽ ചെർ‍ക്കുന്ന രണ്ടു പ്രത്യയങ്ങളാണു് “ത”, “ത്വം” എന്നിവ. ഇവയെ തനിമലയാളപദങ്ങളോടു ചേർ‍ക്കുന്നതു ശരിയല്ല. പ്രത്യേകിച്ചു് ആ വാക്കു് ഒരു നാമമാണെങ്കിൽ.

ഇനി, “കൂർ‍മ്മ” എന്നു കേൾക്കുമ്പോൾ sharpness എന്ന അർ‍ത്ഥം തോന്നുന്നില്ലെന്നതാണോ പ്രശ്നം? (“കിം‍വദന്തി” ഒരു ജീവി ആണെന്നും, “അർ‍വ്വാചീനം” എന്നു വച്ചാൽ വലരെ പഴയതാണെന്നും, വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയയ്ക്കടുത്താനെന്നും ഒക്കെ തോന്നാറില്ലെ? അതുപൊലെ...) നമ്മുടെ രണ്ടു തലമുറ മുമ്പുള്ളവരോടു ചോദിച്ചുനോക്കൂ. അവർക്കറിയാം ആ വാക്കു്. നമുക്കു പറ്റിയതു് ഏതോ വിവരമില്ലാത്തവൻ എഴുതിയ കൂർമ്മത” നമ്മുടെ മനസ്സിൽ രൂഢമൂലമായിപ്പോയതാണു്. എന്റെ ചെറുപ്പത്തിൽ കുട്ടികൾ പെൻ‍സിലിന്റെ “കൂർ‍മ്പ” എന്നു പറയുമായിരുന്നു. “കൂർ‍മ്മ”യുടെ തദ്ഭവമാണതു്. ചിലർ “കൂർ‍മ്പന” എന്നും പറയുമായിരുന്നു. “മ” പോരെന്നു തോന്നിയീട്ടു് ഒരു “ന” പ്രത്യയവും ഇരിക്കട്ടെ എന്നു കരുതിയാകാം.

സിബുവിനോടു് എനിക്കു യോജിപ്പാണു്. മറ്റു ഭാഷകളിലെ വാക്കുകൾ എടുക്കുമ്പോൾ അതു മലയാളരീതിയനുസരിച്ചു മാറ്റാൻ നമുക്കു സ്വാതന്ത്ര്യമുണ്ടു്. ചന്ദ്ര + കല നാം ചന്ദ്രക്കല എന്നു പറയുന്നു. സം‍സ്കൃതത്തിൽ ചന്ദ്രകല എന്നും. മത + ഇതര എന്നതിനെ “മതേതരം” എന്നതിനു പകരം “മതയിതരം” എന്നു മലയാളരീതിയിൽ പറയുന്നതിനോടു് എനിക്കു യോജിപ്പാണു്. പക്ഷേ അതു മലയാളരീതിയിലയിരിക്കണം. ഹിന്ദിയുടെയോ പർന്ത്രീസിന്റെയോ രീതിയിലാവരുതു്. “ആരതി”യെ ഹിന്ദിക്കാർ “ആർ‍ത്തി” എന്നു പറഞ്ഞാൽ നമ്മളും അങ്ങനെ പറയുന്നതു തെറ്റല്ലെ?

ഇവിടത്തെ ഉദാഹരണം സിബു പറഞ്ഞതിനു നേരേ തിരിച്ചുള്ളതാണു്. “ബസ്സുകൾ“ എന്നു പറയാം. “കൊടുക്കടാ അവന്റെ നെഞ്ചിലും വയറ്റിലും കുറേ ചവിട്ടുകൾസ്” എന്നു പറയാമോ? “ചവിട്ടുകൾസ്” പോലെയാണു “കൂർ‍മ്മത” ഇവിടെ.

- ഉമേഷ്

Cibu C J (സിബു) said...

ഇവിടെ കോഴി-മുട്ട പ്രശ്നം പോലുള്ള ഒന്നുണ്ട്‌. അത്‌ ഭാഷയും വ്യാകരണവും തമ്മിലാണ്. കോഴി-മുട്ട എന്നതില്‍ നിന്നും വ്യത്യസ്തമായി ഭാഷക്ക്‌ മേല്‍ക്കയുണ്ട്‌. വ്യാകരണത്തിന്ന്‌ ഭാഷയെനിയന്ത്രിക്കാന്‍ അവകാശമില്ല. പകരം ഒരു ഒബ്സര്‍വര്‍ റോളിലാണ് വ്യാകരണം. മലയാളത്തെ പറ്റി വലിയ നിശ്ചയമില്ലാത്തവര്‍ ചോദിക്കുമ്പോള്‍ വ്യാകരണം പറഞ്ഞുകൊടുക്കും.. ഈ മലയാളികള്‍ എന്നു പറയുന്ന ടീംസ്‌ ബഹുവചനമാക്കാന്‍ ‘കള്‍’ ചേറ്ക്കും എന്നാല്‍ എപ്പോഴും അല്ലാട്ടോ. ‘മന്തന്‍’എന്നതിന് ‘മന്തന്മാറ്’ എന്നാണ്. എന്നിങ്ങനെ. അതായത്‌ ആയിരിക്കുന്ന ഭാഷയുടെ അവസ്ഥയെ അബ്സ്റ്റ്രാക്റ്റ് ചെയ്യലാണവരുടെ പണി. അതല്ലാതുള്ള കൈകടത്തലിനെ ഇങ്ങനെ പറയാം: ന്യൂട്ടന്റെ കാലത്ത്‌ എല്ലാം അബ്സ്റ്റ്രാക്റ്റ് ചെയ്നുണ്ടാക്കിയ നിയമം വച്ച്‌ പ്രകാശരശ്മിയോട്‌ പറയാമോ. ഡാ മോനേ നീയെന്തിനാ ആ നക്ഷത്രത്തിനെ അടുത്തെത്തുമ്പോ ഒരു വളയല്. നീ നിയമം തെറ്റിച്ചൂട്ടാ..ന്ന്‌. പുതിയത്‌ കണ്ടാല്‍ പുതിയ നിയമം വരണം. അതിനേപ്പയില്ലെങ്കില്‍ പിന്നെ വേറെ പണിനോക്കണം. അല്ലെങ്കിലും ഇത്‌ ശരി ഇത്‌ തെറ്റ്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ അത്‌ അതനുസരിക്കാന്‍‍ പോകുന്നവരാണ് ഈ കൈകടത്തലിന് വളം വച്ചുകൊടുത്തതെന്ന്‌ പറഞ്ഞാല്‍ മതി (സോറി ഉമേഷേ..) ഞാന്‍ ഒരു മലയാളിയാണ്, ഞാന്‍ പറയുന്നതിലപ്പുറം ഒരു മലയാളമില്ല എന്നൊരുത്തനും മനസ്സിലാവുന്നില്ല. കഷ്ടം :((((

viswaprabha വിശ്വപ്രഭ said...

ഉമേഷിന്റെ അഞ്ജലിയോ കീമാപ്പോ അതോ വരമൊഴിയോ ഏതോ ഒന്നു ശരിയല്ല!

കാര്‍ത്തിക വെച്ചുനോക്കുമ്പോള്‍ ചില്ലുകള്‍ കട്ടയായി വരുന്നു!

അക്ഷരശ്ലോകം ഗ്രൂപ്പിലെ മലയാളം യുണികോഡു ഫയലുകള്‍ക്കും ഈ കുഴപ്പമുണ്ട്.

സാദ്ധ്യതകള്‍:

1. വരമൊഴി 1.3.3 അല്ല.
2. അഞ്ജലി 0.73 അല്ല.
3. ‘ക’ മൊഴി 1.1.0 അല്ല.
4. ‘വാ’ മൊഴിയിലെ അഞ്ജലി കീമാപ്പ് ഉപയോഗിക്കുന്നുണ്ടാവാം. ( പകരം കാര്‍ത്തിക കീമാപ്പ് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ല)

ഇതില്‍ ഏതു കാരണമായിരുന്നു എന്നു കണ്ടുപിടിച്ചു പറയുമല്ലോ!

ഇതേ കമന്റുപേജില്‍ നോക്കുമ്പോള്‍ സൂഫി, കുമാര്‍ എന്നിവര്‍ക്കും ഈ പ്രശ്നമുണ്ട്.

ഒന്നു നോക്കുമോ?

viswaprabha വിശ്വപ്രഭ said...

ഹ ഹ ഹ!
കൊള്ളാം!
ഇന്നെല്ലാവരും ‘കള്‍സ്’ അടിച്ചപോലെയുണ്ടല്ലോ!
നല്ല സംവാദം!

ഉമേഷ്::Umesh said...

ആകെ കണ്‍ഫ്യൂഷനായി വിശ്വപ്രഭേ!

ഞാന്‍ കീമാനെ അഞ്ജലിയുപയോഗിച്ചാണുപയോഗിച്ചതു്. ചില്ലിന്‍റെയും അനുസ്വാരത്തിന്‍റെയും മുമ്പില്‍ ഒരു വട്ടം വരുന്നതു കണ്ടിരുന്നു.

ദാ, ഇപ്പോള്‍ കാര്‍‍ത്തികയെയാണുപയോഗിക്കുന്നതു്. വട്ടം ചില്ലിനു മുമ്പില്ല. സം‍വൃതോകാരത്തിനു മുമ്പുണ്ടു്. അതുപോലെ nte എഴുതുമ്പോൾ n_Re എന്നൊക്കെ ആയിപ്പോകുന്നു.

എന്താണുപയോഗിക്കേണ്ടതെന്നു പിടിയില്ല. പണ്ടുചെയ്തോണ്ടിരുന്നതുപോലെ (ഇതെന്താ ythO ഇങ്ങനായിപ്പോയതു്?) വരമൊഴിയില്‍ ടൈപ്പുചെയ്തു കണ്ട്രോളു യൂവും ഞെക്കി മുറിച്ചൊട്ടിച്ചു പതിക്കുകയാവും ഭേദമെന്നു തോന്നുന്നു. ആകെ വര്‍ണ്യത്തിലാശങ്ക വക്കാരിയേ!

സിബ്വേ, നമ്മള്‍ അടിച്ചു പിരിഞ്ചു പോകുന്ന ലക്ഷണമുണ്ടല്ലോ. ഞാനെന്‍റെ “ശരിയും തെറ്റും” ബ്ലൊഗിന്റെ (ദാ ഇപ്പോള്‍ ഞാന്‍ nRe എന്നാണു ടൈപ്പുചെയ്തതുതു്!) പേരു “ശരിയും ശരിയും” എന്നാക്കാന്‍ പോവുകയാണു്. സിബുവിന്‍റെ അഭിപ്രായത്തില്‍ “തെറ്റു്” എന്നൊരു സാധനമില്ലല്ലോ! സ്കൂളുകളില്‍ കേട്ടെഴുത്തു്, തെറ്റുതിരുത്തു്, പദ്യപാരായണം, വ്യാകരണം തുടങ്ങിയ ബാര്‍‍ബേറിയന്‍ വ്യായാമങ്ങള്‍ നിര്‍ത്തലാക്കാന്‍ നമുക്കു മുഖ്യമന്ത്രിക്കൊരു നിവേദനം കൊടുക്കാം. വിവരമില്ലാത്തവര്‍ blood pressure-നെ പ്ലഷര്‍ എന്നു പറയുമ്പോള്‍ ആരുമിനി ചിരിക്കുകയോ തിരുത്തുയോ ചെയ്യരുതു്. ഭാഷ വളര്‍‍ന്നുകൊണ്ടിരിക്കുകയല്ലേ.

നാലു തലമുറകളായി മലയാളം പറയാന്‍ വൈമനസ്യം കാണിച്ച വീട്ടിലെ ഇളം സന്തതി ടീവീയിലെ ഫോണ്‍ വിളിച്ചു പാട്ടു കേള്‍പ്പിക്കുന്ന പരിപാടിയില്‍ പറയുന്ന മല്യാലവും ഭാഷയ്ക്കു മുതല്‍ക്കൂട്ടാവട്ടേ!

- ഉമേഷ്

Cibu C J (സിബു) said...

ഉമേഷേ.. ന്യായമായ സംശയം. എതാണ് തെറ്റ്‌ ഏതാണ് ശരി.

മലയാളം പറയാനറിയാത്തവന്‍ പറയാന്‍ പഠിക്കുമ്പോള്‍ തെറ്റുകളുണ്ടാവും; എഴുതാനറിയാത്തവന്‍ എഴുതാന്‍ പഠിക്കുമ്പോള്‍ തെറ്റുകളുണ്ടാവും. അതിനു ശേഷം എല്ലാം ശരികളാണ്. അല്ലെങ്കില്‍ തെറ്റ്‌-ശരി എന്ന പാരഡിം അല്ല അവിടെ ഉപയോഗിക്കേണ്ടത്‌. പകരം ആസപ്റ്റന്‍സ്‌ ആണ്. ചില വാക്കുകളോട്, പ്രയോഗങ്ങളോട് മലയാളികൂടുതല്‍ പ്രതിപത്തികാണിക്കും ചിലതിനോടില്ല. പ്രതിപത്തികൂടുതലുള്ളത്‌ നിലനില്‍ക്കും (നിലനില്‍ക്കണം; അല്ലാതെ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്‌ അടിച്ചേല്‍പ്പിക്കുന്നവയല്ല). ഇതിന് തിരഞ്ഞെടുപ്പിനോട്‌ സാമ്യം പറയാം. കോണ്ഗ്രസ്സും കമ്മ്യൂണിസ്റ്റും തിരഞ്ഞെടുപ്പിന് നില്‍ക്കുന്നു. ഒരുത്തന്‍ പോയി കമ്മ്യൂണിസ്റ്റിന് കുത്തി. പക്ഷെ, അവര് തോറ്റുപോയി. അതുവച്ച്‌ അവന്‍‍ ചെയ്തത്‌ തെറ്റായോ. ഇല്ല. സംഭവിച്ചത്‌, അവന്‍ ചെയ്തത്‌ ആസപ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. അതു തന്നെയാണ് ഭാഷയിലും സംഭവിക്കേണ്ടത്‌. അവിടെ തിരഞ്ഞെടുപ്പുപോലെ ഒരു ഫോര്‍മല്‍ ആയ പ്രക്രിയ ഇല്ലന്നേ ഉള്ളൂ. ഇങ്ങനെ ആസപ്റ്റന്‍സ്‌/സ്വീകാര്യത അനുസരിക്കുന്ന പ്രക്രിയ ഇല്ലാത്തതിനാലാണ് ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്കുകളെ വേവിക്കാതെ എടുത്ത്‌ ചവയ്ക്കരുതെന്ന് ഞാന്‍ പറയുന്നത്‌.

viswaprabha വിശ്വപ്രഭ said...

ദൃശ്യസുന്ദരമായ നല്ലൊരു മണിമാളിക പണിയുന്നതുപോലെ വേണം ഭാഷാപോഷണം.

സൌകുമാര്യവും സൌകര്യവും കൂട്ടാന്‍ Architect, ഘടനാദാര്‍ഢ്യത്തിന് structural engineer. രണ്ടു പേരും കൂടിയേ കഴിയൂ.

ഭാഷയുടെ ആര്‍ക്കിടെക്റ്റ് അതു സംസാരിക്കുന്ന സാമാന്യജനത തന്നെയാണ്. (ഒരിക്കലും ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടോ സര്‍വ്വകലാശാലകളോ അല്ല;ഒരു പക്ഷേ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഒരു പരിധിവരെ പങ്കുണ്ട്). സ്ട്രക്ചറല്‍ ഡിസൈനര്‍ ഭാഷാശാസ്ത്രജ്ഞരും.‍

അതുകൊണ്ടാണ് വൈയാകരണനും നാട്ടുമൊഴിക്കൂട്ടത്തിനും ഭാഷയില്‍ തുല്യസ്ഥാനം വേണ്ടത്. അന്യോന്യം അവര്‍ നിയന്ത്രിച്ചും അനുവദിച്ചും തന്നെയേ മുന്നോട്ടു പോകാന്‍ വെയ്ക്കൂ.

ഭാഷാപാണിനീയത്തില്‍ തന്നെ ധാരാളം തിരുത്തിയെഴുത്തിനു സമയമായതുപോലെ തോന്നും ഇപ്പോള്‍ വായിക്കുമ്പോള്‍.


സംസ്കൃതവും പ്രാകൃതവും തമ്മില്‍ വ്യതിരിക്തമായ അതിരുകളില്ലാതെ വന്ന സമയത്താണ് പാണിനി അത്യന്തം ശാസ്ത്രീയമായി അഷ്ടാദ്ധ്യായി എഴുതിയത്. ഉത്തമസംസ്കൃതസാഹിത്യത്തിന് അതു ഗുണം ചെയ്തിരിക്കാം. പക്ഷേ പ്രാകൃതങ്ങള്‍ പിന്നീട് സ്വന്തം വഴിക്കു പോയി ഓരോരോ സ്വതന്ത്രഭാഷകളാവുകയാണുണ്ടായത്. സൂത്രങ്ങള്‍ മുറുകെ പിടിച്ചിരുന്ന സംസ്കൃതമാവട്ടെ, സ്വന്തം ഗുണം കാത്തുസൂക്ഷിച്ചുവെങ്കിലും ക്രമേണ പ്രചാരലുബ്ധവുമായിത്തീര്‍ന്നു.(എന്നിരുന്നാലും പാണിനീസൂത്രങ്ങള്‍ക്ക് ദേശകാലനിബദ്ധമല്ലാത്ത യുക്തിബോധമുണ്ടെന്നുള്ളതു സത്യമാണ്.)


ഒരിക്കല്‍ മലയാണ്മ തമിഴ്പാട്ടുകള്‍ക്കും മണിപ്രവാളം ആഢ്യത്തത്തിനും ഇടയില്‍ തട്ടിക്കളിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. തുഞ്ചന്റെ രാമായണമാണ് ആ മലയാളത്തിനെ സാമാന്യജനങ്ങള്‍ക്കിടയിലേക്കിറക്കിക്കൊണ്ടുവന്ന് അവരെക്കൊണ്ട് അന്തിക്ക് കൊല്ലത്തിലൊരിക്കല്‍ ഒരുമാസമെങ്കിലും വായിപ്പിച്ച് ജനകീയഭാഷയാക്കി മാറ്റിയത്. അപ്പുറത്ത് ബൈബിളും ഒപ്പം നിന്നു.

അന്നു തുഞ്ചനും കുഞ്ചനും ആയിരുന്നുവെങ്കില്‍ മിനിയാന്നു ചങ്ങമ്പുഴയും ഇന്നലെ മംഗളം വാരികയും ഇതേ മഹത്കൃത്യം ചെയ്തിട്ടുണ്ട് എന്നു സമ്മതിക്കാതെ പറ്റില്ല.

നമുക്കെന്തു മലയാളമാണു വേണ്ടത്? അക്കാദമിക്കുള്ളില്‍ പുസ്തകക്കെട്ടുകളില്‍ മയങ്ങുന്ന മലയാളം വേണോ അതോ അങ്ങാടീല് അന്തിയ്ക്കും പന്തിയ്ക്കും കേക്കണ മലയാളം വേണോ?

എനിക്കെന്തായാലും രണ്ടും വേണം.


മഴക്കാടുകളില്‍ ആരെയും കൂസാതെ പടര്‍ന്നുപന്തലിക്കുന്ന പച്ചപ്പുതപ്പുകള്‍ക്കാണോ ഭംഗി, അതോ രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിലെ റോസാത്തോട്ടങ്ങള്‍ക്കോ?

നമുക്കീ കാടുകള്‍ക്കിടയില്‍ ചെറിയ ഓരോ കൊടിലുകളും പിടിച്ച് നടക്കാം. തീരെ അനുസരണമില്ലാതെ വഴിയിലേക്കും പുഴയിലേക്കും നീണ്ടുപോകുന്ന കമ്പുകളെ മാത്രം മുറിച്ചൊതുക്കി നമുക്കീ പടര്‍പ്പിന്റെ ഭാഗമാകാം.

evuraan said...

ഇഷ്ടപ്പെട്ടു, പാട്ടും കവിതയും ചിത്രവുമെല്ലാം.

ജോ-യുടെ ശബ്ദം അപാരം..

എങ്കിലും ഒരു സംശയം -- ജനാല വാതിലുകള്‍ക്ക് പിന്നെയും പടിവാതിലുകളുണ്ടോ?

Achinthya said...

ശനിയകുമാരാ,ജോ,

സത്യത്തിലിപ്പോ എന്താ ഇവടെണ്ടായെ?
എല്ലാരും ഒന്നു ഞെട്ടി, ല്ലെ? അതെനിക്കിഷ്ടായി.
ആരോ മുൻപു പറഞ്ഞപോലെ, വരികൾ ഒന്നു കൂടി എഡിറ്റും കൂടി ചെയ്തിരുന്നെങ്കി അതിഗംഭീരായേനെ.

സരസ്വതി പ്രസാദിച്ച ബ്ലോഗ്‌.

നിറഞ്ഞൊഴുകട്ടെ.

തുളസി,
മുത്തിനേം സ്വർണനൂലിനേം കൂട്ടിക്കെട്ടി മാലയാക്കിയതിനു നന്ദി.

സു | Su said...

ശനിയാ, ഒന്ന് കമന്റിയതല്ലല്ലോ. എന്താ പറഞ്ഞതെന്ന് ഓര്‍മ്മയില്ലേ?
“ഇതാണ്‌ പണ്ടുള്ളോരു പറയണെ 'ഇരുമ്പും ബുദ്ധിയും വെറുതെയിരുന്നാ തുരുമ്പെടുക്കും' എന്നു.. ഇങ്ങനെ വെറുതെയിരുന്നു ആലോചിക്കുമ്പൊ ഇങ്ങനെ പലതും തോന്നും. ഒരു പണിയുമില്ലാത്തതു കൊണ്ടാ.. ആരെങ്കിലും ഈ പാവത്തിനു ഒരു ജോലി കൊടുക്കുമൊ? വളരെ അത്യാവശ്യമാണേ.. ;-) “
ഇതാണ് കമന്റ് വെച്ചത്.

ഒരു ജോലീന്നു പറയുന്നത് ബ്ലോഗില്‍ തോന്നിയപോലെ എഴുതിവെക്കുന്നതിനുള്ള ലൈസന്‍സ് ആണെന്ന് എനിക്കറിയില്ലായിരുന്നു കേട്ടോ. എനിക്കൊരു ബ്ലോഗ് ഉണ്ട്. അതില്‍ എനിക്ക് തോന്നിയതുപോലെ എഴുതണം,വീട്ടിലിരുന്നു എഴുതിയാല്‍ അങ്ങനെ എന്തും എഴുതാന്‍ പറ്റില്ല, അതിനൊരു ജോലി വേണം, അതുകൊണ്ട് ഒരു ജോലി തരണംന്നും പറഞ്ഞ് ആപ്ലിക്കേഷനും കൊണ്ട് ചെന്നാല്‍ ജോലി തരുന്ന വല്ലവരുമുണ്ടെങ്കില്‍ അറിയിക്കണേ. പിന്നെ ജോലി കൊണ്ട് ഒരു ഗുണവും കൂടെ ഉണ്ട് കേട്ടോ. ഒന്നും എഴുതാന്‍ കിട്ടാഞ്ഞാല്‍, എനിക്കിപ്പോ വല്യ തിരക്കല്ലേന്നു പറയാം. ശനിയന്‍ ഈ കമന്റ് വെച്ചത് ഒരു കണക്കിന് നന്നായി. ചിലര്‍ക്ക് വല്യ സന്തോഷം ആയിക്കാണും.

എപ്പോഴും വന്ന് മുട്ടിപ്പോകാന്‍ ഞാന്‍ അമ്പലമണിയല്ല എന്ന് എല്ലാവരും ഓര്‍ത്താല്‍ നല്ലത്.

Anonymous said...

സൂ ചേച്ചീ, മുന്‍പ്‌ അധികം മലയാളം ബ്ലോഗ്‌ ഇല്ലാതിരുന്നപ്പോള്‍ കമ്പൂട്ടറില്‍ മലയാളം കണ്ട സന്തോഷത്താല്‍ അത്ര നല്ലതല്ലാത്ത രചനകള്‍ക്കും ചിലപ്പോള്‍ 'നന്നായി' എന്ന്‌ കമന്റ്‌ എഴുതീട്ടുണ്ടാകും. എല്ലാ കമന്റകളും നല്ല വാക്കുകള്‍ തന്നെയാകണം എന്ന്‌ സൂ ചേച്ചീക്ക്‌ നിര്‍ബന്ദ്ധമുള്ളതുകൊണ്ടാണോ അന്ന്‌ ഞാനും ശനിയനും കമന്റു ചെയ്ത ഉടനെ ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തത്‌?

സു | Su said...

തുളസി വെച്ച കമന്റ് കണ്ടിട്ടല്ല ഡിലീറ്റ് ചെയ്തത്. അത് പോസ്റ്റിനെപ്പറ്റി ആയിരുന്നു. ശനിയന്‍ വെച്ച കമന്റ് പോസ്റ്റ് എഴുതിയ ആളെപ്പറ്റിയും. എഴുതുന്നവരെക്കുറിച്ചും പറയാം. അത് വായനക്കാരുടെ സ്വാതന്ത്ര്യം. പക്ഷെ ഒരാളേയും അപമാനിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല.

ശനിയന്‍ \OvO/ Shaniyan said...

ഒരു കമന്റ്‌ പറഞ്ഞാല്‍ അതു അതിന്റേതായ നിലക്ക്‌ എടുക്കാനും അതിന്റെ ഭാഷയില്‍ നിന്ന് കാര്യം ഗ്രഹിക്കാനും കഴിവുള്ള ആളാണ്‌ സു എന്നു തോന്നിയതു കൊണ്ടാണ്‌ ഒരു തമാശ മൂഡിലുള്ള ആ കമന്റ്‌ വച്ചത്‌.. അതെന്റെ തെറ്റ്‌. അതു കമന്റിയതു തന്നെ ആണ്‌, അധിക്ഷേപം ആയിരുന്നില്ല.

പിന്നെ, സു (മാത്രമല്ല, ആരും) 'ഒരു അമ്പലമണിയാണെന്നും, ഒന്നു മുട്ടിപ്പോവാമെന്നും' ആരും പറഞ്ഞതായി എനിക്കോര്‍മ്മയില്ല. അങ്ങിനെ കണക്കാക്കിയിട്ടും ഇല്ല. അങ്ങിനെ ഓരൊന്നാലോചിച്ചുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇത്തിരി ബുദ്ധിമുട്ടാവും..
ഒരു ജോലിയുണ്ടെങ്കില്‍ എന്തും എഴുതാമെന്നു 'എനിക്കും' അറിയില്ലായിരുന്നു.

തുളസി, പോസ്റ്റ്‌ ഡിലീറ്റിയതാണെന്നു എനിക്കു മനസ്സിലായില്ലായിരുന്നു.

എന്തായാലും ഇതു പറഞ്ഞു തന്നതിനു നന്ദി. ഇനി മേലാല്‍ കമന്റുന്നതല്ല. പാതിരാത്രി ഉണര്‍ന്നിരുന്നു ഇതു ചെയ്യുന്നതിനു പകരം നാമം ജപിക്കുകയോ, കിടന്നുറങ്ങുകയോ ചെയ്തേക്കാം. ദിവസം മുഴുവന്‍ ഓഫീസിലെ പണികഴിഞ്ഞു ഇവിടെ വന്നിരിക്കുമ്പോള്‍ കമന്റെഴുതി വഴക്കുണ്ടാക്കണ്ട കാര്യം എനിക്കില്ല.

സു | Su said...

സോറി :(

നാമം ജപിക്കുന്നത് നിര്‍ത്തണ്ട. ഉറങ്ങുന്നത് കുറയ്ക്കുന്നത് നല്ലതാ. കമന്റിയിട്ടാണെങ്കിലും. അല്ലെങ്കില്‍പ്പിന്നെ ബുദ്ധി തുരുമ്പെടുക്കുന്നത് അറിയാതെ പോകും. ഹി ഹി ഹി.

ഓ...ഒന്ന് പാടീട്ട് പോവാം.

"जानम देखलो मिट गयी दूरियाम
मे यहाम हूम यहाम हूम यहाम,
कैसी सरहदे, कैसी मज्बूरियाम
मे यहाम हूम यहाम हूम यहाम्."

രാജ് said...

നാളെ പുലര്‍ന്നിട്ടുമതി സിബു-ഉമേഷ് സംവാദത്തില്‍ കൈകടത്തുന്നത് എന്നു കരുതിയിരുന്നതാണ്; പുലര്‍ന്നു വന്നപ്പോഴേയ്ക്കും സംഗതി ഒത്തുതീര്‍പ്പായെന്നാ തോന്നുന്നത്. എന്നാലും എനിക്ക് പറയാനുള്ളത്:

സിബു,
ഭാഷ-വ്യാകരണത്തില്‍ മുട്ട-കോഴി പ്രശ്നം ഉദിക്കുന്നേയില്ലല്ലോ. ഭാഷ പ്രകൃത്യായുള്ളതാണു, വ്യാകരണം അതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ്. പ്രകൃതിയില്‍ കാണുന്ന എല്ലാറ്റിനും നിര്‍വചിക്കുവാന്‍ കഴിയുന്ന റിഥമും പാറ്റേണും കാണുന്നു; ഭാഷയിലും ഇതു തീര്‍ച്ചയായുമുണ്ട്. കൊടുന്തമിഴ് എന്ന ഭാഷ കുറേ കള്ളുകുടിയന്മാരോ, ആട്ടക്കഥക്കാരോ തോന്നിയപോലെ പറഞ്ഞുണ്ടാക്കിയതല്ല മലയാളം. ഇതെന്റെ ഭാഷ പെരുമാള് ചത്തില്ലേ ഞാനിഷ്ടം പോലെ പറയും എന്നുപറഞ്ഞു കൊടും‌തമിഴ് പേശുന്നവനെ തമിഴരന്നു വട്ടനെന്നു വിളിച്ചേനെ.

ഏ.ആര്‍ ആദ്യമായി നിരീക്ഷിച്ചത് ചില മൂലപദങ്ങള്‍ മലയാണ്മയില്‍ മാറിപ്പോയിരിക്കുന്നതെങ്ങിനെ എന്നതായിരിക്കും. ഇന്ന് തൃശൂര്‍ക്കാര്‍ എന്തൂട്ട്രാ എന്നും മറ്റു ചിലര്‍ എന്തടാ എന്നും പറയുന്നതുപോലെ ചിലത് കൊടുന്തമിഴ് സഹ്യനിപ്പുറത്ത് സംസാരിക്കുന്നവരിലും സംഭവിക്കുകയുണ്ടായി (മാങ്കായ് മാങ്ങയായി). അപ്പോള്‍ ആദ്യത്തെ പോയന്റ് കൊടുന്തമിഴിന്റെ വാമൊഴിയായിരുന്നു മലയാളം എന്നുള്ളതാണ് (ആ മലയാളത്തില്‍ പിന്നീടും പലതരം വാമൊഴികള്‍ വന്നിട്ടുണ്ട്)

രണ്ടാമത്തേത്, അന്യഭാഷയിലെ പദങ്ങള്‍ മലയാണ്മയില്‍ സ്വീകരിച്ചിരിക്കുന്നതും അവയില്‍ പ്രത്യയങ്ങള്‍ ഭാഷ പ്രയോഗിച്ചതിനെയും കുറിച്ചായിരുന്നു ഏ.ആറിന്റെ നിരീക്ഷണം. അന്യഭാഷ എന്നു പറയുമ്പോള്‍ അതിലേറിയ പങ്കും സംസ്കൃതം തന്നെയായിരുന്നു (സംസ്കൃതപദങ്ങളില്‍ ഉപയോഗിച്ച അതേ പാറ്റേണാണു പിന്നീട് മറ്റുഭാഷാപദങ്ങളിലും ഉപയോഗിച്ചത്). നേരത്തെ പറഞ്ഞ റിഥം, പാറ്റേണ്‍ നിരീക്ഷിക്കുക മാത്രമാണു ആദ്യകാല വൈയാകരണന്മാര്‍ ചെയ്തിരുന്നത്. ഋജുവായ പാറ്റേണുകളെ, സ്വഭാവസവിശേഷതകളെ ഒന്നായി അവര്‍ ഭാഷയെന്നു വിളിക്കുന്നു. ആ പാറ്റേണുകളില്‍ മാറ്റം വരുത്തിയിരുന്നത് പിന്നീട് വാമൊഴികളാണ്, അങ്ങിനെ തൃശൂര്‍ കാരന്റെ മലയാളവും കണ്ണൂരുകാരന്റെ മലയാളവും രണ്ടായി. വീണ്ടും പ്രകൃതി ഇടപെടുകയാണ്, ഭാഷയില്‍ പരിണാമങ്ങള്‍ നടപ്പുള്ളതാണ്, കൊടുന്തമൊഴിന്റെ പരിണാമത്തെ മലയാണ്മ എന്നു വിളിച്ചപ്പോള്‍ മലയാളത്തില്‍ വരുന്ന പരിണാമത്തെ മലയാളമെന്നു തന്നെ വിളിക്കണം എന്നെന്താണു സിബുവിനിത്ര നിര്‍ബന്ധം? ഒരു പക്ഷെ നാളെയൊരു ഭാഷാശാസ്ത്രജ്ഞന്‍ വിരോധാഭാസങ്ങള്‍ക്കും, കൂര്‍മ്മതയ്ക്കുമെല്ലാം പ്രകൃത്യായുള്ള പാറ്റേണുകള്‍ കണ്ടെത്തുന്നതായിരിക്കും, അപ്പോള്‍ പരിണാമ ഗുപ്തി വന്നേയ്ക്കും, നമുക്ക് പുതിയൊരു ഭാഷയാവും. സംസാരഭാഷയില്‍ ഇത്തരം പാറ്റേണുകളെ കുറിച്ചുബോധവാനാകേണ്ടതില്ല, എഴുതുമ്പോഴും ഇന്ന് ആധുനിക കാലത്ത് കമ്പ്യൂട്ടറുകള്‍ക്ക് വായിക്കാന്‍ കൊടുക്കുമ്പോഴും ഭാഷയില്‍ നിര്‍വചിക്കുവാന്‍ കഴിയുന്ന പാറ്റേണുകള്‍ നിര്‍ബന്ധമാണ്.

രാജ് said...

നാളെ പുലര്‍ന്നിട്ടുമതി സിബു-ഉമേഷ് സംവാദത്തില്‍ കൈകടത്തുന്നത് എന്നു കരുതിയിരുന്നതാണ്; പുലര്‍ന്നു വന്നപ്പോഴേയ്ക്കും സംഗതി ഒത്തുതീര്‍പ്പായെന്നാ തോന്നുന്നത്. എന്നാലും എനിക്ക് പറയാനുള്ളത്:

സിബു,
ഭാഷ-വ്യാകരണത്തില്‍ മുട്ട-കോഴി പ്രശ്നം ഉദിക്കുന്നേയില്ലല്ലോ. ഭാഷ പ്രകൃത്യായുള്ളതാണു, വ്യാകരണം അതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ്. പ്രകൃതിയില്‍ കാണുന്ന എല്ലാറ്റിനും നിര്‍വചിക്കുവാന്‍ കഴിയുന്ന റിഥമും പാറ്റേണും കാണുന്നു; ഭാഷയിലും ഇതു തീര്‍ച്ചയായുമുണ്ട്. കൊടുന്തമിഴ് എന്ന ഭാഷ കുറേ കള്ളുകുടിയന്മാരോ, ആട്ടക്കഥക്കാരോ തോന്നിയപോലെ പറഞ്ഞുണ്ടാക്കിയതല്ല മലയാളം. ഇതെന്റെ ഭാഷ പെരുമാള് ചത്തില്ലേ ഞാനിഷ്ടം പോലെ പറയും എന്നുപറഞ്ഞു കൊടും‌തമിഴ് പേശുന്നവനെ തമിഴരന്നു വട്ടനെന്നു വിളിച്ചേനെ.

ഏ.ആര്‍ ആദ്യമായി നിരീക്ഷിച്ചത് ചില മൂലപദങ്ങള്‍ മലയാണ്മയില്‍ മാറിപ്പോയിരിക്കുന്നതെങ്ങിനെ എന്നതായിരിക്കും. ഇന്ന് തൃശൂര്‍ക്കാര്‍ എന്തൂട്ട്രാ എന്നും മറ്റു ചിലര്‍ എന്തടാ എന്നും പറയുന്നതുപോലെ ചിലത് കൊടുന്തമിഴ് സഹ്യനിപ്പുറത്ത് സംസാരിക്കുന്നവരിലും സംഭവിക്കുകയുണ്ടായി (മാങ്കായ് മാങ്ങയായി). അപ്പോള്‍ ആദ്യത്തെ പോയന്റ് കൊടുന്തമിഴിന്റെ വാമൊഴിയായിരുന്നു മലയാളം എന്നുള്ളതാണ് (ആ മലയാളത്തില്‍ പിന്നീടും പലതരം വാമൊഴികള്‍ വന്നിട്ടുണ്ട്)

രണ്ടാമത്തേത്, അന്യഭാഷയിലെ പദങ്ങള്‍ മലയാണ്മയില്‍ സ്വീകരിച്ചിരിക്കുന്നതും അവയില്‍ പ്രത്യയങ്ങള്‍ ഭാഷ പ്രയോഗിച്ചതിനെയും കുറിച്ചായിരുന്നു ഏ.ആറിന്റെ നിരീക്ഷണം. അന്യഭാഷ എന്നു പറയുമ്പോള്‍ അതിലേറിയ പങ്കും സംസ്കൃതം തന്നെയായിരുന്നു (സംസ്കൃതപദങ്ങളില്‍ ഉപയോഗിച്ച അതേ പാറ്റേണാണു പിന്നീട് മറ്റുഭാഷാപദങ്ങളിലും ഉപയോഗിച്ചത്). നേരത്തെ പറഞ്ഞ റിഥം, പാറ്റേണ്‍ നിരീക്ഷിക്കുക മാത്രമാണു ആദ്യകാല വൈയാകരണന്മാര്‍ ചെയ്തിരുന്നത്. ഋജുവായ പാറ്റേണുകളെ, സ്വഭാവസവിശേഷതകളെ ഒന്നായി അവര്‍ ഭാഷയെന്നു വിളിക്കുന്നു. ആ പാറ്റേണുകളില്‍ മാറ്റം വരുത്തിയിരുന്നത് പിന്നീട് വാമൊഴികളാണ്, അങ്ങിനെ തൃശൂര്‍ കാരന്റെ മലയാളവും കണ്ണൂരുകാരന്റെ മലയാളവും രണ്ടായി. വീണ്ടും പ്രകൃതി ഇടപെടുകയാണ്, ഭാഷയില്‍ പരിണാമങ്ങള്‍ നടപ്പുള്ളതാണ്, കൊടുന്തമൊഴിന്റെ പരിണാമത്തെ മലയാണ്മ എന്നു വിളിച്ചപ്പോള്‍ മലയാളത്തില്‍ വരുന്ന പരിണാമത്തെ മലയാളമെന്നു തന്നെ വിളിക്കണം എന്നെന്താണു സിബുവിനിത്ര നിര്‍ബന്ധം? ഒരു പക്ഷെ നാളെയൊരു ഭാഷാശാസ്ത്രജ്ഞന്‍ വിരോധാഭാസങ്ങള്‍ക്കും, കൂര്‍മ്മതയ്ക്കുമെല്ലാം പ്രകൃത്യായുള്ള പാറ്റേണുകള്‍ കണ്ടെത്തുന്നതായിരിക്കും, അപ്പോള്‍ പരിണാമ ഗുപ്തി വന്നേയ്ക്കും, നമുക്ക് പുതിയൊരു ഭാഷയാവും. സംസാരഭാഷയില്‍ ഇത്തരം പാറ്റേണുകളെ കുറിച്ചുബോധവാനാകേണ്ടതില്ല, എഴുതുമ്പോഴും ഇന്ന് ആധുനിക കാലത്ത് കമ്പ്യൂട്ടറുകള്‍ക്ക് വായിക്കാന്‍ കൊടുക്കുമ്പോഴും ഭാഷയില്‍ നിര്‍വചിക്കുവാന്‍ കഴിയുന്ന പാറ്റേണുകള്‍ നിര്‍ബന്ധമാണ്.

ഉമേഷ്::Umesh said...

പെരിങ്ങോടരേ,

(ഇപ്പോൾ വീട്ടിലെ കമ്പ്യൂട്ടറിൽ കീമാണും അഞ്ജലി മാപ്പുമുപയോഗിച്ചാണു പ്രയോഗം. എങ്ങനെയാകുമോ എന്തോ? അറിയാവുന്നവർ പറഞ്ഞുതരൂ എന്തു ചെയ്യണമെന്നു്, പ്ലീസ്!)

ഞാനും സിബുവും തമ്മിൽ ഇങ്ങനെ തർ‍ക്കിച്ചുകൊണ്ടേയിരിക്കും. രണ്ടു ദിവസത്തിലൊരിക്കലെങ്കിലും ഞങ്ങൾ ഫോണിൽ സം‍സാരിക്കാറുണ്ടു്. അപ്പോഴും ഈ വിഷയം വരാറുണ്ടു്. ഇനിയും വന്നുകൊണ്ടേയിരിക്കുകയും ചെയ്യും.

സിബു ഈ വാദത്തിൽ ഒരു extreme ആണു്. അക്ഷരശ്ലോകം ഗ്രൂപ്പിൽ ഇതിന്റെ മറ്റേ extreme-ഉം ഉണ്ടു് - മലയാളം പറയുന്നതും എഴുതുന്നതും സം‍സ്കൃതം പോലെ തന്നെ വേണം എന്നു ശഠിക്കുന്നവർ. അവരോടു തർ‍ക്കിക്കുമ്പോൾ ഞാൻ സിബുവിന്റെ കൂടെയാണു്. അങ്ങനെ എല്ലാവരോടും തർ‍ക്കിച്ചു തർ‍ക്കിച്ചു ഞാൻ ഒരു താർ‍ക്കികനായിക്കൊണ്ടിരിക്കുകയാണോ എന്നൊരു സം‍ശയം :-)

പെരിങ്ങോടരുടെ കമന്റിനു നന്ദി. അതിൽനിന്നു ഞാൻ പറയാനുദ്ദേശിച്ചതു് ചുരുക്കിപ്പറയാൻ ഒരു വഴി കിട്ടി.

“എഴുത്തുഭാഷയിൽ, സം‍സാരഭാഷയിൽ നിന്നു വ്യത്യസ്തമായി, അതാതു കാലത്തെ ഭാഷാശാസ്ത്രനിയമങ്ങളനുസരിച്ചു് ശരിയെന്നു കരുതപ്പെടുന്ന വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നതാണു് ഉത്തമം.”

ഒരുപാടു പറഞ്ഞു. ശനിയന്റെ കവിതയെപ്പറ്റി മാത്രം ഒന്നും പറഞ്ഞില്ല. മനോഹരം! ജോയുടെ പാട്ടു കേൾക്കാൻ പറ്റിയില്ല. കേട്ടിട്ടു് എഴുതാം.

nalan::നളന്‍ said...

ഇവിടാരുമില്ലേ ഇതൊന്നേറ്റു പിടിക്കാന്‍, ഇവരു തല്ലുനിര്‍ത്തുന്ന ലക്ഷണമുണ്ട്.
ദേവോ.., സിദ്ധാര്‍ത്ഥോ ..വിശ്വം...
ഉമേഷ്, സിബു..ഫോണിലൂടെയുള്ള തല്ലുകളൊക്കെ നിര്‍ത്തിയിട്ട് ഇവിടിരുന്നു തല്ലൂ.
(ഇതൊക്കെ കേട്ടു പഠിച്ചിട്ടു വേണം അങ്കത്തിനിറങ്ങാന്‍..)

Cibu C J (സിബു) said...

ഉമേഷേ, ജോയുടെ സംഗീതാവിഷ്ക്കാരം കേള്‍ക്കാന്‍ മറക്കരുതേ... കേട്ടെന്റെ കണ്ണു നിറഞ്ഞു. ഈ ബ്ലോഗുകള്‍ക്ക്‌‍ എന്തെന്തുകാര്യങ്ങള്‍ സാധ്യമല്ല!

ഒരു മിനിറ്റ്‌; ഒന്ന്‌ ഗ്ലൌസിടട്ടെ.. :)

എഴുത്തു ഭാഷയും സംസാരഭാഷയും തമ്മില്‍ വ്യത്യാസമുണ്ടെന്നകാര്യത്തില്‍ തര്‍ക്കമില്ല. രണ്ടിന്റേയും മീഡിയം (ഒന്ന്‌ ദൃശ്യം, മറ്റേത്‌ ശ്രാവ്യം), സംഭാഷണത്തിലേര്‍പ്പെടുന്ന സമൂഹത്തിന്റെ വലിപ്പവും വൈവിധ്യവും, രണ്ടിന്റേയും സന്ദര്‍ഭം(context), എഴുതിയത്‌/പറഞ്ഞത്‌ നിലനില്‍ക്കേണ്ട കാലയളവ്‌ എന്നിവയിലൊക്കെ വരമൊഴിയും വാമൊഴിയും ആനയും ആടും പോലെയാണ്. ഇത്‌ ഈ രണ്ട്‌ ഭാഷാധാരകളില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസങ്ങളൊക്കെ കാണുമ്പോള്‍ എങ്ങിനെ ഇവതമ്മില്‍ ഇത്രസാമ്യമുണ്ടായി എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. സത്യത്തില്‍ എഴുത്തും സംസാരവും തമ്മില്‍ ഇന്നുള്ള ഈ സാമ്യം തന്നെ താരതമ്യേന പുതിയ പ്രതിഭാസമാണ്.

രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന്‌ വച്ച്‌, വൈവിധ്യം വാമൊഴിയിലേ ഉള്ളൂ വരമൊഴിയിലില്ല എന്നു പറയുമോ. വാമൊഴിയിലെ വൈവിധ്യം തന്നെ ജ്യോഗ്രഫിയികൊണ്ടു മാത്രം ഉണ്ടാവുന്നതുമല്ല. ജാതി, പ്രായം, ജോലി, സന്ദര്‍ഭം, സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ തമ്മിലുള്ള അടുപ്പം എന്നിങ്ങനെ അനേകകാര്യങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. അതുപോലെ തന്നെ വരമൊഴിയും അതിന്റേതായ രീതിയില്‍ വൈവിധ്യം പ്രകടിപ്പിക്കുന്നു. നോവലിലെ ഭാഷ, കവിതകളിലെ ഭാഷ, ഗവണ്മെന്റ് ഭാഷ, ചാറ്റ്‌ ഭാഷ, ബൈബിളിലെ ഭാഷ ...

എന്നാല്‍ ഈ വൈവിധ്യങ്ങളിരിക്കേ തന്നെ ഇവയെല്ലാം തമ്മിലൊരു ഏകത്വമുണ്ട്‌. ആ ഏകത്വമാണ് മലയാളം എന്ന വാക്കുകൊണ്ട്‌ വിവക്ഷ.

ഇനി, ഞാന്‍ കഴിഞ്ഞ പോസ്റ്റുകളില്‍ പറഞ്ഞ വാദമുഖങ്ങളില്‍ ഏതാണ് അവയെ വാമൊഴിയില്‍ മാത്രം ഒതുക്കുന്നത്‌?

ഒരു സാംസ്കാരത്തിന്റെ ഭാഗമായ ഭാഷ, കല തുടങ്ങീ സംഗതികളില്‍ എങ്ങിനെ പരിണാമം ഉണ്ടാവാം, അതിന് നിയമങ്ങള്‍ വച്ചാണോ അല്ലെങ്കില്‍ വേറെ എന്തുവച്ചാണ് ആ പരിണാമം സംഭവിക്കേണ്ടത്‌ എന്നിവയല്ലേ നമ്മള്‍ ചര്‍ച്ചചെയുന്നത്‌. അതായത്‌ വാമൊഴിയും വരമൊഴിയും എല്ലാം ഉള്‍പ്പെടുന്ന സാസ്കാരികരൂപങ്ങളുടെ മാറ്റങ്ങളെ കുറിച്ച്‌...

ഭാഷയും കലാരൂപങ്ങളും എല്ലാം നമ്മുടെ ജീനിന്റെ അതിജീവനത്തിനാവശ്യമായ വിവിധതന്ത്രങ്ങളില്‍ നിന്നും രൂപംകൊണ്ടതാണ് - മയില്‍പീലി പോലെ. സമൂഹജീവിയായ മനുഷ്യന്‍ ഭാഷകൊണ്ടും കലകള്‍ കൊണ്ടും ഒരു കൂട്ടായ്മയും അതുവഴി സര്‍വൈവലും സാധ്യമാക്കുന്നതിനോട്‌ തോട്ടത്തില്‍ ആരോ വെട്ടിനിര്‍ത്തിയ ചെടികളെ ഉപമിക്കുന്നതിനോട്‌ എനിക്ക്‌ വിയോജിപ്പുണ്ട്‌. സമൂഹജീവികളായ ഉറുമ്പുകളാവും കുറച്ചുകൂടി നല്ല ഉപമയെന്നെനിക്ക്‌ തോന്നുന്നു.

ഉറുമ്പുകളില്‍ കൂട്ടം തെറ്റിപ്പോകുന്നവരെ കൊന്നൊടുക്കുന്നതു വഴിയല്ല അവര്‍ ഭക്ഷണം കണ്ടെത്തുന്നതും സാഹചര്യങ്ങളുമായി അഡാപ്റ്റ് ചെയ്യുന്നതും. സത്യത്തില്‍ കൂട്ടം തെറ്റിപ്പോകുന്നവരാണ് ഉറുമ്പിന്‍‌കൂട്ടത്തിന് ഭക്ഷണം പെട്ടന്ന്‌ കണ്ടുപിടിച്ചു കൊടുക്കുന്നത്‌. കൂട്ടം തെറ്റുന്നവരുടെ 99% ഉദ്യമങ്ങളും പരാജയമായിരിക്കാം. പക്ഷെ അവരില്ലെങ്കില്‍ ഉറുമ്പിന്‍‌കൂട്ടമില്ല. (അതുപോലെ തന്നെ നിയമങ്ങളില്ലാത്ത, ഒരു ഉറുമ്പിന്‍ കൂട്ടത്തിലെ എല്ലാവരും കൂട്ടം തെറ്റിപോകുന്നവരാവുന്നതും നാം കാണുന്നില്ല)

അതുപോലെ തന്നെ ഭാഷയിലും ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞപോലെ സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടലുണ്ട്‌. എഴുത്തുഭാഷയുടെ കാര്യം തന്നെയെടുക്കാം. ഓല കീറിപ്പോവാതെ നാരായം കൊണ്ടെഴുതാന്‍ മലയാളം അക്ഷരങ്ങളുരുണ്ടു. പ്രിന്റിങ്ങിനെളുപ്പത്തിന് കൂട്ടക്ഷരങ്ങള്‍ പിരിഞ്ഞു.

സാംസ്കാരികമായ എന്തിനും ഈ അഡാപ്റ്റേഷനും അതുവഴിയുള്ള അതിജീവനവും ഉണ്ട്‌. അത്‌ എളുപ്പത്തില്‍ സാധ്യമാക്കുന്നവ നിലനില്‍ക്കുന്നു അല്ലാത്തവ ചത്തോടുങ്ങുന്നു. ഏതൊരു ഭാഷയുടെയും ജീവന്‍മരണപ്രശ്നമാണ് ഇത്‌. ഇതുകൊണ്ടാണ് ഭാഷക്ക്‌ അതാത്‌ സാഹചര്യങ്ങള്‍ക്ക്‌ ആവശ്യമുള്ള പരിണാമം എങ്ങിനെ എളുപ്പം ലഭ്യമാക്കും എന്ന്‌ വല്ലപ്പോഴും ചിന്തിക്കേണ്ടതുള്ളത്‌.

ഈ ഭാഷാ‍പരിണാമത്തിന് , ‍ നിയമങ്ങളുടെ മോഡലല്ല, മറിച്ച്‌ ആസപ്റ്റന്‍സിന്റെ മോഡലാണ് സഹായകമാവുക എന്നതാണ് ഞാന്‍ നേരത്തെ ചെയ്ത പോസ്റ്റുകളുടെ രത്നചുരുക്കം. ഹാവൂ....

ഉമേഷ്::Umesh said...

സിബ്വേ,

നമ്മള്‍ രണ്ടു പാവം ആട്ടിന്‍കുട്ടികളെ തമ്മിലിടിപ്പിച്ചു്‌ വീഴുന്ന ചോര കുടിക്കാന്‍ നില്‍ക്കുകയാണു്‌ ഈ നളന്‍ എന്നു പറയുന്ന കുറുക്കന്‍. പഴയ കഥയിലെ കുറുക്കനു്‌ എന്താണു പറ്റിയതു്‌ എന്നൊന്നു്‌ ഈ പയ്യനു പറഞ്ഞുകൊടുത്തേ...

ദേ, സിബു പിന്നേം ഇടിച്ചു. ഇതിനു തിരിച്ചിടിക്കാന്‍ എനിക്കെന്നെങ്കിലും ശക്തി കിട്ടുമോ? മാളോരേ, സഹായിക്കണേ...

:-)

- ഉമേഷ്‌

P.S.: ഇപ്പോ വരമൊഴിയും കണ്ട്രോള്‍ യൂവുമാണു പ്രയോഗം. ചില്ലൊക്കെ പൊട്ടാതെ കാണുന്നുണ്ടോ വിശ്വം?

viswaprabha വിശ്വപ്രഭ said...

ഉവ്വുമേശാ!

ണ്‍,ന്‍,ര്‍‍,ല്‍,ള്‍. N,n,r,l,L.
ണ്,ന്,ര്,റ്‌,ല്,ള്. N~,n~,r~,R~,l~,L~.
ണ,ന,ര,റ,ല,ള.Na,na,ra,Ra,la,La.

Visala Manaskan said...

priya saniyaa, ente comment evideppOyi??

കണ്ണൂസ്‌ said...

ശനിയന്റെ കവിത കൊള്ളാം. ജോയുടെ പാട്ട്‌ കേള്‍ക്കണമെങ്കില്‍ speaker on ചെയ്യണം എന്നതു കൊണ്ട്‌ അതൊരു നടക്കാത്ത സ്വപ്നമായി അവശേഷിക്കും.

സിബു-ഉമേഷ്‌ സംവാദം വായിച്ചു. പ്രശ്നം തുടങ്ങിയത്‌ കൂര്‍മ്മബുദ്ധി എന്നു പറഞ്ഞാല്‍ sharp intelligence ആണ്‌ എന്ന point-ഇല്‍ ആണല്ലോ. എന്റെ അഭിപ്രായത്തില്‍ കൂര്‍മ്മ ബുദ്ധി ആമയുടെ ബുദ്ധി എന്നു തന്നെ വെച്ചാല്‍ പ്രശ്നം കഴിഞ്ഞില്ലേ. എന്തെങ്കിലും കുഴപ്പം വന്നാല്‍ തല വലിക്കുന്നവന്‍ കൂര്‍മ്മ ബുദ്ധി. തല്ലാന്‍ വരുന്നവനെ കെട്ടിപ്പിടിക്കുന്നവന്‍ കൂര്‍മ്മ ബുദ്ധി. (ഞാനും ഒരു കൂര്‍മ്മ ബുദ്ധിയാണ്‌). പിന്നെ ഇങ്ങനെയുള്ള ആള്‍ക്കാരെ പണ്ട്‌ "കൂര്‍ബു" എന്നു വിളിച്ചിരുന്നു. ഇതിനു പ്രാദേശികമായി "കുരുപ്പ്‌" എന്നൊരു മൊഴിമാറ്റവും ഉണ്ട്‌.

P.S എന്നെ കണ്ടാല്‍ ഒരു കുറുക്കന്റെ കട്ടുണ്ടോ?

Visala Manaskan said...

കണ്ണൂസിന്റെ 'ടച്ചപ്പ്‌' സൂപ്പറാകുന്നുണ്ടേ..!

'പട ബാബു' വിന്റെ കഥ വെറും ഒരു കമന്റിലൊതുക്കിയതെന്തേ.?? വിപുലമായൊന്നു പറയരുതോ?

ശനിയന്റെ കവിത ജോയുടെ ശബ്ദത്തിൽ ഇന്നും കേട്ടു. ഗംഭീരമായിട്ടുണ്ട്‌.

രാജ് said...

ബൂലോഗചിത്രഗുപ്തന്‍ ഈ കമന്റുകളത്രയും വായിച്ച് അതിശയപ്പെട്ടുകാണും.. ഈ കമന്റുപോകുന്ന വഴിയേ...

ശനിയന്‍ \OvO/ Shaniyan said...

വിശാലാ, എന്താ പറ്റിയതെന്നു എനിക്കും അറിയില്ലാ.. 'മേലെ' ഇരിക്കുന്ന ബ്ലോഗു ദൈവങ്ങള്‍ക്കെ അറിയൂ.. അതു ഒന്നുകൂടി പോസ്റ്റാമൊ?

അതുല്യ said...

പടവും പാട്ടും ഒന്നിനൊന്ന് മികച്ചത്, അല്ലാ, ഒപ്പതിനൊപ്പം എന്നോ പറയേണ്ടത്?
കൂർമ്മ ബുദ്ധി... അലെങ്കിലു വേണ്ടാ, ഇപ്പോ തന്നേ സംവാദം ഒരു സമരമുഖം പോലെയായി... ആത്മബുദ്ധി സ്ഥിരം ചെയ്‌വ... പലബുദ്ധി....

രാജ് said...

കണ്ണൂസെ
ഗ്വാമ്പറ്റീ‍ഷന്റെ ഇടയില്‍ ഉറങ്ങിപ്പോയവനെ ഉണര്‍ത്താതെ ഗോളടിക്കുന്ന കൂര്‍മ്മ ബുദ്ധി അല്ലയോ ;)

പണ്ട് ‘ചങ്ങാതി’ മലയാളവേദിയില്‍ എഴുതിയ “ആമയും മുയലും” എന്ന കഥ ഓര്‍മ്മ വരുന്നു.

സിദ്ധാര്‍ത്ഥന്‍ said...

ഏതായാലും ശനിയന്റേം ജോയുടേം ഉല്‍പന്നം നന്നായി എന്നു പറഞ്ഞേ പറ്റൂ. കൂട്ടത്തില്‍ രസകരമായ ഈ വാദപ്രതി-യിലും ഒന്നു തലയിട്ടേക്കാം. കണ്ണൂസ്‌ പറഞ്ഞ പ്രകാരമുള്ള 'കൂര്‍മ്മ ബുദ്ധി'യായതു കൊണ്ടു്‌ ആ തല എപ്പൊ വേണമെങ്കിലും വലിക്കാല്ലോ.



പെരിങ്ങോടരുമായി ഈ വിഷയത്തില്‍ ഒന്നു സംസാരിക്കേണ്ടി വന്നപ്പോള്‍ സിബുവിന്റെ പക്ഷം പിടിച്ചു സംസാരിച്ചിരുന്നു ഞാന്‍. പെണ്ണിന്റെ അച്ഛന്‍ അവരുടെ കുടുംബത്തിന്റെ കെട്ടുറപ്പിനും നിലനില്‍പ്പിനും വേണ്ടി പാലിച്ചിരുന്ന നിയമങ്ങളെല്ലാം അതേ പടി ഭര്‍തൃഗൃഹത്തിലും പാലിക്കേണ്ട ആവശ്യമില്ല എന്ന യുക്തിയായിരുന്നതിനു പിന്നില്‍. സംസ്കൃതത്തില്‍ പാലിച്ച നിയമങ്ങള്‍ മലയാളത്തിലും ആ വാക്കുകള്‍ പാലിക്കണമെന്ന വാദത്തോടു ഇപ്പൊഴും വിയോജിപ്പു തന്നെ, എങ്കിലും സിബു പിന്നീടു്‌ പറഞ്ഞ കാര്യങ്ങളോടു, വ്യാകരണത്തിലും ഭാഷയിലും വ്യുല്‍പത്തി കുറവാണെങ്കിലും, വിയോജിക്കാതെ വയ്യ.


എന്റെ, ഫോട്ടോഗ്രാഫര്‍ കൂടിയായ, ചങ്ങാതി ഒരിക്കല്‍ ഒരു ചെരിവിനെ സൂചിപ്പിക്കാനായി 'സ്ലോ മോഷന്‍' എന്നു പറഞ്ഞതോര്‍ക്കുന്നു. അവിടെ കൂടിയവര്‍ക്കെല്ലാം അതിന്റെ അര്‍ഥം പിടി കിട്ടി എന്നതു വാസ്തവം. പക്ഷേ ആ പദത്തിന്റെ അര്‍ഥമതല്ല എന്നു പറഞ്ഞു കൊടുക്കാതിരിക്കാന്‍ പറ്റുമോ? അതൊരു ഇംഗ്ലീഷ്‌ പദമാണെന്നും അതിന്റെ അര്‍ഥം ഇതല്ലെന്നും അതു തെറ്റായരീതിയിലാണു പ്രയോഗിച്ചതെന്നും പറയാതെ ഉപദേശം പൂര്‍ത്തിയാക്കുന്നതെങ്ങനെ? ഹാവൂ മലയളത്തിനു ഒരു പദം കൂടെ കിട്ടി എന്നു സമാധാനിക്കേണ്ടിയിരിക്കുന്നത്രയ്ക്കു ദരിദ്രമാണോ നമ്മുടെ ഭാഷ?

ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന നിയമത്തിനു്‌ ജനങ്ങളെ നിയന്ത്രിക്കാനുള്ള അവകാശമില്ല, ബസ്സിനു കല്ലെറിയുന്നതു പോലീസുകാര്‍ നോക്കി നിന്നാല്‍ മതി എന്നു പറഞ്ഞാലെങ്ങനിരിക്കും? നിയമങ്ങളും വ്യാകരണങ്ങളും പൊതുസ്വാഭാവമുണ്ടാക്കിയെടുക്കാനുള്ളതാണു്‌. മലയിടിച്ചിലുണ്ടു്‌ എന്ന ഒരു പ്രാദേശികമായ അടയാളം തെറ്റായി വായിച്ചെടുക്കുന്ന വരത്തന്‍ ഡ്രൈവന്‍ വീടെത്തിയേക്കാം. പക്ഷേ, റിസ്ക്കെടുക്കണോ?
(വിസ്താരഭയം മൂലമാണു്‌ ഉപമകളെ ആശ്രയിച്ചതു്‌. അവിവേകമാണെങ്കില്‍ ക്ഷമിക്കുക.)

Cibu C J (സിബു) said...

ഞാനീപ്പറഞ്ഞ ആസപ്റ്റന്‍സ്‌ മോഡലെങ്ങനെ പ്രയോഗത്തില്‍ വരും എന്ന സംശയമാണ് സിദ്ധാര്‍ത്ഥനെന്നു തോന്നുന്നു... ഉപമയില്‍ കൂടി തന്നെ ഞാനും പറയാം.

ഫോട്ടോഗ്രാഫര്‍ ചങ്ങാതിയോട്‌ ഞാന്‍ ഇങ്ങനെ പറയും ‘ചെരിവിന് സ്ലോമോഷന്‍ എന്ന് നീ മാത്രമേ പറയൂ.‘ സ്ലോമോഷന്റെ എനിക്കറിയാവുന്ന അര്‍ഥവും പറഞ്ഞുകൊടുക്കും.

അവന് രണ്ട്‌ ചോയ്സ് ഉണ്ട്‌. 1) ഞാന്‍ പറഞ്ഞത്‌ കേട്ട്‌ നാളെ മുതല്‍ ചെരിവ്‌ എന്ന്‌ പറഞ്ഞു തുടങ്ങുക. 2) സ്ലോമോഷന്‍ എന്ന്‌ തന്നെ പറയുക. അതില്‍ (1) എടുത്താല്‍ പിന്നെ പുതിയ വാക്കൊന്നും മലയാളത്തിലേക്ക്‌ വന്നില്ലല്ലോ. അവന്‍ (2) ആണ് സ്വീകരിച്ചതെങ്കില്‍ പിന്നേയും രണ്ട്‌ കാര്യങ്ങള്‍ സംഭവിക്കും. a) അവന്‍ മാത്രം ചെരിവിന് സ്ലോമോഷന്‍ എന്ന്‌ പറഞ്ഞു കൊണ്ടിരിക്കും. b) അല്‍പ്പം വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും ചെരിവിന് സ്ലോമോഷന്‍ എന്ന്‌ പറയാന്‍ തുടങ്ങും. ഇതില്‍ (b) സംഭവിക്കുമ്പോഴേ പുതിയ എന്തെങ്കിലും ഭാഷയില്‍ ഉണ്ടാവുന്നുള്ളൂ. ‘കൂര്‍മ്മത’യുടെ കാര്യത്തില്‍ എനിക്ക്‌ ആദ്യം പറഞ്ഞ വാചകങ്ങളൊന്നും ഒരാളോട്‌ പറയാനാവില്ലല്ലോ. അത്‌ (b) എന്ന സ്ഥിതിയിലും ആണ് ഇപ്പോള്‍.

ഉമേഷ്::Umesh said...

സിബു,

ഒരു സാദാ ഫോട്ടോഗ്രാഫര്‍ സ്ലോമോഷന്‍ എന്നു പറഞ്ഞാല്‍ അതു അംഗീകരിക്കപ്പെടില്ല. പക്ഷേ ഉന്നതങ്ങളില്‍ പിടിയുള്ള ഒരു കവിയോ പത്രപ്രവര്‍ത്തകനോ വിദ്യാഭ്യാസവിചക്ഷണനോ ഏതെങ്കിലും പാഠപ്പുസ്തകത്തിലോ പത്രത്തിലോ മറ്റോ "രാപ്പകല്‍" എന്നോ "ഫിലിമോത്സവം" എന്നോ "പദ്ധതിയേതരം" എന്നോ പ്രയോഗിക്കുകയും അതു്‌ ജനം വായിക്കാനിടയാവുകയും ചെയ്യുമ്പോഴാണു്‌ ഈ തെറ്റുകള്‍ രൂഢമൂലമാകുന്നതു്‌. അല്ലാതെ സിബു പറയുന്ന acceptance വഴിയല്ല. എന്റെ നോട്ടത്തില്‍ ഫോട്ടൊഗ്രഫറുടെ സ്ലോ മോഷനെക്കാള്‍ വലിയ തെറ്റാണു ബുദ്ധിജീവിയുടെ "പദ്ധതിയേതരം".

"രാപ്പകല്‍" തെറ്റാണെന്നു മനസ്സിലാക്കിയതിനു ശേഷം ഞാന്‍ ആളുകള്‍ ആ വാക്കു പറയുന്നതു ശ്രദ്ധിച്ചിട്ടുണ്ടു്‌. ആ പാഠപ്പുസ്തകത്തിനു മുമ്പുള്ള ആളുകള്‍ "രാപകല്‍" എന്നു തന്നെയാണു പറയുന്നതു്‌. അപ്പൂപ്പന്മാരുടെ പറച്ചില്‍ കേള്‍ക്കൂ: "ഞാനിങ്ങനെ രാപകല്‍ ഇവിടെത്തന്നെ കുത്തിയിരിക്കുകയാണു കുഞ്ഞേ...".

ഇതു natural selection വഴിയുള്ള acceptance അല്ല സിബൂ. ഇതു്‌ ഭീകരനോവലുകളില്‍ കാണുന്നതുപോലെ "ശാസ്ത്രീയ"പരീക്ഷണങ്ങളില്‍ monster-മാരെ (വി. കെ. എന്‍-ന്റെ മോണ്‍സ്റ്റര്‍ അല്ല) ഉണ്ടാക്കുന്നതുപോലെയാണു്‌. ആരെങ്കിലും ഇതു ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ ഈ വിവരദോഷങ്ങളൊക്കെ മലയാളികള്‍ നെഞ്ചേറ്റി ആക്സപ്റ്റ്‌ ചെയ്തതാണെന്നു സിബുവിനെപ്പോലുള്ളവര്‍ വാദിക്കും. അല്ലെങ്കിലേ നമ്മുടെ "ടി. വി. സീരിയല്‍ കില്ലേഴ്സ്‌" മലയാളത്തെ കൊന്നു കൊലവിളിക്കുകയാണു്‌.

തെറ്റാണെന്നു തോന്നുന്നതു്‌ ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം. കുട്ടിക്കൃഷ്ണമാരാരും, പി. കെ. നാരായണപിള്ളയും, പന്മന രാമചന്ദ്രന്‍ നായരും, സി. വി. വാസുദേവഭട്ടതിരിയും, 'മാതൃഭൂമി' പത്രത്തില്‍ 'ചൊവ്വാദോഷം' എഴുതിയ ആളും ഒക്കെ ചെയ്ത കാര്യം തന്നെ. ബ്ലോഗില്‍ ഇപ്പോള്‍ ധാരാളം മലയാളം കാണുന്നുണ്ടു്‌. ഇങ്ങനെയുള്ള തിരുത്തുകളും അഭിപ്രായങ്ങളും ബ്ലോഗിലെ ഭാഷയ്ക്കു ഗുണമേ ചെയ്യൂ എന്നാണു്‌ എന്റെ വിശ്വാസം. അതു സ്വീകരിക്കണോ അതോ തെറ്റു (തെറ്റി - തെറ്റെന്നു ഞാന്‍ വിശ്വസിക്കുന്നതും മലയാളികള്‍ അംഗീകരിച്ചതെന്നു സിബു വിശ്വസിക്കുന്നതുമായ സാധനം) തന്നെ തുടര്‍ന്നും accept ചെയ്യണോ എന്നു്‌ എഴുത്തുകാര്‍ തന്നെ തീരുമാനിക്കട്ടെ.

- ഉമേഷ്‌

viswaprabha വിശ്വപ്രഭ said...

ശനിയന്റെ ഒരു നല്ലകാലം!

എത്ര കമന്റുകളാ ഇവിടെ?

നല്ല, ഭാഗ്യം ചെയ്ത ബൂലോഗം!

കമന്റുകളുടെ എണ്ണത്തില്‍ ഇതൊരു റെക്കോര്‍ഡ് ആവുമോ എന്നാണിപ്പോള്‍ സംശയം!

കൊള്ളാം! ഉമാ-മൊഴീശ്വരസംവാദം ഇവിടെത്തന്നെ തുടരണം. വേറെ എങ്ങോട്ടും പറിച്ചുനടണ്ട തല്‍ക്കാലം!

ഉമേഷ്::Umesh said...

അറുപതു കമന്റായി. ഒന്നുകൂടി ഇരിക്കട്ടെ.

ജോയുടെ പാട്ടു കേട്ടു. മനോഹരം! അതിനുശേഷം ശനിയന്റെ കവിത ഒന്നുകൂടി വായിച്ചപ്പോള്‍ കൂടുതല്‍ ഹൃദ്യമായിത്തോന്നി.

നന്ദി, ശനിയനും ജോയ്ക്കും.

- ഉമേഷ്‌

Achinthya said...

ഇവടത്തെ പുട്ടുഫാനുകൾ ഇതൊക്കെ കാണുണുണ്ടോ? പുട്ടിൽ തേങ്ങ ഇടണ പോലെ ജോ ന്നും ശനിയൻ ന്നും പറഞ്ഞിട്ട്‌ ബാക്കി നേരം കൂർമ്മോം വരാഹോം കളിക്ക്യാ.(തേങ്ങയ്ക്ക്‌ നാളികേരം ന്നും പിന്നെ നമ്പൂരിക്കുട്ടി പറഞ്ഞ പോലേം പറയാം ന്റമ്മേ ഇവടെ മലയാളം മിണ്ടാൻ പേട്യാവുണൂല്ലോ)
ഇനി ഈ ജന്മത്തിൽ ശനിയനും ജോയും പാട്ട്‌ണ്ടാക്കില്യാന്ന്‌ ശപഥം ചെയ്യ്‌വോ ന്ന പ്പോ ന്റെ പേടി.

ഉമേഷ്::Umesh said...

എല്ലാം ആ ഡ്രിസിലിനെ പറഞ്ഞാൽ മതി അതുല്യച്ചേച്ച്യേ. കക്ഷിയാണല്ലോ ഈ കൂർമ്മതയെ കൊൺണ്ടുവന്നതു്.

എനിക്കും ഒരു പേടി. ശനിയോ, ഇനിയും എഴുതൂ. ഞങ്ങൾ ഇനി മിണ്ടൂല.

:-)

Unknown said...

ഞാനൊന്നുമറിയില്ലേ രാമനാരായണാ.... ജീവിച്ചു പോയ്‌ക്കോട്ടെ എന്റെ പൊന്നു ഉമേഷ്‌ ബായ്‌... -:)

Cibu C J (സിബു) said...

ഉമേഷേ.. വളരെ നന്നായി. ആരാദ്യം നിര്‍ത്തും എന്ന ഒരൊറ്റ പ്രശ്നത്തിലാണ് ഞാനിങ്ങനെ പോയിക്കൊണ്ടിരുന്നത്‌. ഹാവൂ.

നളന് എന്ന കുറുക്കന്‍ ഇപ്പോള്‍ തടിച്ചു വീര്‍ത്ത്‌ പരിചയക്കാര്‍ക്കാര്‍ക്കും കണ്ടാല്‍ അറിയാന്‍ വയ്യാത്തപരുവമായിട്ടുണ്ടാ‍വും :)

ഇവിടത്തെ കമന്റവസാനിച്ചിട്ടേ അടുത്ത കവിത പാടൂ എന്ന്‌ ശനിയനും ജോയും വാശിപിടിക്കരുത്‌ :) പോരട്ടെ അടുത്തത്‌. ആദ്യസംരംഭം സൂപ്പര്‍ മെഗാഹിറ്റായല്ലോ ..

സിദ്ധാര്‍ത്ഥന്‍ said...

തീര്‍ന്നോ?
വഴിയില്ലല്ലോ!
അചിന്ത്യേക്കേറി അതുല്യേന്നു വിളിച്ചതിനു്‌ ഉമേഷിനെതിരേ ഒരു കേസും കൂടെ വരാന്‍ സാധ്യത കാണുന്നുണ്ടു്‌:-)

അതുല്യ said...

കൂർമ്മതയെ കൊണ്ടുവന്ന ആശാൻ തന്നെ, അതിനെ കുളത്തിലു കൊണ്ടു വിടട്ടേ...

ഉമേഷെന്നെ ചേച്ചീന്ന് വിളിച്ചാലോ?

ഉമേഷേട്ടാ.... നമ്മടെ നര കണ്ട്‌ പറയല്ലേ... പ്രായം കണ്ടാ ചർമ്മം തോന്നുകയേയില്ലാ.....

Achinthya said...

ന്റെ സിദ്ധാർത്ഥാ വിവരല്ല്യാത്ത കുട്ട്യോലെന്തെങ്കിലും പറഞ്ഞാലും നമ്മൾ` വിവരള്ളോര്‌ വേണ്ടേ ഇതൊക്കെ പോറുക്കാൻ?സാരല്ല്യാന്നെ പോട്ടെ.

നാലും ഉണ്ടിരിക്കണ സൂഫിക്കൊരു വിളി വന്നതേയ്‌!!!

ഉമേഷ്::Umesh said...

അയ്യോ, തെറ്റു പറ്റിപ്പോയി. നന്ദി സിദ്ധാര്‍ത്ഥാ. അതുല്യയും അചിന്ത്യയും ദയവായി ക്ഷമിക്കണം.

ഈ അതുല്യ-അചിന്ത്യ സ്ഥലജലഭ്രാന്തി പണ്ടേ എനിക്കുണ്ടായിരുന്നു. രണ്ടുപേരും എഴുതുന്ന കമന്റുകള്‍ കാണുമ്പോള്‍ ഒരാളാണെന്നു വിചാരിച്ചിരുന്നു. അതുല്യ എഴുതാന്‍ തുടങ്ങിയപ്പോഴാണു്‌ അതു നേരെയായതു്‌. എങ്കിലും ഇടയ്ക്കൊക്കെ ഇപ്പൊഴും തെറ്റിപ്പോകാറുണ്ടു്‌.

അതുപോലെ തെറ്റിയിരുന്ന മറ്റൊരു ദ്വന്ദ്വമാണു്‌ കലേഷും കുമാറും. രണ്ടായ അവരെ ഒന്നെന്നു കണ്ടു്‌ കുറെക്കാലം കലേഷിനെ മാത്രമേ വായിച്ചിരുന്നുള്ളൂ. സൂഫി-സാക്ഷി, സന്തോഷ്‌-അരവിന്ദ്‌ തുടങ്ങിയവരെയും വേര്‍തിരിച്ചറിയാന്‍ തുടങ്ങുന്നതേയുള്ളൂ.

അതുല്യച്ചേച്ച്യേ, അങ്ങനെ കൊച്ചുകുട്ടി ചമയാന്‍ നോക്കേണ്ടാ. പണ്ടു നദിയാമൊയ്തുവിനെപ്പോലെ മുടി കെട്ടിയപ്പോള്‍ ഏതോ മൃഗം ചാണകമിട്ടതാണോ എന്നു ചിദംബരം സാര്‍ ചോദിച്ച കഥയുള്ള പോസ്റ്റില്‍ നിന്നു കിട്ടിയ ക്ലൂകളില്‍ നിന്നു്‌ ചേച്ചി എന്നെക്കാള്‍ മൂത്തതാണെന്നു ഞാന്‍ കണ്ടെത്തി. തലമുടി ഇപ്പോഴും ചാണകം പോലെ കറുത്തതാണെന്നു കരുതി അകാലനര ബാധിച്ച എന്നെക്കാള്‍ പ്രായം കുറയും എന്നു കരുതിയോ? :-)

- ഉമേഷ്‌

ഉമേഷ്::Umesh said...

ഡ്രിസിലേ,

ഈ "മലയാളം ബ്ലോഗുകള്‍" എന്നു പറഞ്ഞു വിലസുന്നതും, നദീര്‍ എന്ന പേരില്‍ കഥയെഴുതുന്നതും ഒക്കെ താന്‍ തന്നെയല്ലേ? അതോ, അതും എന്റെയൊരു സ്ഥലജലഭ്രാന്തിയാണോ?

arvindh said...

I do not know Malayalam but your poem set to music by Jo was just great!

I want to ask you - because you are from Kerala - whether you have seen the film Nizhal Kuthu. If you have, I am curious to know what you think about it. I am waiting for an opportunity to watch it.

nalan::നളന്‍ said...

ഒന്നുറങ്ങിയെഴുന്നേറ്റപ്പോഴേക്കും ( വയറു നിറഞ്ഞതുകൊണ്ടാ!) എല്ലാം ഒത്തുതീര്‍പ്പിലായോ ?
ഉമേഷ്,
ഉന്നതങ്ങളില്‍ പിടിയുള്ള ഒരു കവിയോ പത്രപ്രവര്‍ത്തകനോ വിദ്യാഭ്യാസവിചക്ഷണനോ പ്രയോഗിച്ചിട്ടാണോ ‘അടിപൊളി’ പ്രയോഗം നിലവില്‍ വന്നത് ?(വായന കുറവാണേ.) അല്ലെന്നാണെങ്കില്‍ അത് അസ്സെപ്റ്റന്‍സ് കൊണ്ടാണെന്നു വരില്ലേ?

viswaprabha വിശ്വപ്രഭ said...

Addippolli Gang എന്നായിരുന്നു ഞാന്‍ ഏറ്റവും ആദ്യം കണ്ടത്.
ഞങ്ങളുടെ കോളേജ് ഹോസ്റ്റലില്‍ ചേര്‍ത്തലക്കാരന്‍ രാജു എന്ന അളിയന്റെ വാതിലില്‍ ആ പേരങ്ങനെ തൂങ്ങിക്കിടന്നു.

അടിപൊളീസ്! ഒറ്റ നോട്ടത്തില്‍ തന്നെ ആ പേര് ഇഷ്ടമായി! രാജുവിന്റെയും കൂട്ടുകാരുടേയും ജീവിതവീക്ഷണങ്ങള്‍ക്ക് അനുയുക്തമായ പേര്!അടിപൊളിയന്മാരുടെ റൂമില്‍ ആഴ്ച്ചവട്ടങ്ങള്‍ക്ക് ഒടുവിലും നടുവിലും അടിപൊളി പാര്‍ട്ടികളും അടിപൊളി ചര്‍ച്ചകളും അടിപൊളിയായി നടന്നു.

പിന്നീട് കോളേജില്‍എല്ലാവരുടേയും ഏറ്റവും പ്രിയപ്പെട്ട അരുമയായി മാറി ആ വാക്ക്. NSS ക്യാമ്പുകളിലും യുവജനോത്സവങ്ങളിലും എന്തിനു്, അദ്ധ്യാപകര്‍ പോലും വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ ആ വാക്കുപയോഗിച്ചു കണ്ടു.


രാജുവാണോ ‘അടിപൊളി’യുടെ ഉപജ്ഞാതാവ്, അതോ അതിനും മുന്‍പേ ആ വാക്കു തിരനോട്ടം നടത്തിയിരുന്നോ എന്നത് ഇപ്പോഴും വിട്ടുമാറാത്തൊരു കൌതുകമാണെനിക്ക്!


23 വര്‍ഷം കഴിഞ്ഞു ഇപ്പോള്‍. ‘അടിപൊളി’എന്ന വാക്കില്ലാത്ത മലയാളനിഘണ്ടുവൊന്നും നിഘണ്ടുവേ അല്ല എന്ന അവസ്ഥയായി.

Achinthya said...

ഇക്കൊല്ലത്തെ ശകുനിശങ്കുണ്ണി അവാർഡ്‌ നളനു തന്നെ. ഒരുവിധം രംഗം ശാന്തായപ്പോ ഇയാൾ-ക്ക്‌ അടിപൊളി ആരാണ്ടാക്ക്യേ ന്ന്‌ അറിയണത്രെ. ഇവടെ വാ. ഞാൻ പറഞ്ഞു തരാം.

കലേഷേ, പ്പോ മനസ്സിലായിോ, ഞാനെന്ത ബ്ലോഗ്ഗാത്തേ ന്ന്‌? ഉമേഷിനെ ഓർത്തിട്ടാ.ഇനി ഞാനതും തുടങ്ങ്യാ എങ്ങന്യാ എന്നെം അതുല്യേം ഈ പാവം തിരിച്ചറിയാ? ഒന്നാലൊചിച്ചു നോക്കു,
എന്താ ന്നു വെച്ചാ വിലിചോളൂ ട്ടൊ ഉമേഷ്‌, കൊഴപ്പല്ല്യാ.

അതുല്യ said...

വിശ്വം... സംശയം സംശയം..

അടി ന്ന് പറഞ്ഞാ തല്ല്
അടിപൊളീന്ന് പറഞ്ഞാ -- ഉഗ്രൻ

തല്ല് ന്ന് പറഞ്ഞാ അടി
അപ്പോ തല്ലിപൊളീന്ന് പറയുമ്പോ മാത്രം എന്താ ഒരു പന്തികേട്‌..

ഉമേഷ്::Umesh said...

"അടിച്ചുപൊളിക്കുക" എന്ന (രണ്ടു ക്രിയകള്‍ ചേര്‍ന്നുണ്ടായ) ക്രിയയില്‍നിന്നുണ്ടായ വാക്കാണു്‌ "അടിപൊളി".

"അടിച്ചുപൊളിക്കുക" എന്ന വാക്കിനു തല്ലിത്തകര്‍ക്കുക എന്ന അര്‍ത്ഥത്തില്‍ നിന്നുപരി "ആഹ്ലാദിക്കുക" എന്ന അര്‍ത്ഥം വന്നപ്പോള്‍ (ക്ലാസ്സില്‍ ഡസ്കിലടിച്ചു്‌ ആഹ്ലാദം പ്രകടിപ്പിക്കുന്നതില്‍ നിന്നോ, തമ്പേറും മറ്റും ഉച്ചത്തില്‍ അടിച്ചു്‌ ആഹ്ലാദിക്കുന്നതില്‍ നിന്നോ ആവാം ഈ പ്രയോഗം) അടിച്ചുപൊളിക്കാന്‍ ഉതകുന്ന എന്തിനേയും "അടിപൊളി" എന്നു വിളിക്കാന്‍ തുടങ്ങി. നല്ല വാക്കു്‌.

ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു്‌ ഇത്തരം വാക്കുകളെപ്പറ്റിയല്ല. പുതിയതായി ഉണ്ടാക്കുകയോ, മറ്റു ഭാഷകളില്‍ നിന്നു കടം കൊള്ളുകയോ ഒക്കെ ചെയ്യുന്നതു നല്ലതുതന്നെ. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ അബദ്ധം കാട്ടരുതു്‌ എന്നു മാത്രം. "പദ്ധതിയേതരം" പോലെ.

ഉമേഷ്::Umesh said...

അടിയും തല്ലും ഒന്നല്ല അതുല്യേ. നാം വെള്ളമടിക്കാറുണ്ടു്‌, വെള്ളം തല്ലാറില്ല. കമന്റടിക്കുകയും, കറന്റടിക്കുകയും, വണ്ടറടിക്കുകയും ഒക്കെ ചെയ്യും, പക്ഷേ ഇതൊന്നും തല്ലാറില്ല.

തല്ലിനു്‌ അതിന്റെ വാച്യാര്‍ത്ഥം മാത്രമേ ഉള്ളൂ. അതുകൊണ്ടാണു്‌ അക്ഷരാര്‍ത്ഥത്തില്‍ തല്ലിപ്പൊളിക്കുന്നവനെ "തല്ലിപ്പൊളി" എന്നു വിളിക്കുന്നതു്‌.

അടിച്ചുപൊളിക്കല്‍ അടിപൊളിയായപ്പോള്‍ ഉള്ള "അടി" തല്ലല്ല. അടിച്ചുപൊളിക്കല്‍ നടക്കുന്നതു മനസ്സിലാണു്‌. ചെറുതായി വെളിയിലും കണ്ടേക്കാം എന്നു മാത്രം.

നളാ, അടിപൊളി! ശനിയാ, ഗിന്നസ്‌ ബുക്കിലൊന്നു്‌ അപേക്ഷിക്കാറായെന്നു തോന്നുന്നു.