Monday, January 29, 2007

ഓര്‍മ്മകള്‍......

ഇന്നു ഞാന്‍ കണ്ടുവെന്നോര്‍മ്മകള്‍ തന്നി-
ലെന്നാത്മാവിന്‍ ലഹരിയാം ഓര്‍മ്മകളെ,
ഓര്‍മ്മകളെങ്ങെന്നു പരതിടും ഓര്‍മ്മകള്‍,
പ്രാണനില്‍ സൂക്ഷിച്ചൊരോര്‍മ്മകളേ..

ചിരിയുമിന്നോര്‍മ്മയായ്‌ മാറുന്നുവോ
പ്രിയ മാനവഹൃത്തിലെ സാഗരത്തില്‍?
അലകടല്‍ തോല്‍ക്കുന്നൊരാരവം സൃഷ്ടിച്ച
സിരകളില്‍ ചുടുനിണം അന്യമായോ?

എവിടെന്റെയോര്‍മ്മകളെന്നാര്‍ത്ത മിഴികളെ
ചുടുനിരില്‍ കഴുകിയാ കൂട്ടിലേറ്റി,
സായാഹ്ന ദേവന്റെയരുണിമചിന്തിടും
മിഴികളാല്‍ നീയന്നു നോക്കി നിന്നോ?

എന്തുചൊന്നീടിലുമെന്നാര്‍ത്ത മാനസം
പ്രാണന്‍ വെടിഞ്ഞിങ്ങു പോന്നതല്ലേ?
ഓര്‍മ്മകളെന്നോടു ചോദിക്കയാണല്ലേ
ഓര്‍മ്മകളെന്തിന്നു വെറുമോര്‍മ്മയായി?

ഓര്‍മ്മയില്ലെന്തിന്നു ഞാന്‍ കാത്തു വെ-
ച്ചതീ ഓര്‍മ്മകള്‍ തന്നുടെ ചെപ്പു കുടം,
ചെമ്പട്ടില്‍ വായ്‌കെട്ടിമൂടിയാ കുടമിന്നു
കുഴിതീര്‍ത്തു മൂടിയാ മാഞ്ചുവട്ടില്‍..

ഓര്‍മ്മകളോര്‍മ്മയായ്‌ മാറി, യെന്നാത്മാ-
വിന്നാരവം നിശ്ശബ്‌ദമായിടുന്നോ?
എന്നിട്ടുമോര്‍മ്മകള്‍ ബാക്കിയായെന്നിന്നു-
മോര്‍മ്മകള്‍ ചൊല്ലിടുന്നെന്റെ കാതില്‍

ഓര്‍മ്മകള്‍ക്കന്തമില്ലെങ്കിലും ഞാനി-
ന്നെന്നോര്‍മ്മകള്‍ തേടിടുന്നോര്‍മ്മകളില്‍..
ഒരുരവം മാത്രമെന്‍ സിരകളില്‍ പടരുന്നു,
ഓര്‍മ്മകള്‍ തേടുമെന്നോര്‍മ്മകളായ്‌..

എങ്കിലും...
ഓര്‍മ്മകള്‍ ഓര്‍മ്മകളായിയെന്നോ?......

10 comments:

സാരംഗി said...

ശനിയാ..കവിത ഇഷ്ടമായി. നല്ല വരികള്‍..

"ഓര്‍മ്മയില്ലെന്തിന്നു ഞാന്‍ കാത്തു വെ-
ച്ചതീ ഓര്‍മ്മകള്‍ തന്നുടെ ചെപ്പു കുടം,
ചെമ്പട്ടില്‍ വായ്‌കെട്ടിമൂടിയാ കുടമിന്നു
കുഴിതീര്‍ത്തു മൂടിയാ മാഞ്ചുവട്ടില്‍"..

ഇവ കൂടുതല്‍ ഇഷ്ടമായി..

G.MANU said...

Kollam..

വേണു venu said...

മാഷേ...മനോഹരം.
നെഞ്ചിനകത്തൊരു വിങ്ങലായൊഴുകുന്ന പുഴയതിലൊന്നു‍ മുങ്ങിക്കുളിക്കാതെ, നനയാതെ കയറുവതെങ്ങനെ ..അതേ പോലെ ഈ കവിതയില്‍ ഞാനൊന്നു മുങ്ങി. സുന്ദരമായ വരികളില്‍ ഒന്നു കൂടി മുങ്ങി നിവരട്ടെ.
ഓര്‍മ്മകളോര്‍മ്മയായ്‌ മാറി, യെന്നാത്മാ-
വിന്നാരവം നിശ്ശബ്‌ദമായിടുന്നോ?
എന്നിട്ടുമോര്‍മ്മകള്‍ ബാക്കിയായെന്നിന്നു-
മോര്‍മ്മകള്‍ ചൊല്ലിടുന്നെന്റെ കാതില്‍
അനുമോദനങ്ങള്‍.

mumsy-മുംസി said...

കൊള്ളാം...ഇനിയും പോരട്ടെ കൂടുതല്‍ കവിതകള്‍..

G.MANU said...

kavitha nannayi

Unknown said...

‘ചിരിയുമിന്നോര്‍മ്മയായ്‌ മാറുന്നുവോ
പ്രിയ മാനവഹൃത്തിലെ സാഗരത്തില്‍?‘

എത്ര അര്‍ത്ഥപൂര്‍ണ്ണമായ ചോദ്യം.ഇതെന്റെ ഉള്ളിലും പലപ്പോഴും അലയടിച്ചുയര്‍ന്നുവരാറുള്ള ഒന്നാണ്.
വളരെ നന്നായിട്ടുണ്ട്.

സു | Su said...

കുറേ നാള്‍ കഴിഞ്ഞ് വന്ന ഓര്‍മ്മകള്‍ നന്നായി.

ചിലയോര്‍മ്മകള്‍ പൂവിട്ടാല്‍,
ഹൃദയം തളിര്‍ക്കുന്നു.
ചിലയോര്‍മ്മകള്‍,
ഹൃത്തിനെ ചുട്ടുപൊള്ളിക്കുന്നു.

ബിന്ദു said...

ഓര്‍മ്മകളെ മാഞ്ചുവട്ടില്‍ കൊണ്ടു കുഴിച്ചുമൂടിയാല്‍ അതവിടെ തളിര്‍ക്കും, പൂക്കും, കായ്ക്കും...:)

Anonymous said...

ഓര്‍മ്മകള്‍ ഒരിക്കലും ഓര്‍മ്മകള്‍ മാത്രമാവാതിരിക്കട്ടെ..


Nousher

ശനിയന്‍ \OvO/ Shaniyan said...

സാരംഗി, സന്തോഷം, നന്ദി :) (v4m പറഞ്ഞിരുന്നു, ഇങ്ങനെ ഒരാളെപ്പറ്റി :) )

മനു, കണ്ടതില്‍ സന്തോഷം. നന്ദി :)

വേണുമാഷേ, ഓര്‍മ്മകളില്‍ മുങ്ങുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ.. നന്ദി!

മംസി (എന്റമ്മെ!) നന്ദി!

പൊതുവാള്‍ജീ, ഇത്തരം ഒരുകെട്ടു ചോദ്യങ്ങള്‍ കിടക്കുന്നു.. കണ്ടതില്‍ സന്തോഷം, നന്ദി :)

സു, ഓര്‍മ്മകളില്‍ മുങ്ങിത്തപ്പിയാല്‍ മുത്തും പവിഴവും ചേറും കിട്ടും.. :) നന്ദി!

ബിന്ദു, മുളച്ചിരുന്നെങ്കില്‍.. :) നന്ദി!

നൌഷര്‍, ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രമാവതിരുന്നാല്‍ പിന്നെങ്ങനെ അതിനെ ഓര്‍മ്മകള്‍ എന്നു വിളിക്കും? :) നന്ദി