Tuesday, June 06, 2006

യാത്രാമൊഴി..

ഓമലേ നിന്‍ കവിള്‍ത്തട്ടിലന്നാദ്യമായ്‌
പുലര്‍കാല രശ്മികള്‍ പൂത്തു നില്‍ക്കേ,
പ്രിയസഖി രാധേ നിന്‍ മായിക ഭാവമെന്‍
മാനസപ്പൊയ്കയില്‍ അലകള്‍ നെയ്തു..

ഹൃദയ കവാടം തുറന്നു നീ വന്നുവെന്‍
സ്വര്‍ലോക വീണയില്‍ നവ രാഗമായി
അവനിയില്‍ പുതുജീവന്‍ നാമ്പിട്ട നാള്‍
മുതല്‍ ഒന്നായി നമ്മള്‍ കഴിഞ്ഞതാണോ?

എത്രയോ നാളുകള്‍, എത്രയോ തീരങ്ങള്‍
ഒന്നായി, നമ്മളൊന്നായ്‌ കടന്നു പോയി?
നാമൊഴുകുന്ന വഴികളില്‍ കാഴ്ച്ചകള്‍
കാഴ്ച്ചകള്‍ കണ്ടങ്ങ്‌ നിന്നു പോയോ?

ഒരു തിരിയാളുന്ന നേരത്തായെന്നോട്‌
കാറ്റിന്റെ കൈ പിടിച്ചോതീയവള്‍,
വഴിപിരിഞ്ഞീടുവാന്‍ നേരമായീ സഖേ,
നമുക്കൊന്നിച്ചു പോയിടാന്‍ വഴികളില്ല..

ഒരുമാത്രയെങ്കിലും വിറകൊണ്ടുവെന്‍ മനം
നിസ്സംഗനായി ഞാന്‍ നിന്നു പോയി..
ഇമവെട്ടിടാതങ്ങു നോക്കി നിന്‍ മിഴികളില്‍
ഞാനെന്റെ ഗദ്ഗദം മൂടി മെല്ലെ..

ഒരുപാടു സ്വപ്നങ്ങള്‍ നെയ്തു നാമൊന്നിച്ച്‌,
ഒരുപാട്‌ നാള്‍ കൊണ്ടു നടന്നതല്ലേ?
കൈകളില്‍ കൈകളാലെഴുതിയ കവിതകള്‍
കണ്ണുകള്‍ ചൊല്ലിയതോര്‍മ്മയില്ലേ?

മറക്കുവതെങ്ങനെ, മരിക്കുവതെങ്ങനെ,
നമ്മുടെ ഓര്‍മ്മകള്‍, പൊന്‍ വീണകള്‍..
മധു പെയ്ത രാവിലീ മാനസതീര്‍ഥത്തില്‍
അരയന്നമായ്‌ നാം തുടിച്ചിരുന്നു..

ഒരു വേള നീ മറന്നേക്കാമതെന്നാലും
എന്‍ മനം നിന്നെ മറക്കുകില്ല..
യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ
മല്‍ പ്രാണനോടിന്നെന്റെ ദേഹം?

യാത്രാമൊഴിയിതു ചൊല്‍ക നാം നമ്മോട്‌
യാത്രചോദിക്കുവാന്‍ വയ്യെങ്കിലും....
ഇനിയെന്നുകാണുമെന്നറിവീലയെങ്കിലും
വിട ചൊല്ലിടാമിന്ന് വാക്കുകളാല്‍

നിനവിന്റെ നിറവുകള്‍ തേടിടാം,പ്രിയസഖീ
നിസ്വാര്‍ത്ഥ പ്രണയത്തിന്‍ സാഫല്യമേ
എനിക്കെന്നോടു തന്നെയും വിടചൊല്ലിടാമിനി
അത്‌ നിന്നോടു ചൊന്നതില്‍ വലുതാകുമോ?

യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ
മല്‍ പ്രാണനോടിന്നെന്റെ ദേഹം?

യാത്ര ചോദിക്കുവതെങ്ങനേ, പ്രിയസഖീ?

16 comments:

Visala Manaskan said...

ശനിയന്‍ കാവിതാലോകത്തിന് ഒരു പുതു
വാഗ്ദാനമാണെന്നാണ് തോന്നുന്നത്.

കവിത എഞ്ജോയ് ചെയ്യാനറിയാത്ത എനിക്കും ഇത് ഇഷ്ടായി. നല്ല കവിത.

* * *
വാഗ്ദാനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍, ‘ നീ സെന്റ്ട്രല്‍ ജെയിലിലേക്കൊരു വാഗ്ദാനമാണെടാ..’ എന്ന യോദ്ധായിലെ ഡയലോഗ് ഓര്‍മ്മ വന്നു.

സു | Su said...

നല്ല കവിത.

myexperimentsandme said...

വിശാലനും സൂവുമൊക്കെ പറഞ്ഞതുകൊണ്ട് കുത്തിയിരുന്നു വായിച്ചു..

വായിച്ചപ്പോള്‍ മനസ്സിലായി കവിതയും ആസ്വദിക്കാമെന്ന്.

ആ വേര്‍പാടിന്റെ വേദന കൊഞ്ചം ട്രാന്‍സ്ഫര്‍ ചെയ്തു തന്നു, ശനിയണ്ണന്‍.

യാത്രാമൊഴി എന്ന വാക്ക് ഫേമസാവുകയാണല്ലോ, ഇന്നലെ ശനിയണ്ണന്റെ യാത്രാമൊഴിക്കവിത, മൊഴിയണ്ണന്റെ യാത്രാമൊഴി ബ്ലോഗ്, ഡ്രിസിലിന്റെ വക വേറൊരു യാത്രാമൊഴിയും.

ഉമേഷ്::Umesh said...

ഇവിടെയും ഒരു യാത്രാമൊഴിയുണ്ടു വക്കാര്യേ... പൂയ്...

രണ്ടു മൂന്നു കമന്റു കണ്ടു ശനിയന്റെ കവിത വായിക്കാന്‍ പോയിട്ടു ശൂന്യമായ പേജാണു കണ്ടതു്. ഇതെന്താ കവിത കീഴോട്ടു പോയതു്? ആദിയേ, ശ്രീജിത്തേ, മുല്ലപ്പൂവേ, ദാ ശനിയന്റെ ടെമ്പ്ലേറ്റു കുളമായേ...

ഇനി കവിത വായിക്കട്ടേ...

ബിന്ദു said...

ഹായ്‌.. നല്ല കവിത. :)

ഒരു മണിക്കൂര്‍??? നന്നായിട്ടുണ്ട്‌.

myexperimentsandme said...

ഉമേഷ്‌ജീ, എസെനിന്‍ ജീവിതത്തില്‍നിന്നു തന്നെ മൊഴിചൊല്ലിയത് വായിച്ചു. എനിക്ക് താങ്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ അത്ഭുതമെന്ന വികാരമാണ് ആദ്യം വരുന്നത്. സമ്മതിച്ചിരിക്കുന്നു.

അങ്ങിനെ ശനിയണ്ണന്റെയും നെയിം‌പ്ലേറ്റ് കുളമായി. മുല്ലപ്പൂ, ഇതുകണ്ടോ... പാവം ശനിയണ്ണന്‍, പ്രതിഫലേച്ഛ (ച്ഛ ശരിയാ?) കൂടാതെ സഹായിക്കാന്‍ പോയി, കിട്ടിയ പ്രതിഫലം കണ്ടില്ലേ.

Adithyan said...

കവിതയുടെ അസ്കിതയും ഉണ്ടല്ലേ?

ബൈദിബൈ, ആഗസ്റ്റില്‍ നാട്ടില്‍ പോകുന്നതിനു ലവളോടു ഇപ്പഴേ വിട ചൊല്ലി തുടങ്ങണോ :-?
ലത്രയ്ക്കു ഗോബ്ലിഗേറ്റഡാണൊ? ;-)

സ്നേഹിതന്‍ said...

ശനിയന്റെ 'യാത്രാമൊഴി' കവിത നന്നായിരിയ്ക്കുന്നു.

കുറുമാന്‍ said...

കവിത പണ്ടും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോഴും (എന്റെ ഭാര്യയുടെ പേരു കവിത എന്നായതല്ല കാരണം). പക്ഷെ കവിത വായിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ഒരുമ്പെടാറില്ല. ശനിയന്റെ കവിതകളും, പെരിങ്ങോടന്റെ ചില കഥകളും, ഉമേഷിന്റെ പോസ്റ്റുകള്‍ക്കും, ദേവേട്ടന്റെ ആരോഗ്യ പംക്തികള്‍ക്കും കമന്റിടുക എന്നു വച്ചാല്‍, ഒരൊന്നൊന്നര തച്ച് പണിയാ, മാത്രമല്ല, അത് പിന്നീടൊരു പണിയാകുകയും ചെയ്യും. എന്നിരുന്നാലും, ശനിയോ എനിക്കിഷ്ടമായി ഈ കവിത.

യാത്രാമൊഴിയിതു ചൊല്‍ക നാം നമ്മോട്‌
യാത്രചോദിക്കുവാന്‍ വയ്യെങ്കിലും....
ഇനിയെന്നുകാണുമെന്നറിവീലയെങ്കിലും
വിട ചൊല്ലിടാമിന്ന് വാക്കുകളാല്‍

ഈ നാലുവരികള്‍ റൊമ്പ പുടിച്ച്.

aneel kumar said...

ഈ കവിത ഒരു ഗാനമായി മാറാനുള്ള ലക്ഷണമൊക്കെ കാണുന്നുണ്ടല്ലോ. ഇഷ്ടമായി.

ശനിയോ, ഇത് ആദിത്യന്‍ പറഞ്ഞപോലെ പാടീട്ട് പോവാനോ അതോ നാട്ടില്‍ ചെന്നുനിന്ന് പാടാന്‍ ഇപ്പോഴേ എഴുതിയതോ ? ;)

Anonymous said...

ശംകരകുറുപ്പ്പിന്റെ സൂര്യകാന്തി ഓറ്‍മവരുന്നു ഈ കവിത വായിച്ചപ്പോള്‍.

ഇവിടെ ശനിയന്‍ സൂര്യകാന്തിയോടാണു ഗദ്ഗദം പറയുന്നതു. പ്റണയ നാളിനൊടുവില്‍ അറിയാതെ കയറി വന്ന കറുമ്പിയാം രാവിനെ കണ്ടു തന്റെ സുരക്തമായാ കയ്യുകള്‍ ശനിയന്‍ പൊടുന്നനെ വലിച്ചെടുക്കുന്നു. മറയുന്നു.

വ്യാകുലതകളുടെ സഹയാത്റികനാകുന്നു.

പ്റണയാദുരമായ ശനിയന്റെ ഹ്റുദയ്ം വെളിവാക്കുന്നു ഈ കവിത

രാജ് said...

ശനിയാ ഞാന് കവിതാസ്വാദനത്തില് വളരെ പിറകിലാണു്, കവിതയെന്നു പേരെടുത്തു പറഞ്ഞില്ലെങ്കിലും "വെറുതെയിരുന്നു ചിരിക്കുന്ന രാത്രി"യും മറ്റും കാവ്യാത്മകത നിലനിര്ത്തിയിരുന്ന പോസ്റ്റായിരുന്നു. കവിത എഴുതുന്നതിലും ഞാന് മോശമാണു്, എങ്കിലും പില്‍‌ക്കാലത്തു വന്ന തിരിച്ചറിവുകളില് ഒന്നാണു്, ഒരു "അര്ദ്ധനിമിഷത്തില്" ചിന്തിച്ചെത്താവുന്നതിലും കൂടുതലായി എന്തെങ്കിലും എഴുതുവാനുണ്ടെങ്കിലേ എഴുതാവൂ എന്നുള്ളതു്. കവിതകള് കുറവുള്ള ബൂലോഗത്തില് നല്ല കവിതകള് കാണുവാന് കഴിയട്ടെ, ശനിയന്റെ സംഭാവനകളും അതില്‍ കാണുമാറാകട്ടെ.

പണ്ടെഴുതിയൊരു യാത്രാമൊഴി ഇപ്പോള്‍ വായിക്കുമ്പോള്‍ “വേണ്ടായിരുന്നില്ല” എന്നൊരു തോന്നലാണു് ;)

ശനിയന്‍ \OvO/ Shaniyan said...

വിശാല ഗുരോ, ഇഷ്ടായീന്നറിഞ്ഞതില്‍ വളരെ സന്തോഷം!! യോദ്ധേലെ ഡയലോഗ് എനിക്കിട്ടല്ലല്ലോ ല്ലേ? :-)

സു, നന്ദി! :-)

വക്കാരി, ആ വേദന മുഴുവന്‍ പകരാന്‍ പറ്റില്ലല്ലോ? നന്ദി! :-) ടെമ്പ്ലേറ്റ് ശരിയാക്കിയത് ഞാനാണെന്നാരാ പറഞ്ഞേ?

ഉമേഷ്ജീ, വായിച്ചതിന്റെ അഭിപ്രായം? ഇവടെ എഴുതാന്‍ കൊള്ളാത്തതാണെങ്കി ഫോണില്‍ വിളിക്കാം... ;-)

ബിന്ദു, ഇത്തിരി കൂടുതല്‍ എടുത്തു.. ഈ വളയമിട്ട് ചാടി ചാടി വളയമില്ലാണ്ടാവുമ്പൊ ഉള്ള ഒരു സ്ഥലജല വിഭ്രാന്ത്യേ..

ആദിയേ, അസാരം ണ്ട് ന്നു കൂട്ടിക്കോളൂ.. :-) അപ്പൊ മാഷല്ലേ പറഞ്ഞത് പറയാറായി, ഒന്നു വേണംന്നൊക്കെ? എല്ലാം കഴിഞ്ഞപ്പൊ എന്റെ തലക്കിട്ടോ ആ ഗോമ്പ്ലിക്കേഷന്‍? ഉം ഉം ശരി ശരി.. നടക്കട്ടെ.. ഞാനൊന്നും പറയണില്ലേ.. ;-)

സ്നേഹിതാ, നന്ദി! :-)

കുറുമാന്‍ മാഷേ, ഞാനങ്ങനെ വല്യ കടിച്ചാല്‍ പൊട്ടാത്തതൊന്നും പിടിക്കാറില്യാ ലോ? (അല്ല, എനിക്കും കടിച്ചാല്‍ പൊട്ടില്ല, അതോണ്ടാ‌;-)) ഇഷ്ടായീന്ന് അറിഞ്ഞതില്‍ സന്തോഷം! :-)

അനില്‍ജീ, നന്ദി! ആ ചോദ്യത്തിനു മറുപടി ആദി പറയും.. ആദിയേ...!!

ഗന്ധര്‍വ ഗുരോ (ശൈലി കണ്ടിട്ട് അങ്ങാണെന്ന് തോന്നി, അല്ലെങ്കില്‍ സദയം ക്ഷമിക്കുക), ഈ തിരക്കിനിടയിലും വന്നു കമന്റിയ അങ്ങേക്ക് വളരെ നന്ദി! “ആരു നീയനുജത്തി....“ :-)

പെരിങ്സെ, നന്ദി.

Unknown said...

ശനിയാ,

നന്നായിട്ടുണ്ട്..
എഴുതുമ്പോള്‍ പാട്ട് മനസ്സില്‍ കണ്ട്, പാട്ടെഴുത്തില്‍ മാത്രം ഒതുങ്ങിപ്പോകരുത് എന്ന് ചെറിയ ഒരപേക്ഷ..

ശനിയന്‍ \OvO/ Shaniyan said...

മൊഴി മാഷേ, എഴുതുമ്പോള്‍ തന്തു മാത്രം മനസ്സില്‍ കാണാന്‍ ശ്രമിക്കാറുണ്ട്.. ഒന്നൂടെ വിശദീകരിച്ചു തരാമോ? മനസിലായില്ല, അതോണ്ടാ :(

അഭയാര്‍ത്ഥി said...

പ്രണയദുരന്തം അനിവാര്യമാകുന്നു.
അതിജീവിക്കുന്ന പ്രണയങ്ങള്‍ അതിവിരളം.

നന്മകള്‍ ചൊല്ലി, മന്‍സ്സില്‍ വിങ്ങലുകള്‍ അവശേഷിപ്പിച്ചു കടന്നു പോകുന്നു ഓരോ പ്രണയവും. സാഫല്യ്മില്ലാത്ത ഒരനുഭൂതി മാത്രമാണു പ്രണയം.

ശെനിയന്‍ വീടപറയുമ്പോള്‍ നമ്മളില്‍ വിരഹസ്മ്രുതിയുണരുന്നു.

കവിതകള്‍ വിരളമായ ഭൂലോഗത്തിലെ ഏക ഉദ്യാനപാല്‍കന്‍ ശനിയന്‍.